ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയ്ക്ക് ഇന്ന് തുടക്കം; ആത്മവിശ്വാസത്തോടെ ഇന്ത്യ

ലോകകപ്പ് ക്രിക്കറ്റ് സെമി തോല്‍വിയിലെ നിരാശയ്ക്കുശേഷം ഓസ്ട്രേലിയ ആദ്യമായി ഏകദിന കളത്തില്‍. ടീമില്‍ വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും ഭാവം മാറിയിട്ടുണ്ട്. ഇന്ന് മുംബൈ വാംഖ്ഡെ സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ വമ്പന്‍ താരനിരയുടെ അരങ്ങൊരുക്കും ഓസീസ്. മുംബൈയില്‍ പകല്‍ ഒന്നരയ്ക്കാണ് കളി. മൂന്നു മത്സരങ്ങളാണ് പരമ്പരയില്‍.

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനപരമ്പര സ്വന്തമാക്കിയാണ് ഇന്ത്യന്‍ സംഘത്തിന്റെ ഒരുക്കം. ശേഷം നടന്ന ട്വന്റി–20 മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി. ഓസീസിനെപ്പോലെ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച താരങ്ങളുണ്ട് ഇന്ത്യക്കും. അവസാനമായി ഏകദിന പരമ്പര കളിച്ചപ്പോള്‍ ഓസീസിനായിരുന്നു ജയം.

ആഷ്ടണ്‍ ടേണറും പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പും ചേര്‍ന്ന് റണ്ണടിച്ചുകൂട്ടുകയായിരുന്നു. ഇരുവരും ഇപ്പോഴും ഓസീസ് ക്യാമ്പിലുണ്ട്. ഒപ്പം ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നീ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരും ഇറങ്ങുന്നു. വിലക്ക് മാറിയശേഷം ആദ്യമായാണ് ഇരുവരും ഇന്ത്യയില്‍ ഏകദിനം കളിക്കുന്നത്. കഴിഞ്ഞ ഐപിഎലില്‍ മികച്ച പ്രകടനം വാര്‍ണറും സ്മിത്തും പുറത്തെടുത്തിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ പുത്തന്‍ താരോദയം മാര്‍ണസ് ലബുഷെയ്നിന്റെ ഏകദിന അരങ്ങേറ്റംകൂടിയാകും. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ് ലബുഷെയ്ന്‍. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും കൂടിയാകുമ്പോള്‍ ബാറ്റിങ് നിര സമ്പൂര്‍ണം. പാറ്റ് കമ്മിന്‍സ്-മിച്ചെല്‍ സ്റ്റാര്‍ക്-ജോഷ് ഹാസെല്‍വുഡ് പേസ് ത്രയം ഏത് ബാറ്റിങ് നിരയ്ക്കും ഭീഷണിയാണ്. സ്പിന്നറായി ആദം സാമ്പയും.

വിശ്രമം കഴിഞ്ഞ് രോഹിത് ശര്‍മ എത്തുന്നതോടെ ഇന്ത്യന്‍ ബാറ്റിങ് നിര പൂര്‍ണമാകും. രോഹിത്, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരെ ഒരുമിച്ച് കളിപ്പിക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു. രാഹുല്‍ മൂന്നാംനമ്പറില്‍ ഇറങ്ങിയേക്കും.

ഋഷഭ് പന്തിനുപകരം രാഹുലിനെ വിക്കറ്റ് കീപ്പറാക്കാനും സാധ്യതയുണ്ട്. ബൗളര്‍മാരില്‍ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് കരുത്തുപകര്‍ന്നിട്ടുണ്ട്. ബാറ്റിലും തിളങ്ങുന്ന ശര്‍ദുള്‍ താക്കൂര്‍ സ്ഥാനം നിലനിര്‍ത്തും. മൂന്നാംപേസറായി നവ്ദീപ് സെയ്നിയോ മുഹമ്മദ് ഷമിയോ ഇറങ്ങും.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് വാംഖഡെയില്‍. ടോസ് നേടുന്ന ടീം ആദ്യം ബൗളിങ് തെരഞ്ഞെടുത്തേക്കും. രാത്രിയിലെ മഞ്ഞുവീഴ്ച കണക്കിലെടുത്താകും തീരുമാനം. തിങ്കളാഴ്ച അപ്രതീക്ഷിതമായി മഴയും പെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News