നിയമലംഘനങ്ങള്‍ നിലംപൊത്തി; ഹോളി ഫെയ്ത്തും ആല്‍ഫാ സെറിനും വീണു; സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടില്ല; കുണ്ടന്നൂര്‍-തേവര പാലം സുരക്ഷിതം; ഗതാഗതം പുനരാരംഭിച്ചു

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്2ഒ ഫ്ളാറ്റും ആല്‍ഫാ സെറിന്‍ ഫ്‌ളാറ്റും നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു.

നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫോളിഫെയ്ത്ത് എച്2ഒ ഫ്ളാറ്റ്, 11.17ന് മൂന്നാം സൈറണ്‍ മുഴങ്ങിയതോടെയാണ് നിയന്ത്രിത സ്ഫോടനത്തില്‍ തകര്‍ത്തത്. 19 നിലകളായിരുന്നു ഹോളി ഫെയ്ത്തില്‍ ഉണ്ടായിരുന്നത്.

ആദ്യ സൈറണ് ശേഷം 16 മിനുട്ട് വൈകിയാണ് രണ്ടാം സൈറണ്‍ മുഴങ്ങിയത്. 10.55ന് രണ്ടാം സൈറണും മുഴങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും മുഴങ്ങിയില്ല. ഇതോടെ 11 മണിക്ക് നടത്താന്‍ നിശ്ചയിച്ച സ്ഫോടനം വൈകി. നേവിയുടെ ഹെലികോപ്റ്റര്‍ ഈ മേഖലയ്ക്ക് മുകളിലൂടെ പോയതിനാലാണ് രണ്ടാം സൈറണ്‍ മുഴങ്ങാതിരുന്നത്.

ഹോളി ഫെയ്ത്ത് തകര്‍ത്തതിന് പിന്നാലെ 25 മിനിറ്റിന്റെ ഇടവേളയിലാണ് ആല്‍ഫാ സെറിന്റെ ഇരട്ട കെട്ടിടവും സ്ഫോടനത്തിലൂടെ തകര്‍ത്തത്. ആദ്യം, ഇരട്ട നിര്‍മാണത്തിലെ ചെറിയ ഫ്ളാറ്റും പിന്നീട് വലിയ ഫ്ളാറ്റുമാണ് തകര്‍ന്നുവീണത്. 11.42നാണ് ആല്‍ഫാ സെറിന്‍ തകര്‍ത്തത്.

ഇതോടെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനായുള്ള ഇന്നത്തെ സ്ഫോടനങ്ങള്‍ അവസാനിച്ചു.

നെട്ടൂരിലെ 15 നിലകളുള്ള ജെയിന്‍ കോറല്‍കോവ്, കണ്ണാടിക്കാട്ടെ 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ നാളെ തകര്‍ക്കും.

സമീപത്തെ കെട്ടിടങ്ങളും കുണ്ടന്നൂര്‍-തേവര പാലവും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. കോണ്‍ക്രീറ്റ് പാളികളൊന്നും നിശ്ചിത ദൂരത്തിന് പുറത്തേക്ക് പോയില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനം വിജയകരമാണെന്ന് സ്ഫോടനത്തിന് നേതൃത്വം നല്‍കിയ കമ്പനി അറിയിച്ചു.

അതേസമയം, നഗരത്തിലെ ഗതാഗതം പുനരാരംഭിച്ചെങ്കിലും നിരോധനാജ്ഞ വൈകീട്ട് നാലുവരെ തുടരും.

കൃത്യമായ ആസൂത്രണത്തോടെ പ്രാഥമിക നിരീക്ഷണത്തില്‍ യാതൊരു പ്രശ്നവുമില്ലാത്ത വിധത്തിലാണ് രണ്ടു ഫ്‌ളാറ്റുകളുടെയും തകര്‍ക്കല്‍ നടന്നത്.

വലിയ തോതില്‍ പൊടിപടലം പ്രദേശത്ത് പടര്‍ന്നെങ്കിലും ജനങ്ങള്‍ക്ക് ഭീഷണി ഇല്ലാത്ത വിധത്തിലാണ് അധികൃതര്‍ സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ ഉത്തരവ് നടപ്പാക്കിയത്.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയുമെല്ലാം ഭാഗമായി ലോകമാകെ നേരിടുന്ന പ്രശ്‌നങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയ സുപ്രീംകോടതി വിധിയുണ്ടായത്. തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച പാര്‍പ്പിട സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാതെയുള്ള ഒരു പരിഹാരത്തിനും കോടതി തയ്യാറായില്ല.

2019 മെയ് എട്ടിലെ സുപ്രീംകോടതി വിധിക്കുശേഷം ഫ്ളാറ്റ് ഉടമകള്‍ ഉള്‍പ്പെടെ വിവിധ ഹര്‍ജിയുമായി സമീപിച്ചെങ്കിലും കോടതി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

കാലമെത്ര കഴിഞ്ഞാലും നിയമലംഘനങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനുള്ള ഉദാഹരണമായി മാറുകയാണ് മരടിലെ ഫ്‌ളാറ്റുകള്‍ക്കുമേലുണ്ടായ സുപ്രീംകോടതി ഉത്തരവ്.

രാജ്യത്ത് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നതിന്റെ ഓര്‍മപ്പെടുത്താല്‍ കൂടിയായി മാറുകയായിരുന്നു സുപ്രധാനമായ കോടതി വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News