ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി

ദില്ലി: പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി. വന്‍ സ്വീകരണമാണ് ജയിലിന് പുറത്ത് ആസാദിന് അണികള്‍ നല്‍കിയത്.

ഇന്നലെ ദില്ലി തീസ് ഹസാരി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ജയില്‍ മോചിതനായത്. അടുത്ത നാല് ആഴ്ചത്തേക്ക് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ ഉണ്ടാകാന്‍ പാടില്ല എന്നത് അടക്കമുളള ഉപാധികളോടെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോയാണ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചത്.

ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നു. അതിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്റ്റേഷനിലെത്തണം. ചികിത്സക്കായി ഡല്‍ഹിയില്‍ വരേണ്ടതുണ്ടെങ്കില്‍ പൊലീസിനെ അറിയിക്കണം. ഡല്‍ഹിയില്‍ സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു മാസത്തേക്ക് വിട്ട് നില്‍ക്കണം. തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്.

വാദത്തിനിടെ, ഡല്‍ഹി ജമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ ആസാദിനെ അനുവദിക്കണമെന്ന അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതി അത് അംഗീകരിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരായ ജുമാമസ്ജിദിലെ പ്രതിഷേധങ്ങളില്‍ ഡല്‍ഹി പൊലീസ് നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പ്രതിഷേധവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു പ്രതിഷേധത്തെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായാണ് കോടതി വിമര്‍ശിച്ചത്. പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലായ ആസാദ് കഴിഞ്ഞ മാസം 21 മുതല്‍ ജയിലിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News