പൗരത്വ ഭേദഗതി നിയമം : യോജിച്ച പ്രക്ഷോഭത്തിന്റെ പാത അടഞ്ഞിട്ടില്ല: മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന്റെ പാതകൾ അടഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരള നിയമസഭ ഏകകണ്ഠമായി പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം പാസാക്കി. യോജിച്ച പ്രക്ഷോഭത്തിനും തീരുമാനിച്ചു.

എന്നാൽ പിന്നീട് ചില ചെറിയ മനസ്സിന്റെ ഉടമകൾ എതിർപ്പുമായി വന്നു. പ്രതിപക്ഷനേതാവിന് ഒന്നും വ്യക്തമായി പറയാനാവാത്ത സ്ഥിതിയായി.

ഇനിയും യോജിച്ച പ്രക്ഷോഭത്തിന്റെ പാതകൾ അടഞ്ഞിട്ടില്ല. കൂട്ടായ പോരാട്ടത്തിന്റെ ശക്തി വലുതാണ്. കേരളം ഒറ്റക്കെട്ടായി കേന്ദ്രസർക്കാരിന്റെയും ആർഎസ്എസിന്റെയും ഗൂഢലക്ഷ്യത്തിനെതിരെ ഒന്നിച്ചണിനിരക്കണമെന്നും പിണറായി പറഞ്ഞു.

തൃശൂരിൽ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

പൗരത്വഭേദഗതിനിയമത്തിന്റെ പേരിൽ കേരളത്തിലെ ജനങ്ങൾക്ക് തെല്ലും ഉൽക്കണ്ഠ വേണ്ട. ചില ജനവിഭാഗങ്ങളെ പൗരത്വത്തിൽനിന്നൊഴിവാക്കാൻ ആദ്യം ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻപിആർ) അതിൽനിന്ന് ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി) ഉണ്ടാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്ററുണ്ടാക്കാൻ ഏപ്രിൽ ഒന്നു മുതൽ സെപ്തംബർ 30 വരെ കണക്കെടുപ്പ് നടത്തുമെന്നാണ് കേന്ദ്രപ്രഖ്യാപനം.

എന്നാൽ ഇതൊന്നും കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. കേരള സർക്കാരിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല.

പുതിയ പൗരത്വ നിയമത്തിൽ ആർഎസ്എസിന് ചില അജൻഡകളുണ്ട്. നിയമം അടിസ്ഥാനപരമായി ഭരണഘടനാ വിരുദ്ധമാണ്.

കേന്ദ്രസർക്കാരിന്റെ കിരാത നടപടിക്കെതിരെ ലോകമാകെ അഭൂതപൂർവമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. എണ്ണായിരം പണ്ഡിതന്മാർ ഒപ്പിട്ട് പ്രതിഷേധമറിയിച്ചു.

ഒട്ടേറെ രാഷ്ട്രത്തലവന്മാർ ഇന്ത്യാസന്ദർശനം റദ്ദാക്കി. ഇന്ത്യയിൽ ഇതുവരെ സമരരംഗത്തുവരാത്ത ഐഐടി, ഐഐഎം, ഐഐഎസ് തുടങ്ങിയ പ്രൊഫഷണൽ സ്ഥാപനങ്ങളിലടക്കം ശക്തമായ പ്രതിഷേധം നടന്നുവെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here