പീഡിയാട്രിക് അത്യാഹിത വിഭാഗം, മിഠായി ക്ലിനിക്ക്, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി; പുതിയ മുഖവുമായി തിരുവനന്തപുരം എസ്എടി ആശുപത്രി

പുതിയ മുഖവുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രി. പുതിയ പീഡിയാട്രിക് അത്യാഹിത വിഭാഗത്തിന്‍റെയും മിഠായി ക്ലിനിക്കിന്‍റെയും മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയുടെയും ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. 70 ലക്ഷം രൂപ ചെലവിട്ടാണ് പീഡിയാട്രിക് അത്യാഹിത വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ എസ് എ ടി കൂടുതല്‍ ശിശു സൗഹൃദമാകുകയാണ്. ആധുനിക സൗകര്യങ്ങളോടെയാണ് പീഡിയാട്രിക് അത്യാഹിത വിഭാഗം നവീകരിച്ചിരിക്കുന്നത്.

ശീതീകരിച്ച അത്യാഹിത വിഭാഗത്തില്‍ മൂന്ന് കിടക്കകളും അത്യാവശ്യഘട്ടങ്ങളില്‍ കുഞ്ഞുങ്ങളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിനായുളള ട്രാന്‍സ്‌പോര്‍ട്ട് വെന്‍റിലേറ്ററും മോണിറ്ററുകളുമുണ്ട്.

പുതിയ അള്‍ട്രാ സൌണ്ട് സ്കാനിംഗ് മെഷീനും സ്ഥാപിച്ചു. എസ്.എ.ടി ആശുപത്രിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു‍.

പ്രമേഹബാധിതരായ കുട്ടികള്‍ക്കുള്ള മിഠായി ക്ലിനിക്കാണ് മറ്റൊരു വിസ്മയം. ഒരു ഡേ കെയര്‍ മാതൃകയില്‍ ഒരുക്കിയ ക്ലിനിക്കിലുടെ ഇന്‍സുലിന്‍, ഇന്‍സുലിന്‍ കുത്തിവയ്ക്കാനുളള പേന, ഗ്ലൂക്കോമീറ്ററും അതിന്‍റെ സ്ട്രിപ്പുകളും, ഇന്‍സുലിന്‍ പമ്പ് വരെ നല്‍കുവാന്‍ കഴിയുമെന്ന് എസ് എ ടി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാര്‍ പറഞ്ഞു

ഇതു വരെ 160 കുട്ടികൾ മിഠായി ക്ലിനിക്കിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടൈപ്പ് വൺ പ്രമേഹ രോഗം ബാധിച്ച കുട്ടികള്‍ക്കായി സാമൂഹ്യനീതി വകുപ്പിന് കീഴില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ ആരംഭിച്ച മിഠായി പദ്ധതിയുടെ ഭാഗമായാണ് മിഠായി ക്ലിനിക്കും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകളിലും ക്ളിനിക്ക് പ്രവർത്തനമാരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News