പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍

പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ വന്ന് മത പീഡനത്തിന് ഇരയായി എത്തുന്ന മുസ്ലീം സമുമായത്തിനും പൗരത്വം നല്‍കണമെന്ന് തസ്ലീമ നസ്രിന്‍ പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന പൗരത്വ പ്രക്ഷോഭങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും തസ്ലീമ അഭിപ്രായപ്പെട്ടു.

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലാണ് പൗരത്വം സംബന്ധിച്ച നിലപാട് പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍ വ്യക്തമാക്കിയത്.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മത പീഡനത്തിന് ഇരയാവുന്നവര്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് തസ്ലീമ പറഞ്ഞു. എന്നാല്‍ ഇരകളായി എത്തുന്ന മുസ്ലീം സമുമായത്തിനും പൗരത്വം നല്‍കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് തസ്ലീമ നസ്രിന്‍ പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്ന പൗരത്വ പ്രക്ഷോഭം സ്വാഗതാര്‍ഹമാണെന്നും തസ്ലീമ അഭിപ്രായപ്പെട്ടു. ഇതില്‍ ഇസ്ലാംമത മൗലിക വാദികള്‍ കടന്നു വരുന്നത് അപകടം ചെയ്യും. ഭൂരിപക്ഷ ന്യൂനപക്ഷ മതമൗലികവാദം പുരോഗമന സമൂഹത്തിന് ഗുണകരമല്ലെന്നും തസ്ലീമ നസ്രിന്‍ പറഞ്ഞു.

ഇന്ത്യയാണ് തനിക്ക് അഭയം നല്‍കിയത്. മരണം വരെ ഇവിടെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി തസ്ലീമ പറഞ്ഞു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച തസ്ലീമയുടെ പുസ്തകം ‘പവിഴമല്ലികള്‍ പൂക്കുമ്പോള്‍’ വേദിയില്‍ പ്രകാശനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here