എന്തു സംസാരിക്കണമെന്ന ഔചിത്യം കാണിക്കണം; മോദിയുടെ ബേലൂര്‍ മഠ സന്ദര്‍ശനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സന്യാസിമാര്‍; പ്രതിഷേധം അറിയിച്ച് അധികൃതര്‍ക്ക് കത്ത്

ദില്ലി: നരേന്ദ്ര മോദിയുടെ ബേലൂര്‍ മഠ സന്ദര്‍ശനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഒരു വിഭാഗം സന്യാസിമാര്‍.

ബേലൂര്‍ മഠത്തെ മോദി രാഷ്ട്രീയ വിശദീകരണത്തിനുള്ള വേദിയാക്കിയെന്നാണ് സന്യാസിമാരുടെ പരാതി. അതൃപ്തി അറിയിച്ച് മഠം അധികൃതര്‍ക്ക് സന്യാസിമാര്‍ കത്ത് നല്‍കി.

മോദിയെ മഠത്തിലേക്ക് ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് സന്യാസിമാരില്‍ ചിലര്‍ മഠം അധികൃതര്‍ക്ക് നേരത്തെയും കത്ത് നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മോദിയെ പോലെ ഒരാളെ മഠത്തിലേക്ക് വിളിക്കരുതെന്ന് ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

മോദിയുടെ രാഷ്ട്രീയ പ്രസംഗത്തില്‍ പ്രതിഷേധിച്ച് മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവിരാനന്ദ വാര്‍ത്ത സമ്മേളനം നടത്തുകയും ചെയ്തു.

രൂക്ഷമായ എതിര്‍പ്പാണ് മഠം മോദിയുടെ രാഷ്ട്രീയ പ്രസംഗത്തിനെതിരെ നടത്തിയത്. ഇവിടെ എത്തുന്നവരാണ് എന്തു സംസാരിക്കണമെന്ന ഔചിത്യം കാണിക്കേണ്ടതാണെന്ന് സ്വാമി സുവിരാനന്ദ പറഞ്ഞു.

”മോദി പറഞ്ഞതിനോട് മഠം പ്രതികരിക്കില്ല. ഞങ്ങള്‍ രാഷ്ട്രീയമില്ലാത്ത സംഘമാണ്. വീട് ഉപേക്ഷിച്ച് ഇവിടെ എത്തിയത് ലൗകിക ചിന്തകള്‍ വെടിഞ്ഞാണ്. മോദി ഇവിടുത്തെ അതിഥിയാണ്. അതിഥി ദേവോ ഭാവ എന്നതാണ് ഇന്ത്യന്‍ സംസ്‌ക്കാരം. അവരോട് എല്ലാ മര്യാദയും കാണിക്കുക. അവര്‍ എന്ത് സംസാരിക്കണമെന്ന് അവരാണ് തീരുമാനിക്കുക. അതിന്റെ ഉത്തരവാദിത്വം ആതിഥേയനല്ല.” അദ്ദേഹം പറഞ്ഞു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് മഠത്തിന്റെ സംസ്‌ക്കാരമെന്നും ഇവിടെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള സന്യാസിമാരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മഠത്തില്‍ വിവാദ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചത് ദുഃഖകരമാണെന്ന് മഠത്തിലെ ഒരു പ്രമുഖ സ്വാമി പറഞ്ഞതായി ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദിയുടെ പ്രസംഗത്തില്‍ അഭിപ്രായ വ്യത്യാസമുള്ളവര്‍ ഇന്നലെ സാധാരണ ദിവസങ്ങളില്‍ പങ്കെടുക്കേണ്ട ചടങ്ങുകളില്‍നിന്ന് വിട്ടുനിന്നാതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel