കുറ്റ്യാടിയിലും നരിക്കുനിയിലും വിശദീകരണയോഗവുമായി ബിജെപി; കടകളടച്ച് വ്യാപാരികള്‍; ആളൊഴിഞ്ഞ സ്ഥലത്ത് നേതാക്കളുടെ ‘പ്രസംഗം’; എല്ലാ സ്ഥലങ്ങളിലും ഇത്തരം പ്രതിഷേധമുയരണമെന്ന് ആഹ്വാനം

പൗരത്വ നിയമത്തെ പിന്തുണച്ച് ബിജെപി സംഘടിപ്പിച്ച റാലിക്കെതിരെ കോഴിക്കോട് കുറ്റ്യാടിയിലും നരിക്കുനിയിലും വേറിട്ട പ്രതിഷേധം.

പൊതു പരിപാടി നടന്ന രണ്ട് ടൗണുകളിലും വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചു. പ്രത്യേകിച്ച് ആഹ്വാനം ഒന്നുമില്ലാതെ ആയിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

പൗരത്വ നിയമത്തെ പിന്തുണച്ച് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബിജെപി റാലി നടത്തിവരികയാണ്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കൊടുവള്ളി മണ്ഡലങ്ങളില്‍ നടന്ന പരിപാടിക്കെതിരെയാണ് അപ്രതീക്ഷിത പ്രതിഷേധം ഉയര്‍ന്നത്.

കൊടുവള്ളി മണ്ഡലം പരിപാടി നടന്ന നരിക്കുനിയിലും കുറ്റ്യാടി ടൗണിലും കടകള്‍ അടച്ചായിരുന്നു പ്രതിഷേധം. രണ്ടിടങ്ങളിലും ഉച്ചകഴിഞ്ഞ് കടകള്‍ അടച്ച് വ്യാപാരികള്‍ സ്ഥലം വിട്ടു. ഇതോടെ ആളൊഴിഞ്ഞ സ്ഥലത്തായി ബിജെപിയുടെ പൊതുയോഗം. വാട്‌സ്ആപ് കൂട്ടായ്മ വഴി നാട്ടുകാര്‍ നടത്തിയ പ്രചരണമാണ് വിജയം കണ്ടത്.

കുറ്റ്യാടിയില്‍ എം ടി രമേശ് ഉദ്ഘാടനം ചെയ്ത പരിപാടിക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. നരിക്കുനിയില്‍
എപി അബ്ദുള്ളക്കുട്ടി ആയിരുന്നു ഉദ്ഘാടകന്‍. വീട് കയറിയുള്ള പ്രചരണത്തിന്നിടെ അബ്ദുള്ളക്കുട്ടിക്കെതിരെ തിരുവനന്തപുരത്തും നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ മാര്‍ഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here