പെണ്‍ കരുത്തിന്റെ ഗിയറില്‍ ബുള്ളറ്റില്‍ ഹൈറേഞ്ച് സാഹസികതയ്‌ക്കൊരുങ്ങി ആന്‍ഫിയും മെഴ്സിയും

പതിനെട്ടാം വയസില്‍ ഏഴായിരം കിലോമീറ്റര്‍ താണ്ടി ബുള്ളറ്റില്‍ ഹിമാലയന്‍ യാത്ര നടത്തി മടങ്ങിയെത്തിയ ആന്‍ഫി മരിയ ബേബി ഇരുപതാം വയസില്‍ മറ്റൊരു സാഹസിക യാത്രക്ക് ഒരുങ്ങുകയാണ്. ഇടുക്കിയിലെ പാല്‍ക്കുളമേട്ടിലേക്ക് ബുള്ളറ്റില്‍ സാഹസിക യാത്രയ്ക്കൊരുങ്ങുന്നആന്‍ഫിയെ കാത്തിരിക്കുന്നത് ദുര്‍ഘടം നിറഞ്ഞ പാതകളാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും അപകടം പിടിച്ച ഓഫ് റോഡുകളില്‍ ഒന്നാണ് പാല്‍കുളമേട്. സമുദ്ര നിരപ്പില്‍ നിന്ന് 3125 അടി ഉയരമുള്ള പാല്‍ക്കുളമേട് ഇടുക്കി ജില്ലയിലാണ്. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണിത്. ഓഫ് റോഡ് റൈഡ് ഇഷ്ടപെടുന്നവര്‍ പാല്‍ക്കുളമേട് തിരഞ്ഞെടുക്കാറുണ്ടെങ്കിലും ദൗത്യം പൂര്‍ത്തിയാക്കുന്നവര്‍ അപൂര്‍വം.

ഉരുളന്‍ കല്ലുകളും വഴുക്കലും ചെങ്കുത്തായ കയറ്റങ്ങളും നിറഞ്ഞ തീര്‍ത്തും അപകടം നിറഞ്ഞ പാതയാണിത്. പാതി വഴിയില്‍ ദൗത്യം ഉപേക്ഷിച്ച് മടങ്ങുന്നവരും ഏറെയാണ്. 40 കിലോമീറ്റര്‍ ഓഫ്റോഡാണിത്. കൊടും കാടിന് നടുവിലൂടെയാണ് രണ്ട് വനിതകള്‍ മാത്രമടങ്ങുന്ന സംഘത്തിന്റെ യാത്ര. ജീപ്പുകള്‍ പോലും അതീവ സാഹസികമായാണ് ഈ വഴിയില്‍ ഓഫ് റോഡ് റൈഡ് നടത്തുന്നത്.

തീര്‍ത്തും സാഹസികത നിറഞ്ഞ പാല്‍ക്കുളമേട് ബുള്ളറ്റില്‍ താണ്ടാനൊരുങ്ങുകയാണ് കളമശ്ശേരിക്കാരിയായ ആന്‍ഫി മരിയ ബേബിയും എറണാകുളം സ്വദേശി മേഴ്സി ജോര്‍ജ്ജും. ജനുവരി 17 നാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിക്കുന്നത്. ഇരുപതുകാരിയായ ആന്‍ഫിയും നാല്പത്തിയാറുകാരിയായ മേഴ്സിയും യാത്രയ്ക്കിടയില്‍ പരിചയപ്പെട്ടവരാണ്. പിന്നീട് പല യാത്രകളിലും പങ്കാളികളായി.

പതിനെട്ടാമത്തെ വയസില്‍ ലൈസന്‍സ് എടുത്തയുടനെ 20 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് ഹിമാലയത്തിലേക്കും തിരിച്ചും ബുള്ളറ്റില്‍ യാത്ര ചെയ്ത ശേഷം ബുള്ളറ്റ് യാത്രയെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ക്കായി ആന്‍ഫി റോയല്‍ ട്യൂണ്‍ റൈഡേഴ്സ് എന്ന ഗ്രൂപ്പ് ആരംഭിച്ചു. ലേഡി ഓണ്‍ റോഡ് എന്ന പേരില്‍ യു ട്യൂബ് ചാനലും ആരംഭിച്ചു. 18 മുതല്‍ 60 വയസ് വരെയുള്ള യാത്രയെ സ്‌നേഹിക്കുന്ന സ്ത്രീകള്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

സ്ത്രീകള്‍ വിചാരിച്ചാലും ഇത്തരം കാര്യങ്ങള്‍ സാധിക്കും എന്ന് ബോധ്യപ്പെടുത്തുകയാണ് യാത്രയുടെ പ്രാഥമിക ലക്ഷ്യമെന്ന് ആന്‍ഫിയും മെഴ്സിയും പറയുന്നു. വനിതാശാക്തീകരണവും സ്ത്രീ സ്വാതന്ത്ര്യവും പ്രസംഗങ്ങളിലും പ്രഖ്യാപനങ്ങളിലും മാത്രം ഒതുങ്ങാതെ ഓരോ പെണ്‍കുട്ടിയും സ്വയം മാതൃക കാട്ടണം എന്ന ചിന്തയില്‍ നിന്നാണ് സാഹസികത ഇഷ്ട്ടപ്പെട്ടു തുടങ്ങിയതെന്ന് ആന്‍ഫി പറയുന്നു.

ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. ഇത്തരം സാഹസിക യാത്രകള്‍ കഴിയുമ്പോള്‍ മനസിന് കൂടുതല്‍ കരുത്ത് കൈവരും. യാത്രകളോട് വല്ലാത്ത പ്രണയമാണ്. യാത്രകള്‍ ആസ്വദിക്കുമ്പോള്‍ തന്നെ സമൂഹത്തിനു ചില സന്ദേശങ്ങള്‍ നല്കാന്‍ നമുക്ക് കഴിയും. ആത്മവിശ്വാസം കൈമുതലായുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് കഴിയാത്തതായി ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാണ് അതീവ ദുര്‍ഘടമായ പാല്‍ക്കുളമേട് തെരഞ്ഞെടുത്തതെന്നും ആന്‍ഫി പറയുന്നു.

യാത്രകള്‍ പോകുമ്പോള്‍ ആദ്യമൊക്കെ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറെ പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും ആന്‍ഫി പറഞ്ഞു. യാത്രയെ ഇഷ്ടപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കുമായി ഈ യാത്ര സമര്‍പ്പിക്കുകയാണെന്നും ആന്‍ഫിയും മെഴ്സിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here