അവശിഷ്ടം വേര്‍തിരിച്ചു തുടങ്ങി, 45 ദിവസത്തിനകം ക്ലീനാകും; ആദ്യം നീക്കുന്നത് ഹോളിഫെയ്ത്ത് എച്ച്ടുഒയുടെ അവശിഷ്ടങ്ങള്‍

മരടിലെ പൊളിച്ച ഫ്‌ലാറ്റുകളിലെ കെട്ടിടാവശിഷ്ടങ്ങള്‍ 45 ദിവസത്തിനകം നീക്കും. ഇരുമ്പ് വേര്‍തിരിച്ചശേഷമുള്ള കോണ്‍ക്രീറ്റ് അവശിഷ്ടം ആലുവയിലെ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് കമ്പനിയുടെ കുമ്പളത്തെയും ആലപ്പുഴ ചന്തിരൂരിലെയും ശേഖരണകേന്ദ്രത്തില്‍ എത്തിക്കും. ആറ് എംഎം, 12 എംഎം വലിപ്പത്തില്‍ അവശിഷ്ടങ്ങള്‍ മാറ്റും.

ഇത് തറയില്‍ വിരിക്കാവുന്ന സിമെന്റ് ബ്ലോക്കുകളോ എംസാന്‍ഡോ ആക്കാനാണ് പദ്ധതിയെന്ന് കമ്പനി പാര്‍ട്ണര്‍ അച്യുത് ജോസഫ് പറഞ്ഞു. സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെയും ലാന്‍ഡ് ട്രിബ്യൂണലിന്റെയും നിര്‍ദേശമനുസരിച്ചാണ് അവശിഷ്ടം മാറ്റുന്നത്. ആദ്യം ഹോളിഫെയ്ത്ത് എച്ച്ടുഒയുടെ അവശിഷ്ടങ്ങളാണ് നീക്കുന്നത്.

35 ലക്ഷം രൂപ നല്‍കിയാണ് പ്രോംപ്റ്റ് കെട്ടിടാവശിഷ്ടം ഏറ്റെടുത്ത് നീക്കുന്നത്. ബുധനാഴ്ച ആദ്യ ലോഡ് കൊണ്ടുപോകും. മൊത്തം 4250 ലോഡുണ്ടാകും. ആല്‍ഫ സെറീന്‍ ഇരട്ട സമുച്ചയങ്ങളില്‍നിന്ന് അവശിഷ്ടം നീക്കുന്നതാണ് ഏറെ ശ്രമകരം. ഈ ഭാഗത്തേക്ക് ഇടുങ്ങിയ റോഡായതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് കടക്കാനാകില്ല. കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നത് വായു, ശബ്ദ മലിനീകരണം കൂട്ടും. വാഹനങ്ങളുടെ എണ്ണം, കയറ്റാവുന്ന ഭാരം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പൊലീസും നഗരസഭാ അധികൃതരും ചേര്‍ന്ന് തീരുമാനിക്കും.

തകര്‍ത്ത രണ്ട് ഫ്‌ലാറ്റുകളുടെ അവശിഷ്ടം വേര്‍തിരിക്കല്‍ തുടങ്ങി. കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒയിലും നെട്ടൂരിലെ ജെയിന്‍ കോറല്‍കോവിലുമാണ് കമ്പി വേര്‍തിരിക്കാന്‍ ആരംഭിച്ചത്. സ്ഫോടനം നടത്തിയ കമ്പനികള്‍ തന്നെ കോണ്‍ക്രീറ്റിലെ കമ്പി വേര്‍തിരിച്ചു കൊണ്ടുപോകും. കല്ലും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും ആലുവയിലെ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനമാണ് ഏറ്റെടുത്തത്. നാല് ഫ്‌ലാറ്റുകളിലെ 76,350 ടണ്‍ അവശിഷ്ടമാണ് നീക്കാനുള്ളത്.

ജാക്ക്ഹാമ്മര്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ചാണ് കൂറ്റന്‍ കോണ്‍ക്രീറ്റ് കഷണങ്ങള്‍ തകര്‍ക്കുന്നത്. പൊടി പറക്കാതിരിക്കാന്‍ വെള്ളം പമ്പുചെയ്യുന്നുണ്ട്. കോണ്‍ക്രീറ്റ് തകര്‍ത്തശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കമ്പികള്‍ മുറിച്ചെടുക്കും.

പൊളിക്കല്‍ കമ്പനിയായ എഡിഫസിന്റെ ചെന്നൈയില്‍നിന്നുള്ള ജോലിക്കാരാണ് സ്ഥലത്തുള്ളത്. കമ്പി വേര്‍തിരിച്ചെടുക്കാന്‍ ഒരുമാസം വേണ്ടിവരുമെന്നാണ് പ്രതീക്ഷ. ചെന്നൈയിലെ വിജയ് സ്റ്റീല്‍സ് തകര്‍ത്ത കുണ്ടന്നൂരിലെ ആല്‍ഫ സെറീന്‍ ഇരട്ട ടവറിന്റെയും എഡിഫസ് ഒടുവില്‍ വീഴ്ത്തിയ കണ്ണാടിക്കാട്ടെ ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റിന്റെയും അവശിഷ്ടം നീക്കി തുടങ്ങിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News