വ്യവസായ ഇടനാഴിക്ക് 1351ഏക്കർ ഏറ്റെടുക്കും; കുതിപ്പേകാൻ ഡിജിറ്റല്‍ സർവകലാശാലയും

ബംഗളൂരു-കൊച്ചി വ്യവസായ ഇടനാഴിയിൽ പാലക്കാട്ട്‌ സ്ഥാപിക്കുന്ന ഏകീകൃത ഉൽപ്പാദന ക്ലസ്റ്ററിന് 1351 ഏക്കർ ഭൂമി ഏറ്റെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കിഫ്ബി സഹായത്തോടെ പുതുശ്ശേരി, ഒഴലപ്പതി ഭാഗങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്. 1038 കോടി രൂപയാണ് ചെലവ്. ബംഗളരു–കോയമ്പത്തൂർ വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടുന്നതിനുള്ള കേരളത്തിന്റെ അപേക്ഷ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ്‌ ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്.

160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം.

കുതിപ്പേകാൻ ഡിജിറ്റല്‍ സർവകലാശാലയും

സംസ്ഥാനത്ത്‌ ആദ്യ ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തെ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും ഐടി വ്യവസായത്തിന്റെയും കേന്ദ്രമാക്കാനുള്ള ശ്രമങ്ങൾക്ക്‌ ഇത്‌ വൻ കുതിപ്പാകും.

നിർമിത ബുദ്ധി, ഓഗ് മെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകളിൽ വിദേശത്തുമാത്രമുള്ള പഠനസൗകര്യങ്ങൾ ഇതോടെ മലയാളിക്കും ലഭിക്കുകയാണ്‌.

ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ സർവകലാശാലയുമാകുമിത്‌. ഡിജിറ്റല്‍ മേഖലയില്‍ ഉയര്‍ന്ന നിലവാരമുള്ള മാനവ ശക്തിയുടെ കുറവ് പരിഹരിക്കാൻ കഴിയുന്നതോടെ കൂടുതൽ തൊഴിൽ അവസരവും ഉണ്ടാകും.

ഡിജിറ്റൽ സാങ്കേതികവിദ്യാ ഗവേഷണത്തിലും ബിരുദാന്തര ബിരുദത്തിലുമായിരിക്കും സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക.

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ്‌ മാനേജ്മെന്റ്‌ – കേരളയെ (ഐഐഐടിഎംകെ)യാണ്‌ ഡിജിറ്റൽ സർവകലാശാലയായി ഉയർത്തുക.

ടെക്നോസിറ്റിയിലുള്ള വിശാലമായ ക്യാമ്പസിലേക്ക്‌ വൈകാതെ മാറാനിരിക്കെയാണ് സർവകലാശാലാ പദവി. ഇതിനുവേണ്ടി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.

“ദി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ്‌ ടെക്നോളജി’ എന്ന പേരിലായിരിക്കും സർവകലാശാല.

വിവരസാങ്കേതിക വ്യവസായവും ഡിജിറ്റൽ സാങ്കേതികവിദ്യയും വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ തുടർച്ചയാണിത്‌.

ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ നൂതന ഗവേഷണവും സംരംഭകത്വവും വളർത്തുക, വ്യവസായ-വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ്‌ ലക്ഷ്യം. ഗുണനിലവാരമുള്ള മാനവശക്തി വികസിപ്പിക്കാനും ഇത് പ്രയോജനപ്പെടും.

നൂതന സാങ്കേതിക വിദ്യകൾക്ക്‌ ഊന്നൽ

പുതിയ സാങ്കേതിക വിദ്യകളായ നിർമിത ബുദ്ധി, ഡാറ്റാ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ, കോഗ്നിറ്റീവ് സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്‌, ഓഗ് മെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകും.

സ്കൂൾ ഓഫ് കംപ്യൂട്ടിങ്‌, സ്കൂൾ ഓഫ് ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ്‌ ഓട്ടോമേഷൻ, സ്കൂൾ ഓഫ് ഇൻഫർമാറ്റിക്സ്, സ്കൂൾ ഓഫ് ഡിജിറ്റൽ ബയോ സയൻസ്, സ്കൂൾ ഓഫ് ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്നിങ്ങനെ സർവകലാശാലയ്ക്ക്‌ കീഴിൽ അഞ്ച് സ്കൂളും സ്ഥാപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News