പൗരത്വ ഭേദഗതിക്കെതിരായ പോരാട്ടം രാജ്യതാല്‍പ്പര്യം മാത്രം; ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലെ നിര്‍ണായക ഘട്ടം: യെച്ചൂരി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തില്‍ രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി എല്ലാ രാഷ്ട്രീയകക്ഷികളും ഒന്നിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രദേശിക രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാറ്റിവെയ്ക്കണം. വിവിധ കക്ഷികള്‍ സഹകരിക്കുന്നത് രാഷ്ട്രീയ മുന്നണിയാകാനോ തെരഞ്ഞെടുപ്പ് സഖ്യത്തിനോ അല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലെ നിര്‍ണായക ഘട്ടമാണിത്. രാഷ്ട്രീയ ഭിന്നതകളുള്ളപ്പോഴും ദേശീയതലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവുമടക്കം ഒരുമിച്ചുനില്‍ക്കുകയാണ്. കേരളത്തില്‍ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന കോണ്‍ഗ്രസ് നിലപാട് എന്തുകൊണ്ടാണെന്ന് അവരോടാണ് ചോദിക്കേണ്ടത്.

ഇന്ത്യയുടെ അവസ്ഥ കണ്‍തുറന്ന് കാണണം. ഭരണഘടനയെയും റിപ്പബ്ലിക്കിനെയും സംരക്ഷിക്കാന്‍ വലിയ പോരാട്ടം നടക്കുകയാണ്. തെരഞ്ഞെടുപ്പ് നേട്ടത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സങ്കുചിതരാഷ്ട്രീയം മാറ്റിവയ്ക്കേണ്ട സമയമാണിത്.

ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ജനാധിപത്യകക്ഷികളും പ്രസ്ഥാനങ്ങളും ചേര്‍ന്ന് ജനുവരിയില്‍ മൂന്ന് ദിനാചരണങ്ങള്‍ സംഘടിപ്പിക്കുന്നത്. 23ന് നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനവും 26ന് റിപ്പബ്ലിക് ദിനവും 30ന് ഗാന്ധിജിയുടെ രക്തസാക്ഷിദിനവും വിപുലമായി ആചരിക്കും.

ഇത് ഏതെങ്കിലുമൊരു പാര്‍ടിയുടെ ആഹ്വാനമല്ല. ആരും ആരെയും ക്ഷണിക്കുന്നതുമല്ല. ഭരണഘടന നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മറ്റ് വിയോജിപ്പുകള്‍ മാറ്റിവച്ച് ഒത്തുചേരാം. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന ആര്‍ക്കും ഈ പരിപാടികളില്‍ പങ്കെടുക്കാം.

രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. ജാമിയ മിലിയ ക്യാമ്പസില്‍ വിസിയുടെ അനുവാദമില്ലാതെയാണ് പൊലീസ് കയറിയത്. ജെഎന്‍യുവില്‍ പൊലീസിന്റെ പിന്തുണയോടെയായിരുന്നു അതിക്രമം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അതിക്രങ്ങളുണ്ടായത്. ഉത്തര്‍പ്രദേശില്‍ 21 ഉം അസമില്‍ അഞ്ചും കര്‍ണാടകത്തില്‍ രണ്ടും പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. പൊലീസ് പൊതുമുതല്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍, ഇതിന്റെ പേരില്‍ കേസെടുക്കുന്നത് ഇരകളായ പ്രക്ഷോഭകര്‍ക്കെതിരെയാണ്.

സൈനികമേധാവി രാഷ്ട്രീയകാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ഭരണനേതൃത്വത്തിന്റെ ബലഹീനതയാണ് വ്യക്തമാക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News