ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നിന്നും ഉക്രൈനിലേക്കുള്ള യാത്രക്കിടയില്‍ ഉക്രൈന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 യാത്രവിമാനം തകര്‍ന്നു വീണ സംഭവം അപകടമല്ലെന്ന് വെളിപ്പെടുത്തല്‍. യാത്രവിമാനം തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്ന് ഇറാന്‍ സമ്മതിച്ചു. അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചു നിന്ന സമയമായതിനാല്‍ ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ വിമാനത്തെ ആക്രമിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് ഇറാന്‍ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നത്.
യാത്രക്കാരും വിമാനജീവനക്കാരുമടക്കം 176- പേരുടെ മരണത്തിന് കാരണമായ വിമാനാപകടം സാങ്കേതിക തകരാര്‍ മൂലമാണെന്നായിരുന്നു ഇറാന്‍ ആദ്യം വിശദീകരിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇറാന്‍ യാത്രവിമാനത്തെ ആക്രമിച്ചോ എന്ന് സംശയിക്കുന്നതായും അമേരിക്കയും കാനഡയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ഇറാന്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെയോടെയാണ് വിമാനപകടം അബദ്ധത്തില്‍ ഉണ്ടായതാണെന്ന കുറ്റസമ്മതം ഇറാന്‍ നടത്തിയത്. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഇറാന്‍ സൈന്യമാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ തങ്ങളുടെ കൈയ്യബദ്ധത്തിന് മാപ്പ് ചോദിച്ചു കൊണ്ട് ഇറാന്‍ വിദേശകാര്യമന്ത്രിയും ട്വിറ്ററിലൂടെ രംഗത്ത് എത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here