തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 430 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 480 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
ഒരുവര്‍ഷത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ടു തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത്.
അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രബേഷന്‍ പൂര്‍ത്തിയാക്കിയ 53 ഡോക്ടര്‍മാരും പ്രൊബേഷനര്‍മാരായ 377 ഡോക്ടര്‍മാരും ഉള്‍പ്പെടെ 430 ഡോക്ടര്‍മാരേയാണ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്.
ഇതിന് പുറമേ അനധികൃതാവധിയിലായ 6 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്പെക്ടര്‍, 20 സ്റ്റാഫ് നഴ്സുമാര്‍, 1 നഴ്സിംഗ് അസിസ്റ്റന്റ്, 3 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്നീഷ്യന്‍മാര്‍, 3 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 2 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍മാര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 50 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.
തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംസ്ഥാനത്ത് അനേകം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്.
പ്രകൃതിദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണം എന്നീ മേഖലകളില്‍ കൂടുതല്‍ മികവുറ്റ ആരോഗ്യ സേവനദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമിതരായ ഇത്രയേറെ ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്.
ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.