ഹോളിഫെയ്‌ത്തും ആൽഫ സെറീനും വീണു; ശേഷിക്കുന്നത് 2 ഫ്ലാറ്റുകൾ; അവശിഷ്‌ടങ്ങൾ നീക്കാൻ 70 ദിവസം

സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ നാലു ഫ്ലാറ്റുകളിൽ രണ്ടെണ്ണം നിയന്ത്രിത സ്‌ഫോടനത്തിലൂടെ വീഴ്‌ത്തി. നെട്ടൂർ കായലോരത്തെ 19 നിലകളുള്ള ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ, 16 നിലകൾ വീതമുള്ള ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റ്‌ എന്നിവയാണ്‌ മൂന്ന്‌ വ്യത്യസ്‌ത സ്‌ഫോടനങ്ങളിലൂടെ നിലംപൊത്തിയത്‌. സമീപത്തെ നിർമാണങ്ങൾക്ക്‌ ചെറിയ കേടുപാടുകൾ കണക്കാക്കിയിട്ടുണ്ടെങ്കിലും സ്‌ഫോടനം സുരക്ഷിതവും വിജയകരവുമായിരുന്നെന്ന്‌ അധികൃതർ പ്രതികരിച്ചു. ശേഷിക്കുന്ന 16 നിലകളുള്ള കണ്ണാടിക്കാട്ടെ ഗോൾഡൻ കായലോരം, നെട്ടൂരിലെ ജെയിൻ കോറൽ കോവ്‌ എന്നീ രണ്ടു ഫ്ലാറ്റുകൾ ഞായറാഴ്‌ച വീഴ്‌ത്തും.

സ്‌ഫോടനത്തിനുള്ള തയ്യാറെടുപ്പുകളും സുരക്ഷാ ക്രമീകരണങ്ങളും കണിശതയോടെ പൂർത്തിയാക്കിയിരുന്നെങ്കിലും രാജ്യത്തെ ആദ്യ സംഭവമെന്ന നിലയിൽ അവസാനനിമിഷംവരെ ഉൽക്കണ്‌ഠ നിലനിന്നു. ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒയിലായിരുന്നു ആദ്യ സ്‌ഫോടനം. സ്‌ഫോടനത്തിനുമുന്നോടിയായുള്ള ആദ്യ സൈറൺ 10.30ന്‌ തന്നെ മുഴങ്ങി. 10.55 ന്‌ രണ്ടാമത്തെയും 10.59 ന്‌ മൂന്നാത്തെയും സൈറൺ മുഴങ്ങേണ്ടതാണൈങ്കിലും വൈകി. ഹെലികോപ്‌റ്റർ ആകാശനിരീക്ഷണം പൂർത്തിയാകാനുള്ള താമസമാണ്‌ വൈകിച്ചത്‌.

11.09 ന്‌ രണ്ടാം സൈറൺ. 11.16ന്‌ മൂന്നാം സൈറൺ മുഴങ്ങിയതിന്‌ പിന്നാലെ ബ്ലാസ്‌റ്റ്‌ ഷെഡിൽനിന്ന്‌ ആദ്യ സ്‌ഫോടത്തിനുള്ള സ്വിച്ചമർന്നു. സെക്കണ്ടുകളുടെ ഇടവേളയിൽ എച്ച്‌2ഒയുടെ പതിനഞ്ചാം നിലയിലെ ഡിറ്റണേറ്ററുകൾ പൊട്ടിത്തുടങ്ങി. താഴെ നിലകളിലേക്ക്‌ പൊട്ടിത്തെറി പടരുമ്പോൾ വശങ്ങളിലൂടെ പൊടി പാറിച്ച്‌ മുകൾ നിലകൾ താഴേക്ക്‌ ഇരുന്നുതുടങ്ങിയിരുന്നു. ഒരുവശം ചരിഞ്ഞ്‌ ഫ്ലാറ്റ്‌ നിലംപൊത്തുമ്പോൾ പൊടിപടലം ആകാശത്തോളമുയർന്നു. ദക്ഷിണാഫ്രിക്കയിലെ ജെറ്റ്‌ ഡിമോളിഷുമായി ചേർന്ന്‌ മുംബൈ ആസ്ഥാനമായ എഡിഫസ്‌ എൻജിനിയേഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു എച്ച്‌2ഒയിലെ സ്‌ഫോടനം.

ആൽഫാ സെറീൻ ഇരട്ട ഫ്ലാറ്റിലെ സ്‌ഫോടനങ്ങൾക്കുള്ള സൈറൺ 11.40ന്‌ മുഴങ്ങി. കായലിനോട്‌ ചേർന്നുള്ള ഉയരംകൂടിയ ടവറിലാണ്‌ ആദ്യ സ്‌ഫോടനം. കെട്ടിടഭാഗങ്ങൾ കായലിലേക്ക്‌ ചരിഞ്ഞ്‌ വീണു. പൊടിപടലം പ്രദേശത്തെ കാഴ്‌ച മറച്ചുതുടങ്ങിയപ്പോൾ ഏതാനും മീറ്ററുകൾ അകലെയുള്ള രണ്ടാം ടവറിൽ വെടി മുഴങ്ങി. അൽപ്പം ചരിഞ്ഞ്‌ രണ്ടാം ടവർ കീഴോട്ട്‌ അമർന്നു.

സമീപത്തെ വീടുകൾ സുരക്ഷിതമാക്കാനാണ്‌ ഇരട്ട ടവറുകളിലൊന്ന്‌ കായലിലേക്ക്‌ വീഴ്‌ത്തിയതെന്ന്‌ കലക്‌ടർ എസ്‌ സുഹാസ്‌ പറഞ്ഞു. ചെന്നൈയിലെ വിജയ്‌ സ്‌റ്റീൽസിനായിരുന്നു രണ്ടാം സ്‌ഫോടനത്തിന്റെ ചുമതല. പൊടിപടലം ഏറെ സമയം പ്രദേശത്ത്‌ തങ്ങിനിന്നു. കുണ്ടന്നൂർ ഭാഗത്തെ റോഡുകൾ പൊടിയിൽ മൂടി. കായലിലും കോൺക്രീറ്റ്‌ മാലിന്യം ഒഴുകി. റോഡുകൾ അഗ്നിശമനസേന വെള്ളം പമ്പ്‌ ചെയ്‌ത്‌ വൃത്തിയാക്കി. രണ്ടു ഫ്ലാറ്റുകളുടെതുമായി 42,850 ടൺ മാലിന്യം പ്രദേശത്ത്‌ കൂമ്പാരമായിട്ടുണ്ട്‌.

പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്‌ടങ്ങൾ മുഴുവൻ നീക്കം ചെയ്യാൻ 70 ദിവസം വേണമെന്ന്‌ കരാർ ഏറ്റെടുത്ത കമ്പനി. 35.16 ലക്ഷത്തിനാണ്‌ മൂവാറ്റുപുഴയിലെ പ്രോംപ്‌റ്റ്‌ എന്റർപ്രൈസസ്‌ കരാർ എടുത്തത്‌.

അവശിഷ്‌ടങ്ങൾ നീക്കി അവ പുനരുപയോഗിക്കാൻ വിശദമായ പദ്ധതിയാണ്‌ തയ്യാറാക്കിയത്‌. 70 ദിവസത്തിനുള്ളിൽ നീക്കണമെന്ന കരാറിലെ വ്യവസ്ഥ കൃത്യമായി പാലിക്കാനാകുമെന്ന്‌ പ്രോംപ്‌ന്റ്‌ എന്റർപ്രൈസസ്‌ പ്രൊപ്രൈറ്റർ അച്യുത്‌ ജോസഫ്‌ ദേശാഭിമാനിയോട്‌ പറഞ്ഞു. 45 ദിവസം, സ്‌ഫോടനം നടത്തുന്ന കമ്പനികളുടെ അധീനതയിലായിരിക്കും അവശിഷ്‌ടങ്ങൾ. ബാക്കി 25 ദിവസമാണ്‌ പ്രോംപ്‌ന്റ്‌ എന്റർപ്രൈസസിന്‌ ലഭിക്കുക.

നാല്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങളിൽനിന്ന്‌ ദിവസം 500 ടോറസുകളിൽ ലോഡ്‌ നീക്കാനുള്ള സംവിധാനം കമ്പനിക്കുണ്ട്‌. ഒരു ഫ്ലാറ്റിന്റെ പരിസരത്തുനിന്ന്‌ ദിവസം 150 ലോഡുവീതം അവശിഷ്‌ടങ്ങൾ മാറ്റാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതിന്‌ 20 ദിവസം മതിയാകും. അവശിഷ്‌ടങ്ങൾ തരംതിരിച്ച്‌ പൊടിച്ച്‌ പുനരുപയോഗിക്കും.

കമ്പനിക്ക്‌ സംസ്ഥാനത്ത്‌ നാല്‌ യാർഡുകളുണ്ട്‌. ഇതിൽ ഒന്നിലായിരിക്കും പൊടിക്കുക. കോൺക്രീറ്റ്‌ അവശിഷ്ടം പൊടിക്കാനും കമ്പികൾ വേർതിരിക്കാനും ‘റബിൾ മാസ്‌റ്റർ ആർഎം 80’ എന്ന കൂറ്റൻ യന്ത്രം ആസ്‌ട്രിയയിൽനിന്ന്‌ ഇറക്കുമതി ചെയ്‌തിട്ടുണ്ട്‌. കമ്പി മുറിച്ചുമാറ്റാനും കോൺക്രീറ്റ്‌ വേർതിരിക്കാനും ഈ യന്ത്രത്തിനാകും.

ഇപ്പോൾ ചെന്നൈയിലുള്ള യന്ത്രം അടുത്തദിവസംതന്നെ കേരളത്തിലെത്തും. 4.5 കോടി രൂപയാണ്‌ ഇതിന്റെ വില. ഒരുമണിക്കൂറിനുള്ളിൽ 150 ടൺ പൊടിച്ചുമാറ്റാൻ റബിൾ മാസ്‌റ്റർക്കാകും.

പ്രകമ്പനം വ്യാപിച്ചത്‌ 400 മീറ്റർ
മരടിൽ ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടായ പ്രകമ്പനം വ്യാപിച്ചത്‌ 400 മീറ്ററോളമെന്ന്‌ ചെന്നൈ ഐഐടി സംഘം തലവൻ പ്രൊഫ. എ ഭൂമിനാഥൻ. സമീപത്തെ ജലാശയങ്ങൾക്ക്‌ കുറുകെയും പ്രകമ്പനമുണ്ടായി. സമീപത്തെ കെട്ടിടങ്ങൾക്ക്‌ സ്‌ഫോടനം സൃഷ്‌ടിച്ച ആഘാതം കൂടുതൽ വിശകലനങ്ങൾക്കുശേഷമേ വിലയിരുത്താനാവൂവെന്നും അദ്ദേഹം പറഞ്ഞു. ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ തകർന്നപ്പോഴുണ്ടായ പ്രകമ്പനത്തേക്കാൾ കൂടുതലായിരുന്നു ആൽഫ സെറീൻ ഇരട്ട സമുച്ചയങ്ങളുടേത്‌.

മൂന്നാമത്തെ സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ ചെന്നൈ ഐഐടി മണ്ണിനടിയിൽ സ്ഥാപിച്ച 200 മീറ്ററുള്ള കേബിൾ മൂന്ന്‌ കഷ്‌ണമായി. പ്രകമ്പനത്തിന്റെ തോത്‌ അറിയാൻ സഹായിക്കുന്ന ആക്സിലറോ മീറ്ററിന്റെ കേബിളാണ്‌ നശിച്ചത്‌. എങ്കിലും പ്രകമ്പനം കൃത്യമായി രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

എ ഭൂമിനാഥന്റെ നേതൃത്വത്തിൽ ആറംഗ സംഘമാണ്‌ എത്തിയത്‌. പ്രകമ്പനത്തിന്റെ തോത്‌, എത്ര ദൂരത്തേക്ക് പ്രകമ്പനം എത്തും എന്നീ കാര്യങ്ങളാണ് പ്രധാനമായും സംഘം പരിശോധിക്കുക. ആക്സിലറോ മീറ്റർ, സ്ട്രെയിൻ ഗേജുകൾ, ജിയോഫോണുകൾ എന്നിവ ഉപയോഗിച്ചാണ് പ്രകമ്പനം അളന്നത്‌. ഈ ഉപകരണങ്ങളിൽനിന്നുള്ള വയറുകൾ ലാപ്ടോപ്പുകളിലേക്ക് കണക്ട്‌ ചെയ്താണ്‌ സംഘം സ്ഫോടനം നിരീക്ഷിച്ചത്‌. പ്രകമ്പനത്തിന്റെ തോത്‌ അറിയുന്നതിന്‌ 12 സ്ഥലങ്ങളിലാണ്‌ ആക്സിലറോ മീറ്ററുകൾ സ്ഥാപിച്ചത്‌. ആൽഫയുടെ സമീപം ആറും ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒവിന്‌ സമീപം ആറും ആക്സിലറോ മീറ്ററുകളും സ്ഥാപിച്ചു. 24 ജിയോഫോണുകളും സ്ഥാപിച്ചിരുന്നു.

ഞായറാഴ്‌ച ജെയ്‌ൻ കോറൽ കോവിലും ഗോൾഡൻ കായലോരത്തിലും നടക്കുന്ന സ്‌ഫോടനങ്ങൾക്കുശേഷം ലഭിക്കുന്ന പ്രകമ്പനങ്ങളുടെ തോത്‌ വിശകലനം ചെയ്‌ത ശേഷം കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു.

മരടിലെ ആദ്യദിവസ ദൗത്യം വിജയമായിരുന്നെന്ന്‌ കലക്ടർ എസ് സുഹാസ്. സ്‌ഫോടനത്തിന്റെ പ്രകമ്പനംപോലും സുരക്ഷിത അളവിനുള്ളിൽ മാത്രമായിരുന്നു. എച്ച്‌ടുഒ തകർന്നത്‌ മുൻകൂട്ടി നിശ്‌ചയിച്ച പ്രകാരമാണ്‌. ആൽഫയുടെ ആദ്യടവർ പരിസരത്തുതന്നെ നിലംപതിച്ചെങ്കിലും രണ്ടാമത്തെതിന്റെ അവശിഷ്ടങ്ങൾ കായലിലും പതിച്ചിട്ടുണ്ട്‌. സമീപത്തെ വീടുകൾക്ക്‌ കേടുപാട്‌ സംഭവിക്കാതിരിക്കാൻ മനപ്പൂർവമാണ്‌ ഇത്‌ ചെയ്‌തതെന്നും വിചാരിച്ചതിലും കുറച്ച്‌ നാശനഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News