കേന്ദ്രനീക്കം വർഗീയ ധ്രുവീകരണം തീവ്രമാക്കാൻ: പ്രതിപക്ഷം

ന്യൂഡൽഹി: സമ്പദ്‌‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ മോഡി സർക്കാരിന്റെ പാളിച്ച രാജ്യത്തെ കോടിക്കണക്കായ ജനങ്ങളെ പ്രതിസന്ധിയിലാഴ്‌ത്തിയെന്ന്‌ പ്രതിപക്ഷ പാർടികൾ പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി. ജിഡിപി റെക്കോഡ്‌ നിരക്കിലേക്ക്‌ താഴ്‌ന്നു.

തൊഴിലില്ലായ്‌മ ഏറ്റവും ഉയർന്ന തോതിലായി. കാർഷികപ്രതിസന്ധിയും രൂക്ഷമാണ്‌. കർഷക ആത്മഹത്യ വർധിക്കുകയാണ്‌.

വ്യവസായശാലകൾ അടച്ചുപൂട്ടുകയും തൊഴിലാളികളെ പിരിച്ചുവിടുകയുമാണ്‌. പാചകവാതകത്തിന്റെയും ഇന്ധനങ്ങളുടെയും ആവശ്യവസ്‌തുക്കളുടെയും പച്ചക്കറികളുടെയും വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കി.

ഈ വിഷയങ്ങൾ പരിഹരിക്കുന്നതിന്‌ പകരം വർഗീയധ്രുവീകരണം തീവ്രമാക്കുകയാണ്‌. കശ്‌മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ആ മേഖല നിശ്ചലമാണ്‌.

മനുഷ്യാവകാശങ്ങളെല്ലാം ഹനിക്കപ്പെട്ടു. കശ്‌മീരിന്‌ പിന്നാലെ പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി പൗരത്വ നിയമഭേദഗതി കൊണ്ടുവന്നു.

പൗരത്വ പ്രതിഷേധത്തിനെതിരായി വിവിധ മതസ്ഥർ പങ്കെടുത്തുള്ള പ്രതിഷേധങ്ങൾ സമാധാനപരമായി അരങ്ങേറി. ഭരണഘടനാസംരക്ഷണം മുൻനിർത്തിയുള്ള ഇത്തരം പ്രതിഷേധങ്ങളോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നു.

യുപിയിൽ 21 ഉം അസമിൽ അഞ്ചും കർണാടകത്തിൽ രണ്ടും പേർ കൊല്ലപ്പെട്ടു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും പൊലീസ്‌ നടത്തിയ വിദ്യാർഥിവേട്ട അപലപനീയമാണെന്നും പ്രമേയത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here