ചെന്നിത്തലയ്‌ക്കെതിരായ എട്ടാംകൂലി പ്രയോഗം ടിപി സെന്‍കുമാറിനെ തിരിഞ്ഞുകൊത്തുന്നു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള പ്രസ്താവന മുൻ ഡിജിപി ടി.പി സെൻകുമാറിനെ തിരിഞ്ഞുകൊത്തുന്നു. ചെന്നിത്തലയ്ക്കെതിരെ ഏ‍ഴാം കൂലിയെ ഇറക്കിയിട്ടുള്ളുവെന്നും വേണ്ടിവന്നാൽ എട്ടാംകൂലിയെ ഇറക്കി വെട്ടുമെന്നുമായിരുന്നു സെൻകുമാറിന്‍റെ പരാമർശം.

എന്നാൽ ഐ.പി.സി 202 പ്രകാരം ഒരാളുടെ കുറ്റകൃത്യത്തെ കുറിച്ച് അറിയാമായിരുന്നിട്ടും ആ തെ‍ളിവുകൾ നിയമത്തിന് കൈമാറാതിരിക്കുന്നത് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുൻ ഡിജിപി ടി.പി സെൻകുമാർ മുന്നറിയിപ്പ് നൽകിയത്.

ആഭ്യന്തരമന്ത്രിയായിരുന്നപ്പോ‍ൾ രമേശ് ചെന്നിത്തല നടത്തിയ കുറ്റകൃത്യത്തെ കുറിച്ച് തന്‍റെ പക്കൽ തെളിവുണ്ടെന്നായിരുന്നു സെൻകുമാർ പറയാതെ പറഞ്ഞത്.

ഇതാണ് ഇപ്പോൾ മുൻ ഡിജിപിയെ തിരിഞ്ഞുകൊത്തുന്നത്. ഇന്ത്യൻ പീനൽ കോഡിന്‍റെ സെക്ഷൻ 202 പ്രകാരം ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് അറിയുകയോ വിശ്വസിക്കുകയോ ചെയ്യുന്ന ഏതൊരാളും നിയമത്തിന് ആതിന്‍റെ തെളിവുകൾ നൽകാൻ ബാധ്യസ്ഥനാണ്.

എന്നാൽ ആ കുറ്റകൃത്യത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകാതെ മനപൂർവ്വം ഒഴിവാക്കുകയാണെങ്കിൽ, ആ വ്യക്തി ശിക്ഷിക്കപ്പെടുമെന്നാണ് ഐപിസി 202 വ്യവസ്ഥ ചെയ്യുന്നത്.

ആറുമാസം വരെ തടവോ, അല്ലെങ്കിൽ പി‍ഴയും തടവും രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. മുൻ ഡിജിപി കൂടിയായിരുന്ന, കുറ്റകൃത്യത്തെ കുറിച്ച് അറിയിക്കാൻ ബാധ്യസ്ഥനായ സെൻകുമാറിന് നിയമത്തിലെ ഇൗ വ്യവസ്ഥ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here