വ്യാപക പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

വ്യാപക പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി . ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിയമം. നേരത്തെ കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ നിയമപ്രകാരം പ്രകാരം ഇത് ആറു വര്‍ഷമായി ചുരുങ്ങി.

ലോക്‌സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡിസംബര്‍ 13നാണ് ഒപ്പുവെച്ചത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

നിയമത്തെ ചോദ്യം ചെയ്തുള്ള 59 ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കും.

ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം.പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വിവിധ ഹൈക്കോടതികളില്‍ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here