ശ്രീനഗര്‍: കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിംഗ് തീവ്രവാദികള്‍ക്കൊപ്പം പിടിയിലായതോടെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്റെ കത്ത് വീണ്ടും മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു.
അഫ്‌സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ദേവീന്ദര്‍ സിംഗ്. അഫ്‌സല്‍ ഗുരു എഴുതിയ കത്തില്‍ ദേവീന്ദര്‍ സിംഗാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ദില്ലിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറയുന്നു.
അയാളേയും കൂട്ടി ദില്ലിയിലെത്താന്‍ ആവശ്യപ്പെട്ടത് കൂടാതെ പ്രതിക്ക് താമസം ഒരുക്കാനും ദേവീന്ദര്‍ നിര്‍ബന്ധിച്ചു. പ്രതിക്ക് കാര്‍ വാങ്ങി നല്‍കാനും അയാള്‍ തന്നെ നിര്‍ബന്ധിച്ചു. കശ്മീര്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന് കീഴില്‍ ഡിഎസ്പി ആയിരുന്നു അന്ന് ദേവീന്ദര്‍. പൊലീസ് ക്യാമ്പില്‍ വച്ച് ദേവീന്ദര്‍ സിംഗില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നെന്നും അഫ്‌സല്‍ ഗുരു വെളിപ്പെടുത്തിയിരുന്നു.
അഫ്സല്‍ സ്വന്തം കൈപ്പടയിലെഴുതിയ കത്തിലാണ് ദേവീന്ദറിനെ കുറിച്ച് പറയുന്നത്. എന്നാല്‍ കത്തിലെ പരാമര്‍ശങ്ങളെ കുറിച്ച് ഒരു അന്വേഷണവും അന്ന് നടത്തിയില്ല.
വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് 2001 ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് ആക്രമണം ആസൂത്രിതമാണോയെന്ന സംശയം ബലപ്പെടുത്തുന്നതാണ് ദേവീന്ദര്‍ സിംഗിന്റെ അറസ്റ്റെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്സല്‍ ഗുരുവിന്റെ കത്ത് വീണ്ടും മാധ്യമങ്ങളിലൂടെ ചര്‍ച്ചയായതോടെ, പാര്‍ലമെന്റ് ആക്രമണ കേസില്‍ ദേവീന്ദര്‍ സിംഗിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കുമെന്ന് കശ്മീര്‍ ഐ.ജി വിജയകുമാര്‍ അറിയിച്ചു.
ദേവീന്ദര്‍ സിംഗിന്റെ നടപടിയെ ഹീനൃത്യമെന്ന് വിശേഷിപ്പിച്ച ഐ.ജി മറ്റു തീവ്രവാദികള്‍ക്കൊപ്പം തന്നെയാണ് ഇയാളെയും പരിഗണിക്കുകയെന്നും അറിയിച്ചു.
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് ദേവീന്ദര്‍. ഹിസ്ബുള്‍ ഭീകരന്‍മാരായ നവീദ് അഹമ്മദ് ഷാ, റാഫി അഹമ്മദ് ഷാ എന്നിവര്‍ക്കൊപ്പം കഴിഞ്ഞദിവസമാണ് ദേവീന്ദര്‍ അറസ്റ്റിലായത്.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനയ്ക്കിടെ കുല്‍ഗാമിലെ മിര്‍ ബസാറില്‍ വച്ചാണ് കാറിലെത്തിയ സംഘം പിടിയിലായത്.
ത്രാള്‍ സ്വദേശിയായ ദേവീന്ദര്‍ സിങ് ശ്രീനഗര്‍ വിമാനത്താവളത്തിലാണ് ജോലി ചെയ്യുന്നത്. ഭീകരവിരുദ്ധസംഘത്തില്‍ അംഗമായിരുന്നു. 1990 കളില്‍ ഭീകരവേട്ടയിലും പങ്കാളിയായി. ദേവീന്ദര്‍ ഉള്‍പ്പെട്ട സംഘം ദില്ലിയിലേക്ക് നീങ്ങുകയായിരുന്നുവെന്ന് സൂചനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here