‘കുട്ടികളുണ്ടാക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ അതിലപ്പുറം എന്തുവേണം ?’; യുപി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് പ്രമുഖ നടി സദഫ് ജാഫര്‍

ന്യൂഡൽഹി: ‘നിങ്ങൾക്ക്‌ ഇന്ത്യയിൽ കുട്ടികളെ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ? അതിൽ കൂടുതൽ എന്തുവേണം? ഇങ്ങനെ ചോദിച്ചുകൊണ്ടാണ്‌ പൊലീസുകാർ മർദിച്ചത്‌’–പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലഖ്‌നൗവിൽ പ്രതിഷേധിച്ചതിന്‌ ജയിൽവാസവും മര്‍ദനവും നേരിട്ട പ്രമുഖ നടി സദഫ്‌ ജാഫർ പറഞ്ഞു.

പുരുഷന്മാരുടെ വസ്ത്രം എന്റെ മുന്നിൽവച്ച് അവര്‍ അഴിച്ചുപരിശോധിച്ചു– രോഷമടക്കാന്‍ പ്രയാസപ്പെട്ട് അവര്‍ പറഞ്ഞു.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവർക്കൊപ്പം മാധ്യമങ്ങള്‍ക്കു മുന്നിലാണ് അവര്‍ ദുരനുഭവം വിവരിച്ചത്.

ഡിസംബർ 19നു വൈകിട്ട്‌‌‌‌ ‌ ലഖ്‌നൗ പരിവർത്തൻചൗക്കിൽ സമാധാനപരമായി പ്രതിഷേധ റാലി നടക്കവെ അക്രമികൾ കല്ലെറിഞ്ഞു. പൊലീസ്‌ അനങ്ങിയില്ല. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തവെയാണ്‌ പൊലീസ്‌ പിടികൂടിയത്‌.

വാഹനത്തിൽവച്ചുതന്നെ മർദനം തുടങ്ങി. പേര്‌ മനസ്സിലാക്കിയപ്പോള്‍ പാകിസ്ഥാനി എന്നായി അഭിസംബോധന. വീട്ടിലോ അഭിഭാഷകനെയോ വിളിക്കാൻ അനുവദിച്ചില്ല. ഐജിയുടെ മുറിയിലേക്ക്‌ എന്നപേരിൽ വിളിച്ചുകൊണ്ടുപോയി.

മുറിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന് നെയിം ബാഡ്‌ജ്‌ ഉണ്ടായിരുന്നില്ല. മോശമായി സംസാരിച്ച അയാള്‍ എന്നെ മർദിക്കാൻ വനിതാ പൊലീസുകാരോട്‌ നിർദേശിച്ചു. അതില്‍ തൃപ്തിവരാതെ അയാൾ മുടിയിൽ പിടിച്ചുവലിച്ചശേഷം വയറ്റിൽ തൊഴിച്ചു–-സദഫ്‌ പറഞ്ഞു.

മീര നായരും വിജയ്‌ വർമയും ചേർന്ന്‌ ഒരുക്കുന്ന ‘എ സ്യൂട്ടബിൾ ബോയ്’ എന്ന ചിത്രത്തിൽ അഭിനയിച്ചുവരവെയാണ്‌ സദഫ്‌ പ്രതിഷേധത്തിൽ പങ്കെടുത്ത്‌ ജയിലിലായത്‌.

‘ആ അംബേദ്കർ എവിടെ’’എന്നുചോദിച്ച്‌ തെരഞ്ഞുപിടിച്ചാണ്‌ ‌ തന്നെ മർദിച്ചതെന്ന്‌ സാമൂഹിക പ്രവർത്തകൻ പവൻറാവു അംബേദ്‌കർ പറഞ്ഞു.

തലയ്‌ക്കടിയേറ്റ്‌ ബോധം നഷ്ടപ്പെട്ടു. വനിതാ പൊലീസുകാർ ഹെൽമെറ്റ്‌ ഉപയോഗിച്ചാണ്‌ അടിച്ചത്‌. ഹെൽമെറ്റ്‌ പൊട്ടുന്നതുവരെ തല്ലി’. വിരമിച്ച ഐജിയും പൊതുപ്രവർത്തകനുമായ എസ്‌ ആർ ധാരാപുരിയും പൊലീസ്‌ അതിക്രമത്തിന്റെ അനുഭവം പങ്കിട്ടു.

കള്ളക്കേസിൽ കുടുക്കിയാണ് ജയിലിൽ അടച്ചത്. 32 വർഷം പൊലീസുകാരനായ എനിക്കുണ്ടായ അനുഭവം ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും–- അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News