ഇത് കേരളമാണ്, ജനങ്ങള്‍ക്ക് ഒരാപത്തും വരാതെ സര്‍ക്കാര്‍ സംരക്ഷിക്കും; മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്ലാവരും യോജിക്കണം: മുഖ്യമന്ത്രി പിണറായി

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു ആപത്തും വരാതെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമത്തിലൂടെ മാറ്റിനിര്‍ത്താന്‍ ആര്‍എസ്എസ് ഉദ്ദേശിക്കുന്നവരോടൊപ്പം ഈ സര്‍ക്കാര്‍ ഉണ്ടാകും.

ഭരണഘടനയ്ക്ക് എതിരായ നിയമമായതുകൊണ്ടാണത്. ഭരണഘടനാ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് നിയമത്തിനെതിരെ രാജ്യത്തിനു മാതൃകയായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെയും സമീപിച്ചതെന്ന് കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ ഭരണഘടനാ സംരക്ഷണ ബഹുജന സംഗമം ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്നതുകൊണ്ടാണ് ഈ നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭമാണ് അഭികാമ്യമെന്ന് എല്ലാ വിഭാഗങ്ങളോടും ആവര്‍ത്തിച്ച് അഭ്യര്‍ഥിക്കുന്നത്. സമരരംഗത്തുള്ള എല്ലാവര്‍ക്കും ഒറ്റപ്പെട്ട നിലയില്‍ ശക്തിയുണ്ട്. ആ ശക്തിക്കും അപ്പുറമാണ് പലതും. മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്ലാവരും യോജിക്കണം. രാജ്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്ന് എല്ലാവര്‍ക്കും ഇനിയും മനസ്സിലായിട്ടില്ല. അവരാണ് യോജിച്ച സമരത്തിനെതിരെ പറയുന്നത്. അവരെക്കുറിച്ച് ‘ഹാ, കഷ്ടം’ എന്നു മാത്രമെ പറയുന്നുള്ളൂ.

ഇത് കേരളമാണ്. ജാതി, മതഭേദമില്ലാതെ ഏകോദര സോദരരെപ്പോലെ ഒന്നിച്ചുനിന്നു വളര്‍ന്നവരാണ് നമ്മള്‍. ഒരു തരത്തിലും ഭിന്നത പ്രകടിപ്പിക്കാത്തവരാണ്. നമ്മള്‍ ഇതുവരെ പ്രകടിപ്പിച്ച മഹാശക്തിയും നടപടികളും രാജ്യമാകെ ശ്രദ്ധിച്ചു. കുഞ്ഞു മനസ്സുള്ളവര്‍ക്ക് ഇക്കാര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല. തര്‍ക്കിക്കാന്‍ മറ്റ് എന്തെല്ലാം കാര്യങ്ങളുണ്ട്.

കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടക്കില്ല. ഇതാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ അടിത്തറയും അടിസ്ഥാനവും. ജനസംഖ്യാ രജിസ്റ്ററില്ലെങ്കില്‍ പൗരത്വ രജിസ്റ്ററിന്റെ ഒരു പ്രവര്‍ത്തനവും ഇല്ല. അതാണ് കേരളം നല്‍കുന്ന ഉറപ്പ്. എന്നാല്‍, സാമൂഹ്യ സുരക്ഷയുടെ ഭാഗമായി അങ്കണവാടി അധ്യാപകര്‍ നടത്തുന്ന സര്‍വേയുടെ പേരില്‍ ആശങ്ക വേണ്ട- മുഖ്യമന്ത്രി പറഞ്ഞു.

കള്ളം പറയാന്‍ മടിയില്ലാത്തവരാണ് ആര്‍എസ്എസുകാര്‍. വലിയ ആര്‍എസ്എസുകാരന്‍ വലിയ കള്ളം പറയും. അതിനാലാണ് പൗരത്വ രജിസ്റ്ററിന്റെ കാര്യത്തില്‍ നരേന്ദ്രമോഡി ന്യൂഡല്‍ഹിയില്‍ വലിയ കള്ളം പറഞ്ഞത്. ആഗോളതലത്തിലും രാജ്യത്തും പ്രതിഷേധം ഉയര്‍ന്നപ്പോഴായിരുന്നു ഇത്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നത് ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യഘട്ടമാണെന്നത് പ്രധാനമന്ത്രി മറച്ചുവയ്ക്കുന്നു. പൗരത്വ രജിസ്റ്ററിന്റെ പ്രത്യേക നടപടിക്രമങ്ങള്‍ ജനസംഖ്യാ രജിസ്റ്റര്‍വച്ച് ചെയ്യാമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ട്. 2003 മുതലാണ് ഇതിനുള്ള നടപടി ബിജെപി സര്‍ക്കാര്‍ തുടങ്ങിയത്. ആര്‍എസ്എസിന്റെ അജന്‍ഡകള്‍ ഘട്ടം ഘട്ടമായി നടപ്പാക്കുന്ന ചുവടുകളാണ് ഇതെല്ലാം. അതാകട്ടെ ജര്‍മനിയില്‍ ഹിറ്റ്ലര്‍ സ്വീകരിച്ചതിന് സമാനവും- പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News