ജുമാ മസ്ജിദ് പാകിസ്ഥാനിലാണെന്ന പോലെയാണ് ദില്ലി പൊലീസിന്റെ പെരുമാറ്റം; പ്രതിഷേധങ്ങള്‍ ഭരണഘടനാ അവകാശം; ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജിയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതില്‍ ദില്ലി പൊലീസിന് രൂക്ഷ വിമര്‍ശനം.

പ്രതിഷേധിക്കുക ഭരണഘടനാ അവകാശം ആണെന്ന് ഓര്‍മിപ്പിച്ച തീസ് ഹസാരി കോടതി നിങ്ങള്‍ ഭരണ ഘടനാ വായിച്ചിട്ടുണ്ടോ എന്നും പൊലീസിനോട് ചോദിച്ചു.ചന്ദ്രശേഖര്‍ ആസാദ് നല്‍കിയ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനം.

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരത്തിനിടെ ദില്ലി ദരിയാഗഞ്ചില്‍ സംഘര്‍ഷം അരങ്ങേറിയിരുന്നു. ഇതിന്റെ പേരില്‍ അറസ്റ്റില്‍ ആയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ദില്ലി പൊലീസ് കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയത്.

ആസാദിന്റെ ജാമ്യം നിഷേധിക്കാന്‍ പോലീസ് ചൂണ്ടിക്കാട്ടിയ കാരണങ്ങളെ കോടതി നിശിതമായി വിമര്ശിച്ചു. നിയമപരം അല്ലാത്ത പ്രതിഷേധം നടത്തി എന്ന പൊലീസ് വാദം കശ്മീര്‍ കേസിലെ ഉത്തരവടക്കം ചൂണ്ടിക്കാട്ടി കോടതി വിമര്‍ശിച്ചു.

പ്രതിഷേധിക്കുക പൗരന്റെ ഭരണ ഘടനാ അവകാശമാണ്. അതില്‍ ഭരണ ഘടനാ വിരുദ്ധമായി ഒന്നുമില്ല. നിങ്ങള്‍ ഭരണ ഘടനാ വായിച്ചിട്ടുണ്ടോ എന്ന് പോലീസിന് വേണ്ടി ഹാജര്‍ ആയ പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ചോദിച്ചു.

തുടര്‍ച്ചയായ നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗം ആണെന്ന സുപ്രീംകോടതി ഉത്തരവ് കോടതി ഓര്മപ്പെടുത്തുകയും ചെയ്തു. ജുമാ മസ്ജിദിനെ പ്രതിഷേധ വേദിയാക്കി എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ജുമാ മസ്ജിദ് പാകിസ്താനിലാണ് എന്നത് പോലെയാണ് പോലീസിന്റെ പെരുമാറ്റം. പാകിസ്താനില്‍ പോയും പ്രതിഷേധിക്കാമെന്ന് ആയിരുന്നു ജസ്റ്റിസ് കാമിനി ലാഊവിന്റെ മറുപടി.

ചന്ദ്രശേഖര്‍ ആസാദ് അക്രമം നടത്തിയതിന് തെളിവ് ചോദിച്ച കോടതി ആസാദിന് എതിരായ എല്ലാ എഫ് ഐ ആറുകളും നാളെ ഹാജരാക്കണം എന്നും നിര്‍ദേശിച്ചു.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ദില്ലി ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധം ഗതാഗത തടസം ഉണ്ടാക്കുന്നു എന്ന് കാണിച്ചുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പ് ആക്കി. കളിന്ദി കുഞ്ച് ഷഹീന്‍ ബാഗ് റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനം ദില്ലി പൊലീസിന് വിട്ടു.

വിശാലമായ പൊതു താല്പര്യം പരിഗണിച്ചുകൊണ്ടും നിയമപരമായും ഉള്ള നടപടി എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ജാമിയ മിലിയയിലെ പോലീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധികള്‍ ജാമിയ വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കം നടത്തുകയാണ്. 4 ദിവസത്തെ സമ്പര്‍ക്ക പരിപാടിയാണ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News