മരടിന് പിന്നാലെ കാപ്പികോ; മുത്തൂറ്റ് കാപ്പികോ തകരുന്നത് ഒരു അതിഥിയെപോലും താമസിപ്പിക്കാതെ

തിരുവനന്തപുരം: അതീവ പരിസ്ഥിതി ലോല പ്രദേശം, യുനസ്‌കോയുടെ റാംസര്‍ കണ്‍വന്‍ഷന്‍ പ്രകാരമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള ചതുപ്പ് നിലം, ഈ വിശേഷണങ്ങളുള്ള ചേര്‍ത്തല നെടിയ തുരുത്തിലാണ് മുത്തൂറ്റ് കാപ്പികോ റിസോര്‍ട്ട് കെട്ടിപ്പൊക്കിയത്.

150 കോടി ചെലവില്‍ സെവന്‍ സ്റ്റാര്‍ റിസോര്‍ട്ട് പണിതുയര്‍ത്താന്‍ തീരദേശ പരിപാലന നിയമം മാത്രമല്ല, 1957ലെ ഭൂസംരക്ഷണ നിയമവും ലംഘിച്ച് ഹെക്ടറുകണക്കിന് സര്‍ക്കാര്‍ ഭൂമിയും കൈയേറി. പക്ഷേ മരടിലെ ഫ്‌ളാറ്റുകളുടെ അതേ വിധി ഏറ്റുവാങ്ങുകയാണ് കേരളത്തിലെ മുത്തൂറ്റ്, കുവൈത്തിലെ കാപ്പികോ ഗ്രൂപ്പുകളുടെ ഈ സംയുക്ത സംരംഭം.

ചേര്‍ത്തലയ്ക്കടുത്ത പാണാവള്ളിയില്‍ വേമ്പനാട്ടു കായലിലെ ആള്‍വാസം കുറഞ്ഞ നെടിയതുരുത്ത് ദ്വീപിനെ കാപ്പിക്കോ കണ്ണു വെക്കുന്നത് തൊണ്ണൂറുകളിലാണ്. വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ശരിക്കും ഒറ്റപ്പെട്ട തുരുത്ത്. ഇവിടേക്ക് എത്തിപ്പെടുക അത്ര എളുപ്പവുമല്ല. വൈദ്യുതിയില്ലാത്ത തുരുത്തില്‍ കുടിവെള്ളവും പ്രശ്‌നമായിരുന്നു. അതിനാല്‍ സ്ഥലം വാങ്ങാന്‍ റിസോര്‍ട്ട് സംഘം എത്തിയപ്പോള്‍ അവിടെയുള്ള ഏതാനും താമസക്കാര്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല.

കിട്ടാവുന്നതെല്ലാം വാങ്ങിക്കൂട്ടി. പോരാത്തത് കൈയേറി, കായല്‍ കരയാക്കി. അത്യാധുനിക സൗകര്യങ്ങളോടെ 50 റിസോര്‍ട്ട് ഇവിടെ പണിതുയര്‍ത്തി.

കാപ്പികോ ഭൂമി കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തുന്നത് 2012ലാണ്. 2.0939 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി റിസോര്‍ട്ട് കൈയേറിയെന്ന് സര്‍വേ ഡെപ്യുട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. കൈയേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെ 2013 ജൂലൈയില്‍ റിസോര്‍ട്ട് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ 2014ല്‍ സുപ്രീം കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി.

ഒടുവില്‍ സുപ്രീം കോടതിതന്നെ പൊളിക്കാനും അനുമതി നല്‍കി. കെട്ടിപ്പൊക്കിയ നക്ഷത്ര സൗധങ്ങള്‍ ഒന്നുപോലും തുറക്കാതെ, ഒരു അതിഥിയെപോലും താമസിപ്പിക്കാതെയാണ് മുത്തൂറ്റ് കാപ്പികോ എന്ന സ്വപ്നം തകരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News