‘ധീരന്‍’ ഡിവൈഎസ്പി രാജ്യത്തെ ഒറ്റുകൊടുത്തത് 12 ലക്ഷത്തിന് വേണ്ടി; മുന്‍പ് അഞ്ചുതവണ ഭീകരരെ സുരക്ഷിത സ്ഥലത്തെത്തിച്ചു; വെളിപ്പെടുത്തല്‍

ദില്ലി: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിംഗ് തീവ്രവാദികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി അവരെ സഹായിക്കുകയായിരുന്നെന്ന് ജമ്മു കശ്മീര്‍ പൊലീസിന്റെ വെളിപ്പെടുത്തല്‍.

ബാനിഹാള്‍ തുരങ്കം കടക്കാന്‍ സഹായിക്കുന്നതിന് 12 ലക്ഷം രൂപയാണ് ഇയാള്‍ തീവ്രവാദികളോട് ആവശ്യപ്പെട്ടതെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീകരര്‍ക്കെതിരെയുളള പ്രവര്‍ത്തനം സുരക്ഷാസേന വര്‍ധിപ്പിച്ച ഘട്ടങ്ങളില്‍ അഞ്ചുതവണ ഇത്തരത്തില്‍ തീവ്രവാദികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് കടത്തുന്നതില്‍ ഇയാള്‍ സഹായിച്ചെന്നും പൊലീസ് പറഞ്ഞു. കശ്മീരില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതിലും പൊലീസ് ഉദ്യോഗസ്ഥന്‍ പങ്കുവഹിച്ചതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ടെന്ന് ഉന്നതപൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ ദേവീന്ദര്‍ സിംഗിന്റെ കീഴടങ്ങല്‍ വാദം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തള്ളി. ഇത്തരമൊരു കീഴടങ്ങല്‍ പദ്ധതി നടപ്പാക്കാന്‍ ദേവീന്ദറിനെ ആരും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് ദേവീന്ദര്‍. ഹിസ്ബുള്‍ ഭീകരന്‍മാരായ നവീദ് അഹമ്മദ് ഷാ, റാഫി അഹമ്മദ് ഷാ എന്നിവര്‍ക്കൊപ്പം കഴിഞ്ഞദിവസമാണ് ദേവീന്ദര്‍ അറസ്റ്റിലായത്.

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനയ്ക്കിടെ കുല്‍ഗാമിലെ മിര്‍ ബസാറില്‍ വച്ചാണ് കാറിലെത്തിയ സംഘം പിടിയിലായത്. ത്രാള്‍ സ്വദേശിയായ ദേവീന്ദര്‍ സിങ് ശ്രീനഗര്‍ വിമാനത്താവളത്തിലാണ് ജോലി ചെയ്യുന്നത്. ഭീകരവിരുദ്ധസംഘത്തില്‍ അംഗമായിരുന്നു. 1990 കളില്‍ ഭീകരവേട്ടയിലും പങ്കാളിയായി. ദേവീന്ദരും ഭീകരരും ഉള്‍പ്പെട്ട സംഘം ദില്ലിയിലേക്ക് നീങ്ങുകയായിരുന്നുവെന്ന് സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here