മരടിലെ നിയമലംഘനങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി; ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി; കോടികളുടെ നിയമലംഘനം നീതിപീഠത്തിന്റെ ചരിത്രഇടപെടലിലൂടെ അവശിഷ്ടം മാത്രമായി #WatchVideo

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയര്‍ത്തിയ ഫ്‌ളാറ്റുകളായ ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു.

രാവിലെ കൃത്യം 11.03നാണ് ജെയിന്‍ ഫ്ളാറ്റ് തകര്‍ത്തത്. 372.8 കിലോ സ്ഫോടകവസ്തുക്കളാണ് തകര്‍ക്കാന്‍ ഉപയോഗിച്ചത്. സാങ്കേതിക വിദഗ്ധര്‍ പറഞ്ഞപ്രകാരം അവശിഷ്ടങ്ങള്‍ ഒന്നും തന്നെ കായലില്‍ വീണില്ല. വളരെ കൃത്യതയോടെയുള്ള ആസൂത്രണമാണ് വിജയം കണ്ടിരിക്കുന്നത്. മരടില്‍ തകര്‍ത്ത ഫ്ളാറ്റുകളില്‍ ഏറ്റവും വലുതാണ് ജെയിന്‍ കോറല്‍കോവ്.

കൃത്യം 2.29 നാണ് ഗോള്‍ഡന്‍ കായലോരം സ്ഫോടനത്തിലൂടെ തകര്‍ത്തത്. ഗോള്‍ഡന്‍ കായലോരത്തിന് 51 മീറ്ററാണ് ഉയരം. 16 നിലകള്‍. 15 കിലോ സ്‌ഫോടക വസ്തുവാണ് തകര്‍ക്കാന്‍ ഉപയോഗിച്ചത്. രണ്ടു കെട്ടിടങ്ങളില്‍നിന്ന് ഏതാനും മീറ്റര്‍ മാത്രമാണ് കായലിലേക്ക് ദൂരം.

ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപവാസികളെയും റോഡുകളിലെ കാഴ്ചക്കാരേയും മാറ്റിയിരുന്നു. വന്‍ ജനക്കൂട്ടമാണ് സ്‌ഫോടനം കാണാന്‍ കൊച്ചിയില്‍ തടിച്ചുകൂടിയത്.

ഇരുഫ്‌ളാറ്റുകളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത് എഡിഫസ് എഞ്ചിനീയറിംഗ് എന്ന കമ്പനിയാണ്. ഇവരാണ് ഇന്നലെ എച്ച്2ഒ ഫ്‌ളാറ്റും പൊളിച്ചത്.

ഇരു ഫ്‌ളാറ്റുകളും തകര്‍ത്തതോടെ തീരദേശ നിയന്ത്രണചട്ടം ലംഘിച്ചതായി കണ്ടെത്തി സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട നാല് ഫ്‌ളാറ്റും മരടില്‍ ഇല്ലാതായി.

നിയമലംഘനത്തിന്റെ സൗധങ്ങള്‍ തകര്‍ന്നു; രണ്ട് ദിവസമായി കേരളം സാക്ഷ്യം വഹിച്ചത്

നിയമലംഘനത്തിന്റെ സൗധങ്ങള്‍ ഓരോന്നായി തകരുമ്പോള്‍ സാങ്കേതിക വിദഗ്ധതയുടെ സൂക്ഷമതയും കൃത്യതയും എടുത്തുപറയേണ്ട കാഴ്ചയ്ക്കാണ് രണ്ട് ദിവസമായി കേരളം സാക്ഷ്യം വഹിച്ചത്.

ശനിയാഴ്ച തകര്‍ത്ത രണ്ട് ഫ്ളാറ്റുകളും കൃത്യമായി ആസൂത്രണം ചെയ്ത വിധത്തില്‍ മണ്ണോട് ചേര്‍ന്നപ്പോള്‍, ഞായറാഴ്ച രാവിലെ 11.03ന് തകര്‍ത്ത മൂന്നാമത്തെ ഏറ്റവും വലിയ ഫ്ളാറ്റായ ജയ്ന്‍ കോറല്‍കോവും മണ്ണടിഞ്ഞത് ഒരു തരി അവശിഷ്ടം പോലും കായലില്‍ വീഴാതെ.

അവശിഷ്ടങ്ങള്‍ കായലില്‍ വീഴില്ലെന്ന് സാങ്കേതിക വിദഗ്ധര്‍ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ അത് പൂര്‍ണമായി ശരിവയ്ക്കുകയാണ് ജയ്ന്‍ കോറല്‍കോവിന്റെ തകര്‍ക്കല്‍. കായലിന്റെ തൊട്ടരികെ നില്‍ക്കുന്ന ഫ്ളാറ്റായിട്ടുകൂടി അവശിഷ്ടങ്ങള്‍ ഒന്നും കായലിലേക്ക് വീഴാതെ നിന്നനില്‍പ്പില്‍ താഴേക്ക് പതിച്ചു.

128 അപാര്‍ട്ടുമെന്റുകളുള്ള ഏറ്റവും വലിയ ഫ്ളാറ്റാണ് സെക്കന്റുകള്‍ക്കുള്ളില്‍ തകര്‍ന്ന് കൂമ്പാരമായി മാറിയത്. കോടികളുടെ നിയമലംഘനം നീതി പീഠത്തിന്റെ ചരിത്രപരമായ ഇടപെടലിലൂടെ അവശിഷ്ടം മാത്രമായി മാറിയിരിക്കുകയാണ്.

സാങ്കേതിക വിദഗ്ധര്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കേരളം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു നടപടിയിലേക്ക് സംസ്ഥാനം കടക്കുമ്പോള്‍ ജനങ്ങള്‍ വലിയ ആശങ്കയായിരുന്നു നിരന്തരം പങ്കുവച്ചിരുന്നത്. ആശങ്ക പലപ്പോഴും അമര്‍ഷമാകുകയുമുണ്ടായി.

എന്നാല്‍, കണക്കൂകൂട്ടല്‍ ഒരിടത്തും പിഴയ്ക്കാതിരുന്നപ്പോള്‍, ക്യാമറക്കണ്ണുകള്‍ രണ്ട് ദിവസം നിരന്തരമായി തുറന്നുവച്ചിട്ടും ഒരു തരത്തിലും അപാകതകളോ വിമര്‍ശനങ്ങളോ കണ്ടുപിടിക്കാനാകാത്ത മികവില്‍ നിയമലംഘനങ്ങള്‍ തകര്‍ത്ത് തരിപ്പണമാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News