ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനുള്ള സംസ്ഥാനമല്ല, കേരളമെന്ന് മുഖ്യമന്ത്രി പിണറായി; ഭരണഘടനാ വിരുദ്ധമായ ഒരു നിയമവും ഇവിടെ നടപ്പാക്കില്ല

മലപ്പുറം: പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവ ആര്‍എസ്എസിന്റെ നിയമമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആര്‍എസ്എസിന്റെ നിയമം കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘പശുവിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ നടന്ന കൊലകള്‍ രാജ്യത്തിന്റെ ഭരണ കര്‍ത്താക്കള്‍ അപലപിച്ചില്ല. മതനിരപേക്ഷത ഇല്ലാതാക്കി മതാധിഷ്ഠിത രാഷ്ട്രം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്.

ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ ചെയ്യുന്നതാണ് ആര്‍എസ്എസ് ഇവിടെ ചെയ്യുന്നത്. മുത്തലാഖ് നിയമത്തില്‍ മുസ്ലീമിന്റെ വിവാഹ മോചനകാര്യം മാത്രം ക്രിമിനല്‍ നിയമത്തില്‍ പെടുത്തി. മറ്റെല്ലാവരുടെ വിവാഹ മോചനം സിവില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തി,’ എന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ മുന്നോടിയായുള്ളതാണ്. ഇത് രാജ്യത്തിന്റെ നിയമമല്ല. ആര്‍എസ്എസിന്റെ നിയമമാണ്. ആര്‍എസ്എസിന്റെ നിയമം കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല,’ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമാപന സമ്മേളനത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ‘ജനങ്ങള്‍ ഭയത്തിലും അവ്യക്തതയിലുമാണ്. ഒരു കാലത്തും ഒരു ഭരണകൂടവും ചെയ്യാന്‍ പാടില്ലാത്തതാണത്.

ഭയമില്ലാതാക്കാനുള്ള പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നത്. ഒരു നേതാവിന് അണികള്‍ക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് വേണ്ടത്, അത് മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്തയുടെ പൂര്‍ണ പിന്തുണ,’യുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News