‘മന്ത്രിയമ്മ സഹായിക്കുമെന്നറിയാമായിരുന്നു അതുകൊണ്ടാണ് കത്തെഴുതിയത്’; മൂന്നാംക്ലാസുകാരന്റെ ചികിത്സയ്ക്കായി ആരോഗ്യമന്ത്രിക്ക് കത്തെഴുതി സഹപാഠികള്‍

കൂട്ടുകാരന്‍റെ ചിക്തസയ്ക്ക് സഹായം തേടി മൂന്നാം ക്ലാസിലെ കുരുന്നുകൾ അയച്ച കത്ത് ഫലംകണ്ടു. കത്ത് ലഭിച്ചതിന് തൊട്ടു പിന്നാലെ ശാരീരിക അസ്വാസ്ഥ്യം മൂലം ബുദ്ധിമുട്ടുന്ന അശ്വിന് ചികിത്സ ഉറപ്പാക്കി.

ഒപ്പം ആരോഗ്യമന്ത്രിയും നേരിട്ടെത്തി. വിധി തളർത്തിയിട്ടും മനം നിറഞ്ഞു അശ്വിന്‍റെ മാതാപിതാക്കൾക്ക് ആ സാന്നിധ്യം‍.

കൊല്ലം വെസ്റ്റ് കല്ലട ഗവ. എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന 33 വിദ്യാര്‍ത്ഥികളാണ് സഹപാഠിയായ അശ്വിന് വേണ്ടി ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് കത്തെ‍ഴുതിയത്.

അശ്വിന്‍റെ മാതാപിതാക്കള്‍ക്ക് ചികിത്സ നടത്താനുള്ള സാമ്പത്തികമില്ലെന്നും മന്ത്രിയമ്മ സഹായിക്കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന.

കത്ത് ലഭിച്ച ആരോഗ്യമന്ത്രി ഉടന്‍ ഇടപെട്ടു. വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.എം.ആറില്‍ ചികിത്സക്കായെത്തിയ അശ്വിനെ കാണാനും മന്ത്രി എത്തി

അശ്വിനെ പോലുള്ള കുട്ടികള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. മന്ത്രിയുടെ ഇടപെടലില്‍ നന്ദി പറയുകയാണ് മനം നിറഞ്ഞ് അശ്വിന്‍റെ കുടുംബം. മന്ത്രിയമ്മ ഇടപെടുമെന്ന പ്രതീക്ഷയിലാണ് കത്ത് അയച്ചതെന്ന് അശ്വിന്‍റെ കൂട്ടുകാരും പറഞ്ഞു

എഴുന്നേറ്റ് നില്‍ക്കാനോ, നടക്കാനോ, സംസാരിക്കാനോ കഴിയില്ല അശ്വിന്. രണ്ട് വയസുകാരന്‍റെ വളര്‍ച്ച മാത്രമാണുള്ളത്.

ഒരു ടീച്ചര്‍ ആഴ്ചയില്‍ ഒരു ദിവസം വീട്ടിലെത്തിയാണ് അശ്വിനെ പഠിപ്പിക്കുന്നത്. മധു – സുനില ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അശ്വിന്‍.

സെറിബ്രല്‍ പാള്‍സി ബാധിച്ച അശ്വിനെ മികച്ച ചികിത്സയിലൂടെയും തെറാപ്പിയിലൂടെയും മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News