തമിഴ്നാട്ടിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ്‌ എ അബ്ദുള്‍ വഹാബ് അന്തരിച്ചു

കുമളി: തമിഴ്നാട്ടിലെ മുതിർന്ന കമ്യൂണിസ്റ്റും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എ അബ്ദുൾ വഹാബ്(94) അന്തരിച്ചു.

ആരോഗ്യപരമായ കാരണങ്ങളാൽ ദീർഘനാളായി വിശ്രമത്തിലായിരുന്ന അദ്ദേഹം കമ്പത്തെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് മരിച്ചത്.

മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കമ്പം വാവർ പള്ളിയിൽ കബറടക്കി. തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റംഗമായും തീക്കതിർ ദിനപ്പത്രത്തിന്റെ മാനേജരായും ദീർഘകാലം പ്രവർത്തിച്ചു.

കമ്പത്ത് ആക്കൂർ മീരാ ലബ്ബസാഹിബിന്റെയും ഫാത്തിമായുടേയും ഇളയ മകനായി 1925 ഫെബ്രുവരി ഒന്നിനാണ് അബ്ദുൾവഹാബ് ജനിച്ചത്.

പാളയം ബക്കറിന്റെ സഹോദരി പരേതയായ ഐഷയാണ് ഭാര്യ. മക്കൾ: സെയ്തലി ഫാത്തിമ, മുഹമ്മദ് യാക്കൂബ്, വഹീദാബീഗം, ജെയാബീഗം.

പാർടി പ്രവർത്തകർ അദ്ദേഹത്തെ സ്നേഹത്തോടെ അത്താ എന്നായിരുന്നു വിളിച്ചിരുന്നത്. അവിഭക്തപാർടിയിൽ കോട്ടയം ജില്ലയുടെ ഭാഗമായതും പിന്നീട് ഇടുക്കിയിൽ ചേർക്കപ്പെട്ടതുമായ ഹൈറേഞ്ചിലായിരുന്നു പ്രവർത്തനം.

പിന്നീട് പാർടിയുടെ റെയിൽവേ തൊഴിലാളികളെ സംഘടിപ്പിച്ചതിന് 1948ൽ തൃച്ചി ഗൂഢാലോചന കേസിൽ പ്രതിയായതിനെ തുടർന്ന് രണ്ട് വർഷം പീരുമേട്ടിൽ ഒളിവിൽ കഴിഞ്ഞു.

ഇന്ത്യ–-ചൈന യുദ്ധവേളയിൽ ചൈന ചാരനാണെന്നാരോപിച്ച് രണ്ട് വർഷം ജയിലിലടച്ചു. നാല് വർഷം ഒളിവിൽ പ്രവർത്തിച്ചിട്ടുണ്ട്. 1961 ൽ അമരാവതിയിൽ സമരം നടന്നപ്പോൾ എ കെ ജിയെ കാണാൻ വഹാബ് പലതവണ എത്തിയിരുന്നു.

1964 ൽ കുംഭകോണത്ത് കൂടിയ സിപിഐ സംസ്ഥാന കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് തമിഴ്നാട്ടിൽ സിപിഐ എം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്ത 32 പേരിൽ ഒരാളായിരുന്നു അബ്ദുൾവഹാബ്.

1964ൽ അവസാനം 16 മാസക്കാലത്തോളം കടലൂർ സെൻട്രൽ ജയിലിൽ അടച്ചു. 1975ൽ സിപിഐ എം തമിഴ്നാട് സംസ്ഥാന കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുന്നാറിൽ താമസിച്ച് പ്രവർത്തിക്കവെ തണുത്ത കാലാവസ്ഥ മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ 1973ൽ തമിഴ്നാട്ടിലേക്ക് പോയി.

കേരളവുമായി ഏറെ ആത്മബന്ധം പുലർത്തിയ സമരനായകനെയാണ്‌ എ അബ്ദുൾ വഹാബിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

1961ൽ കുടിയിറക്കിനെതിരെ അമരാവതിയിൽ എ കെ ജിയൊടൊപ്പം സമരത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം സിപിഐ എമ്മിനും രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണുണ്ടാക്കിയതെന്നും കോടിയേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അബ്‌ദുൾ വഹാബിന്റെ നിര്യാണത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News