പണപ്പെരുപ്പം പിടിവിട്ടു ; 7.35 ശതമാനം ; റിസര്‍വ് ബാങ്കിന്റെ അനുവദനീയപരിധിയും മറികടന്നു

ദില്ലി: ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള ഡിസംബറിലെ പണപ്പെരുപ്പം 7.35 ശതമാനത്തിലേക്ക് കുതിച്ചു. 2014 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സവാളയടക്കമുള്ള പച്ചക്കറികളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയര്‍ത്തിയത്. ആര്‍ബിഐ പരിധി ആറു ശതമാനമായിരിക്കെയാണ് അതും മറികടന്നുള്ള വിലക്കയറ്റം.

ആര്‍ബിഐ ലക്ഷ്യമിടുന്ന പണപ്പെരുപ്പനിരക്ക് നാലുശതമാനമാണ്. ഇതില്‍ രണ്ടുശതമാനംവരെ വ്യത്യാസമാകാം. ഈ സാമ്പത്തിക വര്‍ഷം മൂന്നാംതവണയാണ് നാല് ശതമാനത്തിലും അധികമാകുന്നത്. ഡിസംബറില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ തോത് 14.2 ശതമാനമാണ്. പച്ചക്കറി വിലവര്‍ധന 60.5 ശതമാനവുമായി. സവാള വിലയാണ് ഇതിലെ പ്രധാന വില്ലന്‍.

പയറുവര്‍ഗങ്ങളുടെ വിലക്കയറ്റം 15.44 ശതമാനമാണ്. ധാന്യവിലയില്‍ 4.35 ശതമാനം വര്‍ധിച്ചപ്പോള്‍ മത്സ്യത്തിനും മാംസത്തിനും 9.57 ഉം മുട്ടയ്ക്ക് 8.79 ഉം പാലിന് 4.22 ശതമാനവും വിലകൂടി. ഗ്രാമീണമേഖലയില്‍ പണപ്പെരുപ്പതോത് 7.46 ശതമാനവും നഗരമേഖലയില്‍ 7.46 മാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here