ജെഎൻയു; വിസിയെ പുറത്താക്കും വരെ സമരം തുടരുമെന്ന വിദ്യാർഥി യൂണിയൻ; തിങ്കളാഴ്‌ച പ്രതിഷേധ മാർച്ച്‌

ജെഎൻയു വിസി എം ജഗദേശ്‌കുമാറിനെ പുറത്താക്കുന്നത്‌ വരെ സമരത്തിൽ നിന്നും പിൻമാറുന്ന പ്രശ്‌നമില്ലെന്ന്‌ വിദ്യാർഥിയൂണിയൻ. ഫീസ്‌ വർദ്ധനവിന്‌ എതിരെയും വിസിക്ക്‌ എതിരെയും ശക്തമായ സമരം തുടരും. വിദ്യാർഥികൾക്ക്‌ എതിരായ ക്രൂരമായ ആക്രമണത്തെ നിർലജ്ജം ന്യായീകരിക്കുകയാണ്‌ വിസി ചെയ്യുന്നത്‌.

ഇടതുപക്ഷ വിദ്യാർഥി പ്രവർത്തകർക്ക്‌ എതിരെ കള്ളക്കേസ്‌ എടുത്ത പൊലീസ്‌ അക്രമം അഴിച്ചുവിട്ട എബിവിപി പ്രവർത്തകരുടെ പേര്‌ പോലും പറയാൻ ഭയപ്പെടുകയാണെന്നും ജെഎൻയു യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ഫീസ്‌ വർധനവ്‌ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തത്‌ വിദ്യാർഥി യൂണിയൻ പ്രതിനിധികൾ പങ്കെടുക്കാത്ത യോഗത്തിലാണ്‌. ഇത്‌ ഗുരുതരമായ ചട്ടലംഘനമാണ്‌. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.

വിദ്യാർഥികളെ അക്രമകാരികളായി ചിത്രീകരിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കുമെന്നും ജെഎൻയു യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജെഎൻയു അക്രമത്തിൽ ഡൽഹി പൊലീസ്‌ നടത്തിയ അന്വേഷണം വെറും തട്ടിപ്പ്‌ മാത്രമാണ്‌. അഞ്ചാംതിയതി വിദ്യാർഥികൾക്ക്‌ എതിരെ അക്രമം നടക്കുമെന്ന സൂചനകൾ കിട്ടിയതിനെ തുടർന്ന്‌ പൊലീസിനെ പലവട്ടം ബന്ധപ്പെട്ടിട്ടും പ്രതികരിച്ചില്ല. ഡിസംബർ ഒന്ന്‌ മുതൽ ക്യാമ്പസിൽ മഫ്‌ടിയിൽ പൊലീസുണ്ട്‌.

അക്രമം ഉണ്ടാകുമെന്ന് സൂചനകൾ ഉണ്ടായിട്ടും അവരും ഇടപെട്ടില്ല. സെക്യൂരിറ്റി ജീവനക്കാർ പോലും ആ സമയത്ത്‌ ക്യാമ്പസിൽ ഉണ്ടായിരുന്നില്ല. പ്രധാന ഗെയിറ്റുകളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ അധികൃതർ തയാറായിട്ടില്ല. എബിവിപി പ്രവർത്തകരും മുൻ വിദ്യാർഥികളും ചേർന്ന്‌ വിവേക്‌പാണ്ഡെ എന്ന ആക്ടിവിസിറ്റിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രസാർഭാരതി ട്വീറ്റ്‌ ചെയ്തിട്ടുണ്ട്‌.

വിദ്യാർഥികളെ എബിവിപിക്കാരും ആർഎസ്‌എസുകാരും ക്രൂരമായി മർദ്ദിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. എന്നാൽ, ഇതൊന്നും തെളിവായി പരിഗണിക്കാൻ പൊലീസ്‌ തയ്യാറായിട്ടില്ല.

വിദ്യാർഥി സംഘടനകളും യൂണിയനും രജിസ്‌ട്രേഷൻ നടപടികൾ തടയാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്‌. രജിസ്‌ട്രേഷൻ നടപടികൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും യൂണിയൻ നേതാക്കൾ ചൂണ്ടിക്കാണിച്ചു.

അക്രമത്തിൽ പങ്കെടുത്ത 20 ഓളം എബിവിപിപ്രവർത്തകരുടെ പേരുകളും നേതാക്കൾ പുറത്തുവിട്ടു. വാർത്താസമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ്‌ ഐഷിഘോഷ്‌, വൈസ്‌പ്രസിഡന്റ്‌ സാകേത്‌മൂൺ, ജനറൽസെക്രട്ടറി സതീഷ്‌ ചന്ദ്രയാദവ്‌ തുടങ്ങിയവരും പങ്കെടുത്തു. അതേസമയം, ജെഎൻയുവിലെ അക്രമസംഭവങ്ങളെ കുറിച്ച്‌ പഠിക്കാൻ അഞ്ചം സമിതി രൂപീകരിച്ചതായി സർവ്വകലാശാല അധികൃതർ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here