ദേശീയപാതകളില്‍ ഇന്നുമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം

ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ബുധനാഴ്‌ച രാവിലെ എട്ടുമുതൽ ഫാസ്‌ ടാഗ്‌ സംവിധാനം നിർബന്ധം. കുമ്പളം–അരൂർ ടോൾപ്ലാസയിൽ എട്ടും കളമശേരി–വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ പൊന്നാരിമംഗലത്ത്‌ ആറും ട്രാക്കുകളിലാണ്‌ സംവിധാനം. നേരത്തെ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളും ഫാസ്‌ടാഗിന്റെ ക്ഷാമവുംമൂലം നീട്ടിവയ്‌ക്കുകയായിരുന്നു.

ടോൾ പ്ലാസയിലെ ക്യൂവിൽ കുരുങ്ങി സമയവും ഇന്ധനവും പാഴാക്കാതെ ഓൺലൈനായി ടോൾ അടച്ച്‌ പോകാവുന്ന സംവിധാനമാണ്‌ ഫാസ്‌ടാഗ്‌.

ടോൾ നിരക്കിൽ മാറ്റമില്ല. പണം നേരിട്ട്‌ നൽകാൻ രണ്ടുവീതം ട്രാക്ക്‌ ഒരുക്കിയിട്ടുണ്ട്‌. ആംബുലൻസ്‌ ഉൾപ്പെടെയുളള അവശ്യവാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും കടന്നുപോകാനും രണ്ട്‌ ട്രാക്കുണ്ട്‌.

എന്നാൽ ഫാസ്‌ ടാഗില്ലാതെ ഫാസ്‌ട്രാക്കിലൂടെ വാഹനം കടന്നാൽ ഇരട്ടി തുക ഈടാക്കും. കണ്ടെയ്‌നർ റോഡിൽ മൂന്നുമുതൽ എട്ടുവരെ ട്രാക്കുകളും കുമ്പളത്ത്‌ രണ്ടുമുതൽ -ഏഴുവരെ ട്രാക്കുകളും ഫാസ്‌ ടാഗ്‌ ഉപയോഗിക്കുന്നവർക്കുള്ളതാണ്‌.

കുമ്പളത്ത്‌ ഒന്നും എട്ടും ട്രാക്കിലും കണ്ടെയ്‌നർ റോഡിൽ 2, 9 ട്രാക്കിലും പണം അടയ്‌ക്കാം.അഞ്ച്‌ മീറ്റർ അകലെ വാഹനം സ്‌കാൻ ചെയ്‌താണ്‌ പണം സ്വീകരിക്കുന്നത്‌. എന്നാൽ അക്കൗണ്ടിൽ മതിയായ തുകയില്ലെങ്കിൽ ബ്ലാക്ക്‌ ലിസ്‌റ്റിൽപ്പെടും. .500 രൂപമുതൽ നിക്ഷേപിക്കാം. കാറുകൾക്ക്‌ 200 രൂപയും ലോറികൾക്ക്‌ 1000 രൂപയും ബാലൻസ്‌ വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here