പെരിങ്ങള്ളൂര്‍ പാലം നാടിന് സമര്‍പ്പിച്ചു; കേരളത്തില്‍ നടപ്പാക്കുന്നത് വിവേചനരഹിത വികസനമെന്ന് – മന്ത്രി ജി. സുധാകരന്‍

എല്ലാ വിഭാഗങ്ങളെയും ഒന്നായി കണ്ട് വിവേചനരഹിത വികസനമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ചടയമംഗലം-പുനലൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പെരുങ്ങള്ളൂര്‍ പാലം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 570 പാലങ്ങളാണ് നിര്‍മിക്കുന്നത്. അവയില്‍ ഏറെയും പൂര്‍ത്തിയായി. മറ്റൊരു സംസ്ഥാനത്തും ഈ തോതില്‍ പാലങ്ങള്‍ ഉണ്ടാകുന്നില്ല.

കോടതി, ആശുപത്രി, സ്‌കൂള്‍, ഓഫീസുകള്‍ തുടങ്ങിയവയ്ക്കായി 4000 കെട്ടിടങ്ങള്‍ പണിയുന്നു. 5000 റോഡുകളും ഇക്കാലയളവില്‍ നിര്‍മിച്ചു. 98 ശതമാനവും കേടുപാടില്ലാത്ത റോഡുകളാണുള്ളത്. അറ്റകുറ്റപണി നടത്തി ശേഷിക്കുന്നവയും നന്നാക്കുകയാണ്. റോഡ് സേഫ്റ്റി കോറിഡോര്‍ നിര്‍മിച്ചു സുഗമമായ ഗതാഗതത്തിന് സൗകര്യം ഒരുക്കുകയുമാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിര്‍മാണമാണ് പൊതുമരാമത്തു വകുപ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.കിഫ്ബി ഫണ്ട് ഉപയോഗിച്ച് മികവുറ്റ റോഡുകളാണ് നാട്ടിലുടനീളം നിര്‍മിക്കുന്നതെന്ന് അധ്യക്ഷനായ വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ഭാവിയില്‍ വെള്ളപ്പൊക്കം ഉണ്ടായാലും തകരാത്ത വിധമുള്ള ഉയരം കൂടിയ റോഡുകള്‍ ഉറപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുല്ലക്കര രത്നാകരന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. ബ്രിഡ്ജസ് ചീഫ് എഞ്ചിനീയര്‍ എസ്. മനോമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, ബിഷപ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് തിരുമേനി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. വി രവീന്ദ്രനാഥ്, ജി. ദിനേഷ് കുമാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജി. ഉണ്ണികൃഷ്ണന്‍ നായര്‍ നന്ദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News