കേന്ദ്രത്തിന്റെ ചെലവുചുരുക്കല്‍ നയം തെറ്റ്; സമ്പദ്ഘടനയിലെ എല്ലാ മേഖലയിലും സര്‍ക്കാര്‍ ഇടപെടലുണ്ടാകണം: യുഎന്‍ സാമ്പത്തിക കമ്മീഷന്‍ തലവന്‍

ന്യൂഡല്‍ഹി: റിപ്പോനിരക്കുകള്‍ കുറച്ചും ഓഹരിവിപണിയില്‍ കുതിപ്പ് സൃഷ്ടിച്ചും സമ്പദ്ഘടനയെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സംഘടന ഏഷ്യാ-പസിഫിക് സാമ്പത്തിക-സാമൂഹിക കമീഷന്‍ തലവന്‍ ഡോ. നാഗേഷ്‌കുമാര്‍.

വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, സുസ്ഥിര ഊര്‍ജം എന്നീ മേഖലകളില്‍ നിക്ഷേപം നടത്തിയാല്‍ മാത്രമേ സമ്പദ്ഘടനയുടെ ഉയര്‍ന്ന തോതിലുള്ള വളര്‍ച്ച വീണ്ടെടുക്കാന്‍ കഴിയൂ.

ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവ് ചുരുക്കുന്നത് തെറ്റായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ആഗോളസാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഐക്യരാഷ്ട്രസംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുകയായിരുന്നു നാഗേഷ്‌കുമാര്‍.

പലിശനിരക്ക് കുറയ്ക്കല്‍ പോലുള്ള പണപരമായ നയങ്ങളെ അമിതമായി ആശ്രയിച്ച് സാമ്പത്തിക വളര്‍ച്ച നേടാനാവില്ല. സമ്പദ്ഘടനയിലെ എല്ലാ മേഖലയിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം.

സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കണം. അതുവഴി കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കണം. ജനങ്ങളുടെയും നിക്ഷേപകരുടെയും കയ്യില്‍ കൂടുതല്‍ പണം എത്തിക്കണം.

ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരുള്ള രാജ്യമാണ് ഇന്ത്യ. യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തണം. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ കുറവുകള്‍ നികത്തണം.

ഓഹരിവിപണി കുതിക്കുകയും ഉല്‍പാദനമേഖലകള്‍ തളരുകയും ചെയ്യുന്നത് ആരോഗ്യകരമല്ല. അടിസ്ഥാന ഉല്‍പാദനമേഖലകളില്‍ വളര്‍ച്ച ഉണ്ടായാലേ ഓഹരിവിപണിയിലെ മുന്നേറ്റത്തിനു അര്‍ഥമുള്ളു. വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ കടന്നുവരവിനെ അധികം വിശ്വസിക്കാനാവില്ല. എപ്പോള്‍ വേണമെങ്കിലും അതു തിരിച്ചുപോകാം.

ആഗോളമാന്ദ്യവും വായ്പവിതരണമേഖലയിലെ പ്രതിസന്ധിയും ചേര്‍ന്നാണ് രാജ്യത്തിന്റെ സമ്പദ്ഘടനയെ തളര്‍ത്തിയത്. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി ഇന്ത്യന്‍ സമ്പദ്ഘടന ആഗോളസമ്പദ്ഘടനയുമായി ഇഴുകിച്ചേര്‍ന്നു.

ആഗോളതലത്തിലെ ഏതു സംഭവവികാസങ്ങളും ഇന്ത്യയെയും ബാധിക്കും. 2020ല്‍ ആഗോളസമ്പദ്ഘടനയുടെ വളര്‍ച്ച 1.5 ശതമാനം മാത്രമായിരിക്കും.

അഞ്ചില്‍ ഒന്ന് വീതം രാജ്യത്ത് സമ്പദ്ഘടനയുടെ വളര്‍ച്ച മുരടിപ്പിലാണ്. വ്യാപാരസംഘര്‍ഷങ്ങള്‍ കാരണം 2019ല്‍ ആഗോളവ്യാപാര വളര്‍ച്ച 0.3 ശതമാനമായി ചുരുങ്ങി.

കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളും വളര്‍ച്ചയെ ബാധിക്കുന്നു.

രാജ്യാന്തരസംഘര്‍ഷങ്ങള്‍ ലഘൂകരിക്കുകയും വ്യാപാരതര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്താല്‍ 2020ല്‍ വളര്‍ച്ചനിരക്ക് മെച്ചപ്പെടും. എന്നാല്‍ അമേരിക്ക–ഇറാന്‍ സംഘര്‍ഷവും അമേരിക്ക–യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍–ദക്ഷിണ കൊറിയ തര്‍ക്കങ്ങളും ആശങ്ക വളര്‍ത്തുന്നു–നാഗേഷ് കുമാര്‍ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടന ദേശീയ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രാജീവ് ചന്ദ്രനും പങ്കെടുത്തു.

വളര്‍ച്ചയില്‍ ബംഗ്ലാദേശ് മുന്നില്‍

സാമ്പത്തിക, സാമൂഹിക മേഖലകളിലെ വളര്‍ച്ചയില്‍ അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ബംഗ്ലാദേശ് മികച്ച നേട്ടം കൈവരിച്ചതായി ഐക്യരാഷ്ട്ര സംഘടന റിപ്പോര്‍ട്ട്.

2019ല്‍ ഇന്ത്യയുടെ വളര്‍ച്ച 5.7 ശതമാനമായി ഇടിഞ്ഞപ്പോള്‍ ബംഗ്ലാദേശ് 8.1 ശതമാനം വളര്‍ച്ച കൈവരിച്ചു. പാകിസ്ഥാന്റെ വളര്‍ച്ച 3.3 ശതമാനം മാത്രമായിരുന്നു.

ദാരിദ്ര്യനിര്‍മാര്‍ജനം, മാതൃമരണനിരക്ക് കുറയ്ക്കല്‍, വിദ്യാഭ്യാസം, മാനവവിഭവശേഷി വികസനം എന്നീ മേഖലകളിലും ബംഗ്ലാദേശ് മെച്ചപ്പെട്ട വളര്‍ച്ച നേടിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News