സംഘികളെ, ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല; മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല: ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും; ആ ഓര്‍മ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധം

മന്ത്രി തോമസ് ഐസക്ക് എഴുതുന്നു

കുറ്റ്യാടിയിലെ ബിജെപിക്കാര്‍ വിളിച്ച ബോധവത്കരണ മുദ്രാവാക്യങ്ങളില്‍ നരേന്ദ്രമോദി മുതല്‍ സാദാ അനുഭാവി വരെയുള്ളവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മുസ്ലിംവിരുദ്ധത കത്തിക്കാളുന്നതില്‍ അത്ഭുതമില്ല.

വാരിച്ചുറ്റിയ നീലപ്പുതപ്പിനകത്ത് എത്ര നേരമെന്നു വെച്ചാണ് കുറുക്കന്‍ കൂകാനുള്ള ഉള്‍പ്രേരണ ഒളിപ്പിച്ചു വയ്ക്കുക? ഒരുവശത്ത് മുസ്ലിംങ്ങളെ ആശ്വസിപ്പിക്കാനും ബോധവത്കരിക്കാനുമെന്ന പേരില്‍ ബിജെപിക്കാരുടെ ഗൃഹസന്ദര്‍ശനവും പൊതുയോഗ വിശദീകരണവും. മറുവശത്ത് ഗുജറാത്ത് ഓര്‍മ്മയില്ലേയെന്ന് അവരോട് ഭീഷണി!

ഗുജറാത്തില്‍ തങ്ങള്‍ നടത്തിയ കൊലയും കൊള്ളിവെയ്പ്പും ബലാത്സംഗങ്ങളും ഓര്‍മ്മയില്ലേയെന്നാണ് പരസ്യമായി ചോദിക്കുന്നത്. ഏതറ്റം വരെ അധപ്പതിച്ച മനുഷ്യരാണെന്നു നോക്കൂ. മേല്‍പ്പറഞ്ഞ പാതകങ്ങളൊക്കെ സ്വന്തം പാര്‍ടിക്കാര്‍ നടത്തിയ ധീരകൃത്യങ്ങളായി കരുതി മനസില്‍ താലോലിക്കുകയും തക്കം കിട്ടിയാല്‍ അതൊക്കെ കേരളത്തിലും ആവര്‍ത്തിക്കാന്‍ വെമ്പി നടക്കുകയും ചെയ്യുന്ന ഇരുകാലികള്‍ നമുക്കു ചുറ്റുമുണ്ട്.

നാട് കേരളമായതുകൊണ്ടും ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സംഘടനാശേഷിയുള്ളതുകൊണ്ടും മോഹം മനസില്‍ വെച്ചിരിക്കുന്നെന്നേയുള്ളൂ.

രാജ്യമെമ്പാടും സംഘപരിവാര്‍ ഗുണ്ടകള്‍ അത്യാവേശത്തിലാണ്. നേതാവെന്നോ അണിയെന്നോ ഭേദമില്ലാതെ എല്ലാവരും കൊലവെറിയുടെ വ്യാകരണത്തിലാണ് സംസാരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഞാനൊരു വീഡിയോ കണ്ടു. നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കുമെതിരെ ശബ്ദമുയര്‍ത്തിയാല്‍ വീട്ടില്‍ കയറി തല്ലുമെന്നും കൊന്നു കളയുമെന്നുമൊക്കെ ഒരുത്തന്‍ ഒരു കൂസലുമില്ലാതെ കാമറയെ നോക്കി ഭീഷണി മുഴക്കുന്നു.

ബിജെപിയ്‌ക്കെതിരെ സംസാരിക്കാന്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ച ആരുണ്ടെന്നാണ് വെല്ലുവിളി. പോലീസും പട്ടാളവുമടക്കം എല്ലാ സംവിധാനങ്ങളുമെല്ലാം തങ്ങളുടെ കൈയിലാണെന്നൊരു മുന്നറിയിപ്പും.

ഈ ഭാഷയില്‍ സംസാരിക്കുന്ന ബിജെപിയുടെ മന്ത്രിമാരെയും നാം കണ്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്നാണ് ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി രഘുരാജ് സിംഗിന്റെ ഭീഷണി.

പൊതുമുതല്‍ നശിപ്പിച്ചവരെ ആസാമിലെയും ഉത്തര്‍പ്രദേശിലെയും കര്‍ണാടകത്തിലെയും ബിജെപി സര്‍ക്കാര്‍ പട്ടികളെപ്പോലെ വെടിവെച്ചു കൊന്നുവെന്നാണ് ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വെളിപ്പെടുത്തല്‍.

ഒരു കൂട്ടക്കൊലയ്ക്ക് തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു എന്നാണോ സംഘപരിവാറിന്റെ അനുയായികളും നേതാക്കളും രാജ്യത്തിനു നല്‍കുന്ന മുന്നറിയിപ്പ്?

ഗോവധ നിരോധന നിയമത്തിന്റെ പേരില്‍ സംഘപരിവാര്‍ ഗുണ്ടകള്‍ തെരുവില്‍ അഴിഞ്ഞാടിയതുപോലൊരു സാഹചര്യം, പൌരത്വത്തിന്റെ പേരിലും രാജ്യത്താകെ സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

നാലാള്‍ കൂടുന്നിടത്തെല്ലാം പൌരത്വത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കും. അതിനുള്ള റിഹേഴ്‌സലാണ് പ്രസംഗങ്ങളായും മുദ്രാവാക്യങ്ങളായും പുറത്തു വരുന്നത്.

പൌരത്വബില്ലിന്റെയും പൗരത്വ രജിസ്റ്ററിന്റെയും യഥാര്‍ത്ഥ ഉന്നം ആരാണെന്ന് ഈ മുദ്രാവാക്യങ്ങളും രക്തദാഹമിരമ്പുന്ന പ്രസ്താവനകളും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിക്കുന്നു. മറ്റ് രാജ്യങ്ങളില്‍ മതപീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്‍കി ഇന്ത്യാക്കാരനാക്കുകയൊന്നുമല്ല ലക്ഷ്യം. ഈ രാജ്യത്ത് ജീവിക്കുന്നവരെത്തന്നെയാണ് ഉന്നമിടുന്നത്.

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല. മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. ജനങ്ങളെ നിരന്തരമായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ബിജെപിയുടെ വര്‍ഗീയ അജണ്ട പൊളിക്കാന്‍ ആ ഓര്‍മ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News