മലയാളി തഖിയുദ്ദീന്റെ വിമാനകമ്പനി ഉടമയിലേക്കുളള വളര്‍ച്ച… കൊലപാതകം,പ്രതി അറസ്റ്റില്‍ ; ദുരൂഹതകള്‍ മായ്ക്കുമോ?

ഇടവയിലെ ഓടയമെന്ന ഗ്രാമത്തില്‍നിന്ന് രാജ്യത്തെ ആദ്യത്തെ സ്വകാര്യ എയര്‍ലൈന്‍സ് വ്യവസായിയായി വളര്‍ന്ന ചരിത്രമാണ് തഖിയുദ്ദീന്‍ വാഹിദിന്റേത്. ബിസിനസിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ 40–ാം വയസ്സില്‍ അദ്ദേഹം വെടിയേറ്റുവീണപ്പോള്‍ അവസാനിച്ചത് ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് എന്ന കമ്പനിയുടെ ചരിത്രം കൂടിയാണ്. 25 വര്‍ഷങ്ങള്‍ക്കിപ്പുറം കൊലപാതകി അറസ്റ്റിലാകുമ്പോള്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഉദിച്ചുയരുകയും അതേപോലെ അസ്തമിക്കുകയും ചെയ്ത എയര്‍ലൈന്‍സ് കമ്പനി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. കഠിനാധ്വാനവും കരുണയാര്‍ന്ന മനസ്സുമായാണ് തഖിയുദ്ദീന്‍ വാഹിദ് ബിസിനസ് സാമ്രാജ്യത്തിലേക്ക് നടന്നുകയറിയത്.സഹോദരങ്ങളുമായി ചേര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ജോലിയായിരുന്നു ആദ്യം.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് ആള്‍ക്കാരെ കയറ്റിയയച്ചു തുടങ്ങിയതോടെ മുംബൈ ആസ്ഥാനമാക്കി ട്രാവല്‍സ് ആരംഭിച്ചു. നാല് വര്‍ഷംകൊണ്ട് ഇന്ത്യയിലുടനീളം 18 ഏജന്‍സിയും തുടങ്ങി.1992-ലാണ് ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് എന്ന രാജ്യത്തെ ആദ്യ സ്വകാര്യ വിമാനക്കമ്പനി ആരംഭിച്ചത്. ആഭ്യന്തര സര്‍വീസുകളാണ് നടത്തിയത്. 1995 ആയതോടെ വിമാനങ്ങളുടെ എണ്ണം 11 ആയി ഉയര്‍ന്നു. കമ്പനി അഭിമാനകരമായ വളര്‍ച്ച കൈവരിച്ചതോടെ എതിര്‍പ്പുകളും തുടങ്ങി.തഖിയുദ്ദീന്റെ മരണത്തോടെ കമ്പനിയുടെ തകര്‍ച്ചയും തുടങ്ങി.

അടുത്തവര്‍ഷം സര്‍വീസുകള്‍ അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോഴും സഹോദരന്‍ നാസറുദീന്‍ ചെയര്‍മാനും മറ്റ് സഹോദരങ്ങളായ താഹക്കുട്ടി, ഫൈസല്‍, സഹോദരീ ഭര്‍ത്താവ് പീര്‍ മുഹമ്മദ് എന്നിവര്‍ ഡയറക്ടര്‍മാരുമായി കമ്പനിയുണ്ട്. ഓടയത്തെ കുടുംബവീടായ കോട്ടുവിളാകം വീട്ടില്‍ ജ്യേഷ്ഠസഹോദരന്‍ നാസറുദീന്‍ വാഹിദും തൊട്ടടുത്ത വീട്ടില്‍ സഹോദരി ഐഷാബീവിയും കുടുംബവുമാണ് താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News