കല്ല്യാശ്ശേരി: പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുമ്പോഴാണ് യഥാര്‍ത്ഥ വികസനം സംഭവിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ സ്കൂളുകള്‍ മാത്രമല്ല, നാടൊന്നാകെ ഹൈടെക് ആവുകയാണ്. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ പുഞ്ചവയല്‍ കോളനിയില്‍ നടപ്പിലാക്കിയ അംബേദ്കര്‍ ഗ്രാമം പദ്ധതി കഴിഞ്ഞ ദിവസമാണ് മന്ത്രി എ കെ ബാലന്‍ നാടിന് സമര്‍പ്പിച്ചത്.
പട്ടികജാതി വിഭാഗക്കാരുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമം.
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ എങ്ങനെ ഒരു പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാം എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് പുഞ്ചവയല്‍ കോളനിയില്‍ നടപ്പിലാക്കിയ അംബേദ്കര്‍ ഗ്രാമം പദ്ധതി.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മന്ത്രി എ കെ ബാലന്‍റെ ഇടപെടലിലൂടെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ചേർത്ത് പട്ടികജാതി കോളനികളിൽ ഹൈടെക് വികസനമാണ് നടപ്പിലാക്കുന്നത്.
കോളനി സമഗ്ര വികസനം നേരത്തെയുണ്ടെങ്കിലും ഇപ്പോഴാണ് അതിന്റെ നടത്തിപ്പ് കാര്യക്ഷമമായത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിലേത്.
സ്ഥലം എംഎല്‍എ ടി വി രാജേഷിന്‍റെ നേതൃത്വവും പഞ്ചായത്ത് ജനപ്രതിനിധികള്‍, പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും കോളനി നിവാസികളുടെയും സഹകരണവും ഒത്തുചേര്‍ന്ന് മികച്ചൊരു വികസന മാതൃക തന്നെ പുഞ്ചവയല്‍ കോളനിയില്‍ സാധ്യമായി. കണ്ണൂര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് ഇവിടെ പ്രവൃത്തി നടത്തിയത്.
പദ്ധതിയുടെ ഭാഗമായി ഒരുക്കിയ സാംസ്‌കാരിക കേന്ദ്രവും കോണ്‍ഫറന്‍സ് ഹാളും ഒരു ത്രീ സ്റ്റാര്‍ ഹോട്ടലിനെ വെല്ലുന്നതാണ്.
കോളനിയിലെ കുടുംബങ്ങളുടെ സ്വയം പര്യാപ്തതയ്ക്കായി ഏറ്റവും മികച്ച തൊഴില്‍ പരിശീലന കേന്ദ്രമാണ് ഒരുക്കിയിട്ടുള്ളത്.
വിജ്ഞാന്‍വാടി വിപുലീകരണം, നടപ്പാത, കോണ്‍ക്രീറ്റ് പാലം എന്നിവയെല്ലാം വെറുതെയെങ്കിലും ഒന്ന് പോയി കണ്ടുവരാന്‍ കൊതി തോന്നും.
ജനാധിപത്യക്രമത്തില്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന നിലയിലുള്ള ഇത്തരം വികസന പ്രവര്‍ത്തനങ്ങളാണ് നാടിന്‍റെ മുഖഛായ മാറ്റുന്നത്.
ഉദ്ഘാടന ശേഷം മന്ത്രി എ കെ ബാലന്‍ പറഞ്ഞത് ഇത് സംസ്ഥാനത്ത് തന്നെ മാതൃകയായ പദ്ധതി പ്രവര്‍ത്തനമെന്നാണ്.
എങ്ങനെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഒരു പദ്ധതി സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കുന്നത് എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കോളനി നവീകരണം.

Get real time update about this post categories directly on your device, subscribe now.