കേണിച്ചിറയില്‍ ആദിവാസി യുവാവ് മരണപ്പെട്ടസംഭവം; കൊലപാതകമെന്ന് ക്രൈം ബ്രാഞ്ച്

വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുന്‍പ് ആദിവാസി യുവാവ് മരണപ്പെട്ടസംഭവം കൊലപാതകമെന്ന് ക്രൈം ബ്രാഞ്ച്. കൂലിതര്‍ക്കത്തിനൊടുവില്‍ മണിയെന്നയാളെ പ്ലാന്റേഷന്‍ ഉടമയും മകനും കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ കേണിച്ചിറ സ്വദേശികളായ വി ഇ തങ്കപ്പന്‍ മകന്‍ സുരേഷ് എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. മണിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം.

4.4.2016 നാണ് ഇപ്പോള്‍ രണ്ട് പേരുടെ അറസ്റ്റിലേക്ക് നയിച്ച സംഭവമുണ്ടാവുന്നത്. കേണിച്ചിറയില്‍ മണിയെന്ന ആദിവാസിയുവാവിനെ അന്ന് പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തി. സമീപത്ത് ഫ്യൂരിഡാന്റെ കുപ്പിയുമുണ്ടായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ മര്‍ദ്ദനമേറ്റതുപോലെയുള്ള പാടുകളുണ്ടായിരുന്നു.

കേണിച്ചിറ പോലീസ് രണ്ട് വര്‍ഷം അന്വേഷിച്ചെങ്കിലും പുരോഗതിയുണ്ടാവാത്തതിനാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. രണ്ട് ദൃക്‌സാക്ഷിമൊഴികള്‍ നിര്‍ണ്ണായകമായി. സംഭവത്തെ കുറിച്ച് ക്രൈം ബ്രാഞ്ച് എസ് പി , എ ശ്രീനിവാസ് ഇങ്ങനെ പറയുന്നു.

കൃത്യം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ മാറിയാണ് പ്രതികള്‍ മൃതദേഹം കൊണ്ടിട്ടത്. ആത്മഹത്യയെന്ന് പ്രചരിപ്പിക്കാനും ഇവരുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികാവയവങ്ങളില്‍ വിഷാംശമില്ലെന്ന് കണ്ടെത്തിയെങ്കിലും ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്ന് തെറ്റിദ്ധരിച്ച കേസിലാണ് നിര്‍ണ്ണായകമായ അറസ്റ്റ് നടക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്താനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News