പാവപ്പെട്ട പാട്ടുകാരുടെ പിച്ചച്ചട്ടിയിലും കൈയ്യിട്ടു തുടങ്ങിയോ?; മോഹൻലാലിനോട് ഗായകൻ വിടി മുരളി

ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ ‘മാതള തേനുണ്ണാന്‍’ ഗാനം താനാണ് ആലപിച്ചതെന്ന നടന്‍ മോഹന്‍ലാലിന്റെ അവകാശവാദത്തിനെതിരെ ഗായകന്‍ വി.ടി മുരളി.

മലയാളത്തിലെ ഒരു സ്വകാര്യ റിയാലിറ്റി ഷോ അവതരണത്തിനിടെയാണ് മോഹന്‍ലാല്‍ ഗാനം താനാണ് ആലപിച്ചതെന്ന് നടനും റിയാലിറ്റി ഷോയുടെ ഭാഗവുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയോട് പറഞ്ഞത്.

എന്നാൽ സത്യമെന്താണ്?

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച് 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉയരും ഞാൻ നാടാകെ’. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് ‘മാതളത്തേനുണ്ണാൻ…’

ഒ.എൻ.വി. കുറുപ്പ് രചിച്ച് കെ.പി.എൻ. പിള്ള സംഗീതം പകർന്ന ഗാനം വി.ടി. മുരളിയാണ് ആലപിച്ചത്. ‘ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം…’ എന്ന ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തനാണ് വടകര സ്വദേശിയായ മുരളി.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മോഹൻലാലിന്റെ അവകാശവാദത്തിനെതിരെ ഇപ്പോൾ വി ടി മുരളി രംഗത്ത് വന്നിരിക്കുന്നത്. പാവപ്പെട്ട പാട്ടുകാരുടെ പിച്ചച്ചട്ടിയിലും കൈയ്യിട്ടു തുടങ്ങിയോ എന്ന് അദ്ദേഹം ആ കുറിപ്പിൽ ചോദിക്കുന്നു.

വി ടി മുരളിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ വായിക്കാം:

“ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല. ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു. ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു. ഇല്ല എന്ന് ഞാൻ പറഞ്ഞു.

എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാൻ കണ്ടു. പരിപാടിയുടെ അവസാന ഭാഗത്ത്.

ശോകമൂകമായ അന്തരീക്ഷത്തിൽ ധർമജൻ എന്ന നടൻ ക്യാമ്പ് വിട്ടു പോകുന്നു. മോഹൻലാൽ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു. എല്ലാവരുടെയും മുഖത്ത് ദു:ഖം ഘനീഭവിച്ചിരിക്കുന്നു.

മോഹൻലാൽ ( ലാലേട്ടൻ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായത് കൊണ്ടാണേ. ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകർ ക്ഷോഭിക്കരുത് )

ധർമജനനോട് ഒരു പാട്ട് പാടാൻ പറയുന്നു. ധർമജൻ പാടുന്നു.

“മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ നീയെവിടെ നിന്റെ കൂടെവിടെ നീ പാടും പൂമരമെവിടെ “.

മോഹൻലാൽ..” ഈ പാട്ട് പാടിയതാരാണെന്നറിയാമോ ?

ധർമജൻ..” ഇല്ല”

മോഹൻലാൽ..” ഇത് ഞാൻ പാടിയ പാട്ടാണ്” ( സദസ്സിൽ കൈയടി )

മോഹൻലാൽ..

“ചന്ദ്രകുമാർ സംവിധാനം ചെയ്ത ”ഉയരും ഞാൻ നാടാകെ ” എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാടിയതാണീ പാട്ട്”

തുടർന്ന് ഗംഭീര കൈയടി മുഴങ്ങുന്നു. കൈയടി നേർത്തുനേർത്തു വരുന്നു.

രംഗം അവസാനിക്കുന്നു..

(ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട് , ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു. എന്നത് യാദൃശ്ചികം.)

വാൽക്കഷണം.
———————–
പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ?”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here