നിയമലംഘനം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട ഫ്ളാറ്റുകളിലെ അവശേഷിക്കുന്ന രണ്ട് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം. കണ്ണാടിക്കാട്ടെ ഗോള്‍ഡന്‍ കായലോരം, നെട്ടൂരിലെ ജെയിന്‍ കോറല്‍ കോവ് എന്നീ രണ്ടു ഫ്ളാറ്റുകളാണ് ഞായറാഴ്ച പൊളിക്കുന്നത്.
ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളും ഒമ്പതുമണിക്ക് മുമ്പ് സ്ഥലത്തുനിന്ന് മാറണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനാല്‍ ഇവര്‍ സ്ഥലത്തുനിന്ന് മാറിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്തും.
ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴില്ലെന്ന് ജെറ്റ് ഡെമോളിഷന്‍ കമ്പനി സിഇഒ പറഞ്ഞു. സ്‌ഫോടനം നടത്തുന്ന കമ്പനിയുടെ വിദഗ്ധര്‍ ജെയിന്‍ കോറല്‍ കോവ് ഫ്‌ളാറ്റില്‍ പരിശോധന നടത്തുകയാണ്.11 മണിയോടെ മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ഇന്ന് ആദ്യം പൊളിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ജെയിന്‍ കോറല്‍കോവ് തകര്‍ക്കാനുള്ള സ്‌ഫോടനം നടക്കും.
തുടര്‍ന്ന് രണ്ടുമണിയോടെ ഗോള്‍ഡന്‍ കായലോരവും സ്‌ഫോടനത്തിലൂടെ തകര്‍ക്കും. വൈകിട്ട് നാലുവരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 51 മീറ്റര്‍ ഉയരമുള്ള ജെയിനില്‍ 16 നിലകളാണുള്ളത്. രാവിലെ 11നാണ് ഇവിടെ സ്ഫോടനം നിശ്ചയിച്ചിരിക്കുന്നത്. ഉപയോഗിക്കുന്നത് 372.8 കിലോ സ്ഫോടക വസ്തു. എട്ട് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തും.
ഗോള്‍ഡന്‍ കായലോരത്തിനും 51 മീറ്ററാണ് ഉയരം. 16 നിലകള്‍. ഉച്ചകഴിഞ്ഞു രണ്ടിനാണ് ഇവിടെ സ്ഫോടനം. 15 കിലോ സ്ഫോടക വസ്തുവാണ് തകര്‍ക്കാന്‍ ഉപയോഗിക്കുന്നത്. ആറ് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തും. രണ്ടു കെട്ടിടങ്ങളില്‍നിന്ന് ഏതാനും മീറ്റര്‍ മാത്രമാണ് കായലിലേക്ക് ദൂരം.
കെട്ടിടത്തിന്റെ അവശിഷ്ടം കായലിലേക്ക് വീഴാത്തവിധമായിരിക്കും കെട്ടിടം തകര്‍ക്കുകയെന്നു പൊളിക്കല്‍ കരാറേറ്റെടുത്തിരിക്കുന്ന എഡിഫസ് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
Get real time update about this post categories directly on your device, subscribe now.