ഗവര്‍ണറുടെ അധികാരങ്ങള്‍ എന്തെല്ലാം? അഡ്വ. ടി കെ സുരേഷ് എഴുതുന്നു

അഡ്വ. ടി കെ സുരേഷ് എഴുതുന്നു:

താനൊരു റബ്ബര്‍ സ്റ്റാമ്പല്ല എന്ന് ഗവര്‍ണ്ണര്‍ സ്വയം പ്രഖ്യാപിക്കുന്നു .
എന്നാല്‍ ആരുടെ കയ്യിലെ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമില്ല ..
അദ്ദേഹത്തിനുതന്നെ എന്തോ ആശങ്കയുള്ളതുപോലെ ..

തന്നെ നിയമിച്ച കേന്ദ്ര സര്‍ക്കാറിന്റെ കയ്യിലെ റബ്ബര്‍ സ്റ്റാമ്പ് ആവരുത് ഗവര്‍ണ്ണര്‍ എന്നു തന്നെയാണ് നാമെല്ലാം ആഗ്രഹിക്കുന്നത് .

ജസ്റ്റിസ് പി.സദാശിവത്തില്‍ നിന്നും ശ്രീ.ആരിഫ് മുഹമ്മദ് ഖാനിലേക്ക് പ്രകാശവര്‍ഷങ്ങളുടെ ദൂരമുള്ളതു പോലെ ..

ഗവര്‍ണ്ണറെന്നാല്‍ ഭരണഘടനയെന്നല്ല അര്‍ത്ഥം . മുഖ്യമന്ത്രിയെ പോലെ, സ്പീക്കറെ പോലെ, അഡ്വക്കറ്റ് ജനറലിനെ പോലെ, ഒരു ഭരണഘടനാ പദവി മാത്രമാണ് ഗവര്‍ണ്ണറുടേത് ..
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറിനെയും ഭരണഘടനാ തത്ത്വങ്ങളെയും സംരക്ഷിക്കാനുള്ള ഉന്നതമായ ഭരണഘടനാപദവി

എന്നാല്‍ ഒട്ടുമിക്ക ചാനലുകള്‍ക്കും അഭിമുഖവും കൊടുത്ത് ഞാനാണ് സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന് ഞെളിഞ്ഞു നിന്ന് വീമ്പിളക്കുന്ന
ഹിസ് എക്‌സലന്‍സി നിര്‍ഭാഗ്യവശാല്‍ കേരള ജനതയ്ക്കിന്ന് വെറുപ്പുളവാക്കുന്ന
ഒരു രാഷ്ട്രീയ കൗതുകമായി മാറുകയാണ് .

മുഖ്യമന്ത്രിയോടും സ്പീക്കറോടും രാഷ്ട്രീയ നേതാക്കളോടും ഭരണഘടന വായിക്കാന്‍ പരിഹാസപൂര്‍വ്വം ഉപദേശിക്കുന്ന , വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തന പരിചയമുള്ള മുന്‍ BJP നേതാവും ഇപ്പോഴും അതേ വേഷത്തില്‍ നിറഞ്ഞാടുകയും ചെയ്യുന്ന ഗവര്‍ണ്ണര്‍ ഹിസ് എക്‌സലന്‍സി ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനയും ബന്ധപ്പെട്ട സുപ്രീം കോടതി വിധികളും വായിക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ ..

ഒരു സംസ്ഥാനത്തെ ജനത വോട്ടു ചെയ്ത് തിരഞ്ഞെടുക്കുന്നതല്ല ഗവര്‍ണ്ണറെ ..
ഒരു സംസ്ഥാനത്തെയും ജനത ഒരു കാലത്തും ഒരു ഗവര്‍ണ്ണറെയും ഒരു നിലയ്ക്കും നെഞ്ചേറ്റിയിട്ടുമില്ല ..
അവര്‍ ഹൃദയത്തിലേറ്റിയിട്ടുള്ളത് അവരുടെ ജനനേതാക്കളെയാണ് .. അവരുടെ ജന പ്രതിനിധികളെയാണ്
ജനങ്ങള്‍ക്ക് ചോദിക്കാനും പറയാനുമുള്ളതും അവരോടാണ്.

വളരെ ചുരുക്കിപ്പറഞ്ഞാല്‍ ഫെഡറല്‍ സംവിധാനത്തില്‍ യൂണിയന്‍ ഗവണ്‍മെന്റും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള കണക്റ്റിങ്ങ് ലിങ്ക് മാത്രമാണ് ഗവര്‍ണ്ണര്‍
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 153 ലാണ് Governors of States നെക്കുറിച്ച് പറയുന്നത് . അത് ഇപ്രകാരമാണ്. : There shall be Governor for each State . തുടര്‍ന്നുള്ള ആര്‍ട്ടിക്കിളുകളില്‍ ഗവര്‍ണ്ണറുടെ നിയമനത്തെക്കുറിച്ചും എക്‌സിക്യുട്ടീവ് അധികാരങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു.
എന്നാല്‍ ആര്‍ട്ടിക്കിള്‍ 163 ല്‍ വ്യക്തമായി പ്രതിപാദിക്കുന്നത് Council of Ministers to aid and advise Governor എന്നതാണ്.
അതിന്റെ ക്ലോസ് 1 ഇപ്രകാരമാണ്
There shall be a council of Ministers with the chief Minister at the head to aid and advise the Governor in the exercise of his functions, except in so far as he is by or under this constitution required to exercise his functions or any of them in his discretion
ഗവര്‍ണ്ണറുടെ വിവേചനാധികാരത്തില്‍ പെട്ട സംഗതികളൊഴികെയുള്ള ഗവര്‍ണ്ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനും , ആയതിനായി ഗവര്‍ണ്ണര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും മുഖ്യമന്ത്രി തലവനായുളള ഒരു കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് ഉണ്ടായിരിക്കും .

അതായത് മന്ത്രിസഭാ തീരുമാനങ്ങള്‍ക്കനുസരിച്ചു തന്നെയാണ് ഗവര്‍ണ്ണര്‍ ഭരണഘടനാപരമായ അധികാരമുപയോഗിച്ച് ഭരണം നടത്തേണ്ടത് .
ഗവര്‍ണ്ണറുടെ വിവേചനാധികാരം എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ പരമാധികാരം എന്ന പദമല്ല.
ഗവര്‍ണ്ണര്‍ സ്റ്റേറ്റിന്റെ പരമാധികാരിയേ അല്ല.

ആര്‍ട്ടിക്കിള്‍ 163 ല്‍ പറയുന്ന advise എന്ന പദത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവരും , തീരുമാനമെടുക്കുന്നത് പൂര്‍ണ്ണമായും ഗവര്‍ണ്ണറാണെന്നും ഗവര്‍ണ്ണറെ ഉപദേശിക്കാന്‍ മാത്രമേ മന്ത്രി സഭയ്ക്ക് അധികാരമുള്ളൂ എന്നു തെറ്റിദ്ധരിച്ചും അല്ലാതെയും ബോധപൂര്‍വ്വമായും വാദിക്കുന്നവരുമുണ്ട്.
അവര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 വായിക്കേണ്ടതുണ്ട്

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 പ്രകാരം മുഖ്യമന്ത്രിയെയും , മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാരെയും നിയമിക്കുന്നത് ഗവര്‍ണ്ണറാണ് എന്നു പറയുന്നു .
ആര്‍ട്ടിക്കിള്‍ 164. ക്ലോസ് 1 ഇപ്രകാരമാണ്.
The chief Minister shall be appointed by the Governor and the other Ministers shall be appointed by the Governor on the advice of the Chief Minister, and the Ministers shall hold office during the pleasure of the Governor:

ഇവിടെയും, മുഖ്യമന്ത്രിയുടെ advice പ്രകാരമാണ് മന്ത്രിമാരെ നിയമിക്കേണ്ടത് എന്ന് പറഞ്ഞതില്‍ നിന്നും advice എന്നത്
കേവലം ഒരു ഉപദേശമല്ലെന്നും, ജനാധിപത്യ വ്യവസ്ഥയില്‍ അത് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനവും, ആ തീരുമാനം ഭരണഘടനാപരമായി നടപ്പാക്കാനുള്ള നിര്‍ദ്ദേശവുമാണെന്നും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം മാത്രമാണ് ഗവര്‍ണ്ണര്‍ക്കുള്ളതെന്നും വ്യക്തമാണല്ലോ .

വിവേചനാധികാരം എന്ന പദത്തെ പരമാധികാരം എന്ന വിധത്തില്‍ വ്യാഖ്യാനിച്ച് ജനാധിപത്യത്തെ അട്ടിമറിച്ച് കേന്ദ്രം വാഴുന്ന പാര്‍ട്ടിയുടെ ഹിതത്തിനനുസരിച്ച് മുഖ്യമന്ത്രിമാരെ നിയമിച്ച പല ഗവര്‍ണ്ണര്‍മാരെയും , കോടതി വിധികളിലൂടെ അത്തരം അധികാര ദുര്‍വിനിയോഗത്തിനേറ്റ പല പ്രഹരങ്ങളെയും ജനാധിപത്യ ഇന്ത്യ പല തവണ കണ്ടിട്ടുണ്ട്

മുന്‍ BJP നേതാവും ഇപ്പോള്‍ ഹിസ് എക്‌സലന്‍സിയുമായ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 ക്ലോസ് 2 വായിച്ചിട്ടുണ്ടായിരിക്കുമെന്ന് ഉറപ്പാണ്.
The Council of Ministers shall be collectively responsible to the Legislative Assembly of the State എന്നാണ് ഭരണഘടന പറയുന്നത് .
അതായത് മുഖ്യമന്ത്രിയുള്‍പ്പെടുന്ന മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം വേണം ..
ആരോട് ?
To the Governor of the state എന്നല്ല.
to the Legislative Assembly of the State എന്നാണ്.
അതായത് ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളോട് ..
ജനങ്ങളോട് ..
അതല്ലാതെ ഗവര്‍ണ്ണറോടല്ല ..

അസംബ്ലിയോടും ഭരണഘടനയില്‍ വിശ്വസിക്കുന്ന ജനങ്ങളോടുമുള്ള ആ ഉത്തരവാദിത്വം നിറവേറ്റിയാണ് മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് കേരള നിയമസഭ വിളിച്ചു ചേര്‍ത്തതും , രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്ന പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയതും, ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളതും .

ഇതിലൊക്കെയാണ് കേവലം രാഷ്ട്രീയ വിരോധത്തിന്റെ മാത്രം പേരില്‍ ഗവര്‍ണര്‍ തരം താണ നിലവാരത്തിലുള്ള അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.

ഇതിലൊന്നും ഗവര്‍ണ്ണര്‍ ക്ഷുഭിതനാകേണ്ട കാര്യമില്ല.
ഗവര്‍ണ്ണറെന്താണെന്നും എന്താകണമെന്നും എന്തേ ആകാവൂ എന്നും പരമോന്നത നീതിപീഠമായ സുപ്രീം കോടതി പലപ്പോഴായി പല വിധികളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഭരണപരമായ വിഷയങ്ങളില്‍ മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കാന്‍ സാധാരണഗതിയില്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ് എന്നാണ് Shamseer Singh v/s State of Punjab and Another (1974 AIR (SC) Page 2192 ) എന്നകേസില്‍ ബഹു:സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്.
ഈ വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ബഞ്ചില്‍ ജസ്റ്റിസ് V.R.കൃഷ്ണയ്യരും അംഗമായിരുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 എന്നത് സംസ്ഥാന സര്‍ക്കാറുകള്‍ക്കുമേല്‍ കടന്നുകയറ്റം നടത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന ഭരണഘടനാ പ്രൊവിഷനാണ്. ഇതിനായി മുന്നില്‍ നിര്‍ത്തുന്നത് കേന്ദ്രസര്‍ക്കാര്‍ നോമിനിയായ ഗവര്‍ണ്ണറെയുമാണ് .

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികളെക്കുറിച്ച് സമഗ്രമായി പഠനം നടത്തുവാന്‍ ജസ്റ്റിസ് രഞ്ജിത്ത് സിങ്ങ് സര്‍ക്കാരിയ അദ്ധ്യക്ഷനായി 1983 ല്‍ ഒരു കമ്മീഷന്‍ നിയമിക്കപ്പെടുകയുണ്ടായി .

ഗവര്‍ണറില്‍ ഭരണഘടനാപരമായി നിക്ഷിപ്തമായ വിവേചനാധികാരം നിഷ്പക്ഷമായും നീതിപൂര്‍വ്വമായും എങ്ങിനെ ഉപയോഗിക്കാം എന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന ആധികാരിക രേഖയാണ് 1988 ല്‍ സമര്‍പ്പിക്കപ്പെട്ട സര്‍ക്കാരിയ കമ്മിഷന്‍ റിപ്പോര്‍ട്ട് .

ഗവര്‍ണര്‍ ഒരിക്കലും പദവിയുടെ അന്തസ്സു കാണിക്കാത്ത രീതിയിലോ എന്തെങ്കിലും വിധത്തിലുള്ള പക്ഷപാതത്തോടെയോ ഭരണഘടനാപരമായി തന്നില്‍ നിക്ഷിപ്തമായ വിവേചനാധികാരം വിനിയോഗിക്കരുതെന്ന് സര്‍ക്കാരിയാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അസന്നിദ്ധമായി വ്യക്തമാക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയ പക്ഷപാതം കാണിക്കുന്നവരെ ഗവര്‍ണര്‍മാരായി നിയമിക്കരുതെന്ന് സര്‍ക്കാരിയാ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുമുണ്ട് .

തുടര്‍ന്നും പല ഗവര്‍ണ്ണര്‍മാരും പലവിധ താല്‍പര്യങ്ങളും മുന്‍നിര്‍ത്തി അധികാര ദുര്‍വിനിയോഗം നടത്തിക്കൊണ്ടിരുന്നതായി പരാതികള്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു.

പലപ്പോഴും ഗവര്‍ണ്ണര്‍മാര്‍ തനി രാഷ്ട്രീയ സ്വരൂപം പ്രകടിപ്പിച്ചു വരാറുള്ളത് ജനാധിപത്യം പ്രതിസന്ധിയിലാകുന്ന തൂക്കുസഭകള്‍ രൂപപ്പെടുമ്പോഴാണ് . തൂക്കു നിയമസഭകളിലെ ഭൂരിപക്ഷ നിര്‍ണ്ണയത്തിലെ സങ്കീര്‍ണ്ണതകള്‍ പലപ്പോഴും ഗവര്‍ണ്ണര്‍മാരുടെ വിവേചനാധികാരത്തില്‍ നിന്നു മാറി തന്നിഷ്ടത്തിനും പരമാധികാരത്തിനും അധികാര ദുര്‍വിനിയോഗത്തിനും കീഴ്‌പ്പെട്ടു കാണാറുണ്ട് .

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 361 രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും കൊടുക്കുന്ന അധികാരം പോലും ലീഗല്‍ സ്‌ക്രൂട്ടിണിക്ക് വിധേയമാണ് എന്ന് ബീഹാര്‍ നിയമസഭയുമായി ബന്ധപ്പെട്ട Rameshwar Prasad V/s Union of India (AIR 2006 SC Page 980 ) എന്ന കേസില്‍ ബഹു:സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

രാജ്യത്തെ ജനതയെ മതപരമായി വിഭജിച്ച് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകര്‍ക്കുന്ന , തികച്ചും ഭരണഘടനാവിരുദ്ധമായ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ
2019 ഡിസംബര്‍ 31 ന് കേരള നിയമസഭ ഐക്യകണ്‌ഠേന ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി .
അതിനെ തുടര്‍ന്നും സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായ ചില പരാമര്‍ശങ്ങള്‍ ഗവര്‍ണ്ണറില്‍ നിന്നും ഉണ്ടായിരുന്നു.

പിന്നീട് കേരള സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുവാനായി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 നല്‍കുന്ന ഭരണഘടനാപരമായ അവകാശത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയലാക്കുകയുണ്ടായി

കേന്ദ്ര സര്‍ക്കാറിന്റെ ഏറാന്‍ മൂളികളല്ല സംസ്ഥാന സര്‍ക്കാറുകള്‍ ..
വിയോജിക്കുവാനും നിയമപരമായി പോരാടുവാനും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവകാശമുള്ളതാണ് .

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 ഈ അവകാശത്തെ വിഭാവനം ചെയ്യുകയും , തര്‍ക്കത്തിലിടപെടാനുള്ള
സുപ്രീംകോടതിയുടെ അധികാരത്തെ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 ഇപ്രകാരമാണ്
Article 131 . Original jurisdiction of the Supreme Court Subject to the provisions of this Constitution, the Supreme Court shall, to the exclusion of any other court, have original jurisdiction in any dispute
സുപ്രീം കോടതിക്ക് മറ്റേതു കോടതികളെയും ഒഴിവാക്കിക്കൊണ്ടുള്ള അന്തിമമായ തീരുമാനത്തിനുള്ള എക്‌സ്‌ക്ലൂസീവ് വിധിക്ക് ആര്‍ട്ടിക്കിള്‍ 131 പ്രകാരം ഇനി പറയുന്ന സാഹചര്യങ്ങളില്‍ അധികാരമുള്ളതാണ്.

(a) between the Government of India and one or more States;
ഇന്ത്യാ ഗവണ്‍മെന്റും ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും തമ്മിലുമോ
or
(b) between the Government of India and any State or States on one side and one or more other States on the other;
ഭാരത സര്‍ക്കാരും, ഒന്നോ ഒന്നിലധികം സംസ്ഥാനങ്ങളും ഒരു വശത്തും, ഒന്നോ ഒന്നിലധികമോ മറ്റുസംസ്ഥാനങ്ങള്‍ മറുവശത്തും ആയതോ
or
(c) between two or more States, if and in so far as the dispute involves any question (whether of law or fact) on which the existence or extent of a legal right depends: (Provided that the said jurisdiction shall not extend to a dispute arising out of any treaty, agreement, covenant, engagements, and or other similar instrument which, having been entered into or executed before the commencement of this Constitution, continues in operation after such commencement, or which provides that the said jurisdiction shall not extend to such a dispute) . രണ്ടോ അതിലധികം സംസ്ഥാനങ്ങളും തമ്മിലുമോ,
ഉണ്ടാകുന്ന ഏത് തര്‍ക്കത്തിലും, ആ തര്‍ക്കം നിയമ സംബന്ധമായ ഒരു അവകാശത്തിന്റെ അസ്തിത്വത്തെയോ വ്യാപ്തിയെയോ സംബന്ധിച്ച ഒരു വിഷയം ( അത് നിയമസംബന്ധമോ, വസ്തുതാ സംബന്ധമോ ആയാലും) ഉള്‍ക്കൊള്ളുന്നുവെങ്കില്‍, അത് ഉള്‍ക്കൊള്ളുന്നിടത്തോളമത്രയും സുപ്രീം കോടതിക്ക് മറ്റേതു കോടതികളെയും ഒഴിവാക്കിക്കൊണ്ടുള്ള പ്രഥമമായ ആധികാരികത ഉണ്ടായിരിക്കുന്നതാണ്.

അതായത് ചുരുക്കം ഇത്രമാത്രം
കേന്ദ്ര നിയമത്തിനെ നിയമപരമായി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 131 പ്രകാരം സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നു.

ആ ഭരണഘടനാപരമായ അവകാശം ചങ്കുറപ്പുള്ള ഭരണാധികള്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുകതന്നെ ചെയ്യും

സംസ്ഥാനമെന്നാല്‍ ഇന്ത്യന്‍ യൂണിയനുകീഴിലുള്ള
ഒരു അടിമഭൂപ്രദേശമല്ല എന്നതു തന്നെയാണ്
ഭരണഘടനയുടെ വ്യക്തമായ അന്തഃസത്ത

സംസ്ഥാന ഭരണത്തില്‍ ഗവര്‍ണറുടെ സ്ഥാനത്തെയും പദവിയെയും കുറിച്ച് ഭരണഘടനാ ശില്‍പ്പിയായ
ഡോ. ബി.ആര്‍ . അംബേദ്കര്‍ പറഞ്ഞത് ഇപ്രകാരമാണ്. ”ഗവര്‍ണ്ണര്‍ എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കണമെന്നതാണ് ഭരണഘടനാ തത്വം . തന്റെ സ്വന്തം വിവേചനാധികാരത്താലോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാലോ നിര്‍വഹിക്കേണ്ടതായ യാതൊരു ചുമതലകളും സംസ്ഥാന ഭരണത്തില്‍ ഗവര്‍ണര്‍ക്കില്ല’.

നിയമസഭയില്‍ സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തുന്ന ഗവര്‍ണ്ണര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസര്‍ക്കാറിന്റെ മുഖമായാണ് പ്രത്യക്ഷപ്പെടുന്നത്. അല്ലാതെ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിയായല്ല.

ഗവര്‍ണ്ണര്‍ പ്രഖ്യാപിക്കുന്നത് സംസ്ഥാനമന്ത്രിസഭ തീരുമാനിച്ച സംസ്ഥാനസര്‍ക്കാറിന്റെ നയമാണ് .
അല്ലാതെ താനാണ് സര്‍ക്കാറിന്റെ തലവന്‍ എന്ന സ്വയംബോദ്ധ്യത്തില്‍ തന്റെ സ്വന്തം നയങ്ങളല്ല .
ഈ ഒരൊറ്റക്കാര്യം മാത്രം മതി ഗവര്‍ണ്ണര്‍ എന്ന പദവിയുടെ സാംഗത്യം മനസ്സിലാക്കാന്‍

തന്നെ നിയമിച്ച രാഷ്ട്രീയ നേതൃത്വത്തോട് അന്ധമായി കൂറുപുലര്‍ത്തുന്ന വിശ്വസ്ഥനായ സ്വയം സേവകനാകരുത് ഗവര്‍ണ്ണര്‍ ..
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറിനെ ഭരണഘടനാപരമായി സംരക്ഷിക്കുന്ന ജനാധിപത്യത്തിന്റെ കാവലാളാകണം ഗവര്‍ണ്ണര്‍ .

ഗവര്‍ണ്ണര്‍ പറഞ്ഞതു തന്നെയാണ്
ഗവര്‍ണ്ണര്‍ എപ്പോഴും ഓര്‍ക്കേണ്ടത്.
താന്‍ ഒരു റബ്ബര്‍ സ്റ്റാമ്പല്ല …

ടി.കെ.സുരേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News