കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയര്‍ത്തിയ ജെയിന്‍ കോറല്‍കോവ് ഫ്‌ളാറ്റും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു.
കൃത്യം 11.03നാണ് ജെയിന്‍ ഫ്ളാറ്റ് തകര്‍ത്തത്. 372.8 കിലോ സ്ഫോടകവസ്തുക്കളാണ് തകര്‍ക്കാന്‍ ഉപയോഗിച്ചത്. സാങ്കേതിക വിദഗ്ധര്‍ പറഞ്ഞപ്രകാരം അവശിഷ്ടങ്ങള്‍ ഒന്നും തന്നെ കായലില്‍ വീണില്ല. വളരെ കൃത്യതയോടെയുള്ള ആസൂത്രണമാണ് വിജയം കണ്ടിരിക്കുന്നത്. മരടില്‍ തകര്‍ത്ത ഫ്ളാറ്റുകളില്‍ ഏറ്റവും വലുതാണ് ജെയിന്‍ കോറല്‍കോവ്.
ഇനി രണ്ടുമണിയോടെ ഗോള്‍ഡന്‍ കായലോരവും സ്ഫോടനത്തിലൂടെ തകര്‍ക്കും. ഗോള്‍ഡന്‍ കായലോരത്തിനും 51 മീറ്ററാണ് ഉയരം. 16 നിലകള്‍. 15 കിലോ സ്‌ഫോടക വസ്തുവാണ് തകര്‍ക്കാന്‍ ഉപയോഗിക്കുന്നത്. ആറ് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തും. രണ്ടു കെട്ടിടങ്ങളില്‍നിന്ന് ഏതാനും മീറ്റര്‍ മാത്രമാണ് കായലിലേക്ക് ദൂരം.
ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപവാസികളെയും റോഡുകളിലെ കാഴ്ചക്കാരേയും മാറ്റിയിരുന്നു. വന്‍ ജനക്കൂട്ടമാണ് സ്‌ഫോടനം കാണാന്‍ കൊച്ചിയില്‍ തടിച്ചുകൂടിയത്.
ഇരുഫ്‌ളാറ്റുകളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത് എഡിഫസ് എഞ്ചിനീയറിംഗ് എന്ന കമ്പനിയാണ്. ഇവരാണ് ഇന്നലെ എച്ച്2ഒ ഫ്‌ളാറ്റും പൊളിച്ചത്.
ഗോള്‍ഡന്‍ കായലോരം കൂടി പൊളിക്കുന്നതോടെ തീരദേശ നിയന്ത്രണചട്ടം ലംഘിച്ചതായി കണ്ടെത്തി സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട നാല് ഫ്‌ളാറ്റും മരടില്‍ ഇല്ലാതാകും.
Get real time update about this post categories directly on your device, subscribe now.