ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 36 റണ്‍സ് ജയം

ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 36 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 341 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 49.1 ഓവറില്‍ 304ന് പുറത്തായി. ജയത്തോടെ ഇരുവരും ഒപ്പത്തിനൊപ്പമായി.  ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന ഏകദിനത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ബാറ്റിംഗിലും ബോളിംഗിലും ഇന്ത്യ തിളങ്ങിയതോടെ ജയം അനായാസമായി . മറുപടി ബാറ്റിങ്ങില്‍ സ്റ്റീവ് സ്മിത്ത് (102 പന്തില്‍ 98), ലബുഷെയ്ന്‍ (47 പന്തില്‍ 46), ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ച് (48 പന്തില്‍ 33) എന്നിവര്‍ക്കു മാത്രമാണു കാര്യമായ ബാറ്റിങ് പ്രകടനം പുറത്തെടുക്കാനായത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും വാലറ്റത്തെ ഒന്നാകെ ചുരുട്ടിക്കെട്ടിയും ഇന്ത്യന്‍ ബോളര്‍മാര്‍ ഓസീസിനെ എറിഞ്ഞൊതുക്കി.

ഡേവിഡ് വാര്‍ണര്‍ (12 പന്തില്‍ 15), അലക്‌സ് കാരി (17 പന്തില്‍ 18), ആഷ്ടന്‍ ആഗര്‍ (25 പന്തില്‍ 25), ആഷ്ടന്‍ ടേണര്‍ (15 പന്തില്‍ 13), പാറ്റ് കമ്മിന്‍സ് (പൂജ്യം), മിചല്‍ സ്റ്റാര്‍ക് (ആറ്), ആദം സാംപ (ആറ്) എന്നിങ്ങനെയാണ് പുറത്തായ ഓസീസ് താരങ്ങളുടെ സ്‌കോറുകള്‍.

ഇന്ത്യയ്ക്കായി പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് കിട്ടി. മുഹമ്മദ് ഷമി മൂന്നും നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (90 പന്തില്‍ 96), ക്യാപ്റ്റന്‍ വിരാട് കോലി (76 പന്തില്‍ 78), കെ.എല്‍. രാഹുല്‍ (52 പന്തില്‍ 80) എന്നിവരുടെ അര്‍ധ സെഞ്ചുറി മികവിലാണ് ഇന്ത്യ വമ്പന്‍ സ്‌കോറിലെത്തിയത്.

രോഹിത് ശര്‍മ (42), ശ്രേയസ് അയ്യര്‍ (7), മനീഷ് പാണ്ഡെ (2) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. രവീന്ദ്ര ജഡേജ (20), മുഹമ്മദ് ഷാമി (1) എന്നിവര്‍ പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയയ്ക്കായി ആദം സാംപ മൂന്നും കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News