സിഎഎ: ബിജെപി ഏജന്റുകൾക്ക്‌ ഈ വീട്ടിൽ പ്രവേശനമില്ല’; പൗരത്വ നിയമത്തിനെതിരെ പോസ്‌റ്ററൊട്ടിച്ച്‌ ആറുവയസ്സുകാരി

ആറുവയസ്സുകാരി ദേവപ്രിയയും മുത്തശ്ശൻ 67കാരൻ കൃഷ്‌ണനും വീടിന്റെ ഭിത്തിയിൽ പോസ്റ്റർ ഒട്ടിക്കുന്ന തിരക്കിലാണ്‌. “സിഎഎ ഏജന്റുകൾക്ക്‌ ഈ വീട്ടിൽ പ്രവേശനമില്ല. അത്‌ വിവരിക്കാൻ ആർഎസ്‌എസ്‌, ബിജെപി പ്രവർത്തകർ ഈ വഴി വരേണ്ട ഇതാണ്‌ പോസ്റ്ററിലെ വാചകം.

ദേവപ്രിയയും മുത്തശ്ശനുംമാത്രമല്ല, കാച്ചിനിക്കാട്‌ ഗ്രാമമൊന്നാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുണ്ട്‌. രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന പൗരത്വ നിയമത്തെ ന്യായീകരിക്കാനെത്തുന്നവരെ വീട്ടിൽ പ്രവേശിപ്പിക്കില്ലെന്ന്‌ മലപ്പുറം മക്കരപ്പറമ്പ്‌ പഞ്ചായത്തിലെ ഒന്നാം വാർഡിലെ 350ലേറെ കുടുംബങ്ങൾ പറയുന്നു.

‘റിജെക്‌ട്‌ സിഎഎ, റിജെക്ട്‌ എൻആർസി, റിജെക്ട്‌ എൻപിആർ. ഭരണഘടനാ വിരുദ്ധമാണ്‌ ഈ നിയമം എന്ന പൂർണബോധ്യം ഞങ്ങൾക്കുണ്ട്‌-എന്നും പോസ്റ്ററിലുണ്ട്‌.

‘‘സ്‌കൂളിന്റെ പിന്നാമ്പുറത്തുകൂടി പോയതല്ലേ, എങ്ങനെ എതിർക്കാതിരിക്കും എന്നാണ്‌ അരിമ്പ്രതൊടി വീട്ടിൽ കൃഷ്‌ണന്റെ ചോദ്യം. “” കുഴി കുത്തി ഇലയിട്ടുതന്നിട്ട്‌, കഞ്ഞികുടിച്ച കാലമുണ്ടായിരുന്നു. അമ്പലങ്ങളിൽ കയറാനാകാതെ പുറത്തുനിന്നിട്ടുണ്ട്‌. അവിടെനിന്ന്‌ നമ്മുടെ നാട്‌ ഇവിടംവരെ എത്തിയില്ലേ. അതൊന്നും ഇവിടെ ആവർത്തിക്കാൻ അനുവദിക്കില്ല” കൃഷ്‌ണൻ പറയുന്നു.

അവരുടെ പെരുന്നാളിന്‌ നമ്മളും പോകും, നമ്മുടെ ഉത്സവത്തിന്‌ അവരും വരും. ഈ നാട്‌ എല്ലാരുടേതുമാണ്‌. നിയമത്തെ ന്യായീകരിച്ച്‌ വീട്ടിലെത്തുന്ന ആർഎസ്‌എസുകാരോട്‌ പ്രതിഷേധം അറിയിക്കുമെന്നും കൃഷ്‌ണൻ പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌ പോസ്റ്റർ അച്ചടിച്ച്‌ വീടുകളിലെത്തിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here