ബിജെപിക്കാര്‍ കസേര അടുക്കിയപ്പോള്‍, വ്യാപാരികള്‍ കടകള്‍ക്ക് ഷട്ടറിട്ടു; നാട്ടുകാര്‍ വീടിനുള്ളില്‍ കയറി; ഒടുവില്‍ എംടി രമേശ് ഒഴിഞ്ഞ കസേരകളോടും ബിജെപിക്കാരോടും പൗരത്വ നിയമത്തെക്കുറിച്ച് വിശദീകരിച്ച് ‘സംതൃപ്തനായി’

ആലപ്പുഴ: അമ്പലപ്പുഴയില്‍ പൗരത്വ ഭേദഗതി നിയമത്തെ വിശദീകരിക്കാന്‍ ബിജെപി നടത്തിയ ജനജാഗ്രതാ സദസ് ബഹിഷ്‌കരിച്ച് നാട്ടുകാരും വ്യാപാരികളും.

പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ വ്യാപാരികള്‍ മുഴുവന്‍ കടകളും അടച്ചു. ഉദ്ഘാടകനായി എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന് മുന്നില്‍ വിശദീകരണം കേള്‍ക്കാന്‍ സ്ഥലത്തിന് പുറത്ത് നിന്നെത്തിയ ബിജെപിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അമ്പലപ്പുഴ വളഞ്ഞവഴിയില്‍ ബിജെപി മണ്ഡലം കമ്മിറ്റിയാണ് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമം വിശദീകരിച്ചു നല്‍കാന്‍ വലിയ പ്രചാരണമൊക്കെ നടത്തി. എന്നാല്‍ കൊട്ടിഘോഷിച്ച് നടത്തിയ പരിപാടി തുടങ്ങുന്നതിന് മുമ്പേ നാട്ടുകാര്‍ ഉപേക്ഷിച്ചു.

ബിജെപിക്കാര്‍ കസേര അടുക്കി തുടങ്ങിയപ്പോള്‍ സ്ഥലത്തെ വ്യാപാരികള്‍ കടകള്‍ക്ക് ഷട്ടറിട്ടു. പ്രദേശത്തെ ഒറ്റ ആളുപോലും വീടിന് പുറത്തിറങ്ങിയില്ല. പന്തിയല്ലെന്ന് കണ്ട ബിജെപിക്കാര്‍ ഉദ്ഘാടകന്‍ എത്തും മുമ്പ് സുരക്ഷക്കായി ഒരു വണ്ടി പോലീസിനെയും ഇറക്കി.

ഒടുവില്‍ ഉദ്ഘാടനത്തിനെത്തിയ എം ടി രമേശിന് ബിജെപിക്കാരോട് മാത്രമായി പൗരത്വ ഭേദഗതി നിയമത്തെ പറ്റി വിശദീകരിച്ച് സംതൃപ്തനാകേണ്ടി വന്നു.

മുസ്ലിം സമുദായത്തിന് പൗരത്വം നഷ്ടപ്പെടുമെന്ന രീതിയില്‍ പ്രചാരണം നടത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് സിപിഐഎമ്മും കോണ്‍ഗ്രസും എന്ന് പറഞ്ഞ് എംടി രമേശ് സ്ഥലം വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News