അലയൊടുങ്ങാത്ത പ്രതിഷേധങ്ങള്‍; അണിചേരുന്ന ജനസഞ്ചയം

പൗരത്വ ഭേദഗതി നിയമം പാർലമെന്റ്‌ പാസാക്കിയിട്ട്‌ ഒരുമാസം പിന്നിട്ടിരിക്കുന്നു. 2019 ഡിസംബർ 11 നാണ്‌ ഭേദഗതി നിയമം പാർലമെന്റ്‌ അംഗീകരിച്ചത്‌. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യവ്യാപകമായി വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ്‌ ഉയർന്നുവന്നത്‌.

പ്രതിഷേധയോഗങ്ങൾ, റാലികൾ, ധർണകൾ, മനുഷ്യച്ചങ്ങല തുടങ്ങി വിവിധ രൂപത്തിലുള്ള പ്രതിഷേധങ്ങൾ നടക്കാത്ത ഒരുദിവസംപോലും കടന്നുപോയിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും പ്രതിഷേധങ്ങളിൽ കൂടുതൽ കൂടുതൽ വിദ്യാർഥികളും സാധാരണക്കാരും പങ്കാളികളായി.

ഇതുവരെ രാഷ്ട്രീയപ്രശ്‌നങ്ങളിൽ ഇടപെട്ട ചരിത്രമില്ലാത്ത രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർഥികൾ പ്രക്ഷോഭത്തിൽ അണിനിരന്നുവെന്നതാണ്‌ ഏറ്റവും പ്രധാന സവിശേഷത.

മുൻനിരസ്ഥാപനങ്ങളായ ഐഐടികൾ, ഐഐഎമ്മുകൾ, ശാസ്‌ത്ര, സാങ്കേതിക ഗവേഷണസ്ഥാപനമായ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌, ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ വരേണ്യ കോളേജുകളിലെ വിദ്യാർഥികളും പ്രക്ഷോഭത്തിന്‌ മുന്നിട്ടിറങ്ങി എന്നത്‌ പുതിയ അനുഭവമാണ്‌.

മുസ്ലിങ്ങൾ വൻതോതിൽ പ്രക്ഷോഭരംഗത്തിറങ്ങി എന്നതാണ്‌ മറ്റൊരു പ്രത്യേകത. മുസ്ലിംസ്‌ത്രീകളുടെ പങ്കാളിത്തവും എടുത്തുപറയേണ്ടതാണ്‌.

ഡൽഹിയിലെ ഷാഹിൻബാഗിൽ മുസ്ലിംവനിതകൾ മൂന്ന്‌ ആഴ്‌ച തുടർച്ചയായി നടത്തിയ ധർണ ഇതിന്‌ ഉദാഹരണമാണ്‌.

ദേശീയപതാകയും ഭരണഘടനയും ഏന്തിയാണ്‌ മുസ്ലിങ്ങൾ അവരുടെ പ്രതിഷേധത്തിന്‌ രൂപം കൊടുത്തത്‌. ഭരണഘടനയും അതിന്റെ മതനിരപേക്ഷതയിൽ അധിഷ്ഠിതമായ പൗരത്വവും ഉയർത്തിപ്പിടിച്ചാണ്‌ അവർ അവരുടെ അവകാശത്തിനുവേണ്ടി നിലകൊള്ളുന്നതെന്നാണ്‌ ഇതിലൂടെ ഊന്നിപ്പറയുന്നത്‌.

ഇത്രയും വിപുലമായതോതിൽ പെട്ടെന്ന്‌ ഉയർന്നുവന്ന ബഹുജനപ്രക്ഷോഭത്തെ എങ്ങനെ നേരിടണമെന്നതിൽ മോഡി സർക്കാരും ബിജെപിയും ബുദ്ധിമുട്ടുകയാണ്‌.

മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും വിവേചനം സൃഷ്‌ടിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ്‌ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ ജനസംഖ്യാ രജിസ്‌റ്ററിനെയും ദേശീയ പൗരത്വ രജിസ്‌റ്ററിനെയും സാധാരണ ജനങ്ങൾ കാണുന്നത്‌.

ജനകീയപ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താനാണ്‌ മോഡി–- അമിത്‌ ഷാ ദ്വയങ്ങൾ ശ്രമിക്കുന്നത്‌. പ്രതിപക്ഷ പാർടികളെ കടന്നാക്രമിക്കുകയാണ്‌ മോഡി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിപക്ഷനിലപാട്‌ പാകിസ്ഥാനെ സഹായിക്കാനാണെന്നാണ്‌ മോഡി പറയുന്നത്‌.

‘ അർബൻ നക്‌സലുകൾ’ അവരുടെ ഗൂഢമായ ലക്ഷ്യത്തിനായി വിദ്യാർഥികളെ ഉപയോഗിക്കുന്നതിനെതിരെയും മോഡി ഭീഷണി മുഴക്കുന്നു.

അമിത്‌ ഷായാകട്ടെ അദ്ദേഹത്തിന്റെ ക്രൂരമായ ശൈലിയിലൂടെ പ്രതിഷേധിക്കുന്നവരെ ‘തുക്കഡേ, തുക്കഡേ ഗ്യാങ്‌ ’ എന്ന്‌ പരിഹസിക്കുകയും എല്ലാവരെയും ജയിലിലടയ്‌ക്കുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സമാധാനപരമായി സംഘടിപ്പിച്ച പ്രതിഷേധങ്ങളെപോലും പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്തുകയായിരുന്നു.

ജനങ്ങൾ ഒത്തുകൂടുന്നത്‌ തടയാൻ പല പ്രദേശങ്ങളിലും 144 പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ്‌ സംവിധാനം വിച്ഛേദിച്ചു.

ഏറ്റവും ക്രൂരമായ രീതിയിലാണ്‌ ഉത്തർപ്രദേശിൽ പ്രതിഷേധങ്ങളെ സർക്കാർ നേരിട്ടത്‌. 22 പേരെ ഇവിടെ പൊലീസ്‌ വെടിവച്ചുകൊന്നു. ഒരു പ്രകോപനവുമില്ലാതെ സമാധാനപരമായി പ്രതിഷേധിച്ചവർക്കുനേരെ ഏകപക്ഷീയമായി വെടിയുതിർക്കുകയായിരുന്നു.

മുസ്ലിംകേന്ദ്രങ്ങളെയും അവരുടെ വീടുകളെയും ലക്ഷ്യമിട്ട പൊലീസ്‌ വ്യാപകമായ അതിക്രമമാണ്‌ നടത്തിയത്‌. ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ അസമിൽ പൊലീസ്‌ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.

ഇത്തരത്തിൽ എല്ലാ അടിച്ചമർത്തൽ നടപടികൾ സ്വീകരിച്ചിട്ടും ജനകീയപ്രക്ഷോഭത്തെ തകർക്കാനായില്ല. യഥാർഥത്തിൽ, ജാമിയ മിലിയയിലെയും അലിഗഢിലെയും വിദ്യാർഥികൾക്കു നേരെ നടന്ന പൊലീസ്‌ അതിക്രമത്തിനും ജെഎൻയുവിലെ ഗുണ്ടാ ആക്രമണത്തിനുശേഷവും കൂടുതൽ വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.

ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാർടികളെയും സാമൂഹ്യസംഘടനകളെയൂം മതനേതാക്കളെയും ഐക്യത്തോടെ രംഗത്തിറക്കി ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തെ കേരളം മുന്നിൽ നിന്ന്‌ നയിക്കുകയാണ്‌.

ദേശീയ ജനസംഖ്യാ രജിസ്‌റ്ററിനുള്ള കണക്കെടുപ്പ്‌ നിർത്തിവയ്‌ക്കാനുള്ള കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെ തീരുമാനം ഒരു വഴിത്തിരിവായി മാറി.

ബംഗാളിന്‌ പുറമേ കോൺഗ്രസ്‌ വർക്കിങ്‌ കമ്മിറ്റി തീരുമാനപ്രകാരം കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും ഇതേ നിലപാട്‌ സ്വീകരിക്കണം.

മറ്റ്‌ സംസ്ഥാന സർക്കാരുകളും അവർ ദേശീയ പൗരത്വ രജിസ്‌റ്റർ നടപ്പാക്കില്ലെന്ന്‌ പ്രഖ്യാപിക്കുകയും ദേശീയ ജനസംഖ്യാ രജിസ്‌റ്ററിന്റെ നടപടികൾ നിർത്തിവയ്‌ക്കുകയൂം ചെയ്‌താൽ എൻആർസിയെ ഫലപ്രദമായി കൂട്ടിലടയ്‌ക്കാൻ സാധിക്കും.

ഇത്‌ ജനകീയമുന്നേറ്റത്തിന്റെ ആദ്യവിജയവുമാകും. ബിജെപിയുടെയും ആർഎസ്‌എസിന്റെയും ഹിന്ദുത്വ പദ്ധതികൾക്കെതിരെ രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്രയും വലിയ എതിർപ്പ് ഉയരുന്നത്‌.

ഹിന്ദുരാഷ്ട്രം യാഥാർഥ്യമാക്കാനുള്ള നയശൃംഖലയുടെ പ്രധാന കണ്ണിയാണ്‌ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്‌റ്ററുമെന്ന്‌ സാധാരണ ജനങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ ഇത്രയും വലിയ എതിർപ്പുയർന്നത്‌.

മോഡി സർക്കാർ വീണ്ടും അധികാരത്തിൽ വന്ന്‌ ഏഴ്‌ മാസത്തിനിടയിൽ കൈക്കൊണ്ട പ്രധാനപ്പെട്ട മൂന്ന്‌ നടപടികളും ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു.

ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്‌മീരിന്‌ പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ തീരുമാനമായിരുന്നു ആദ്യത്തേത്‌. സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌തു.

അയോധ്യാഭൂമി തർക്ക കേസിലെ സുപ്രീംകോടതി വിധിയാണ്‌ രണ്ടാമത്തേത്‌. ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന അതേ സ്ഥലത്തുതന്നെ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകുകയായിരുന്നു സുപ്രീംകോടതിവിധിയിലൂടെ. മൂന്നാമത്തെ നടപടിയാണ്‌ പൗരത്വ ദേഭഗതി നിയമവും ദേശീയ പൗരത്വ രജിസ്‌റ്ററും.

ജനങ്ങൾ അഭിമുഖീകരിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങളിൽനിന്ന്‌ അവരുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള മോഡി സർക്കാരിന്റെയും ബിജെപിയുടെയും തന്ത്രപരമായ നീക്കമാണ്‌ സിഎഎ–-എൻആർസി എന്ന്‌ ഹിന്ദുത്വത്തെ എതിർക്കുന്ന ഒരു വിഭാഗം അവകാശപ്പെടുന്നുണ്ട്‌.

എന്നാൽ, ഇത്‌ പൂർണമായും ശരിയല്ല. ബിജെപി–-ആർഎസ്‌എസ്‌ സഖ്യത്തിന്റെ പ്രധാന അജൻഡ എന്നത്‌ ഹിന്ദുത്വ വർഗീയ അജൻഡ തന്നെയാണ്‌.

ഇന്ത്യൻ ഭരണഘടനയെയും ഭരണരീതിയെയും ഹിന്ദുരാഷ്ട്രത്തിന്റെ നയത്തിനനുസരിച്ച്‌ മാറ്റുക എന്നത്‌ അവരുടെ പ്രത്യയശാസ്‌ത്ര പരിപാടിയുടെ ഭാഗമാണ്‌.

ഹിന്ദു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഇന്ത്യൻ പൗരത്വം എന്ന നിലപാടാണ്‌ ഹിന്ദുത്വ വാദികളുടെ ഗുരുക്കളാണെന്ന്‌ കരുതുന്ന വി ഡി സവർക്കറും ഗോൾവൾക്കറും സ്വീകരിച്ചത്‌. അവരെ സംബന്ധിച്ച്‌ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണ്‌.

രാജ്യവും പൗരത്വവും മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന വർഗീയ ബോധത്തെയാണ്‌ സിഎഎ–- എൻആർസിയെ എതിർക്കുന്നവർ വെല്ലുവിളിക്കുന്നത്‌.

വർഗീയനിലപാടിനെ നേരിടുന്നത്‌ ചില രാഷ്ട്രീയ പാർടികളോ സംഘടനകളോ മാത്രമല്ല, സാധാരണ പൗരന്മാരും പ്രത്യേകിച്ച്‌ യുവാക്കളുമാണ്‌.

അതുകൊണ്ടുതന്നെ രാജ്യത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ നമ്മൾ ഒരു പ്രത്യേക ഘട്ടത്തിൽ എത്തിയിരിക്കുകയാണ്‌. ശക്തരായ ഹിന്ദുത്വ വാദികളെ സാധാരണ ജനങ്ങൾ വെല്ലുവിളിക്കുകയാണ്‌. ഇത്‌ ശരിക്കും ബിജെപി ഭരണാധികാരികളെ വിറളി പിടിപ്പിച്ചിരിക്കുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News