
തദ്ദേശ വാര്‍ഡ് വിഭജനത്തില്‍ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ. തദ്ദേശ വകുപ്പ്, കരട് ബില്ല് തയ്യാറാക്കി നിയമവകുപ്പിന് കൈമാറി. അധിക സാമ്പത്തിക ബാധ്യത ഇല്ലാത്തതിനാല്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്നാണ് വിലയിരുത്തല്‍. ബില്‍ തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. തുടര്‍ന്ന് സഭാസമ്മേളനത്തില്‍ അവതരിപ്പിച്ച് നിയമമാക്കുകയാണ് ലക്ഷ്യം.
തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്ത സാഹചര്യത്തിലാണ് ബില്ലുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2011 സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ഡുകളുടെ ക്രമീകരണത്തിനായാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തില്‍ ഈ മാസം 30ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തില്‍ വാര്‍ഡ് വിഭജനം നിയമമാക്കിയില്ലെങ്കില്‍ സര്‍ക്കാരിന് പ്രതിസന്ധിയാകും.
ഈ സാഹചര്യത്തിലാണ് തദ്ദേശ വകുപ്പ് ബില്ലിന്റെ കരട് തയ്യാറാക്കിയത്. കരട് നിയമവകുപ്പിന് കൈമാറി. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കരട് ബില്‍ പരിഗണിക്കും. മന്ത്രിസഭ അംഗീകരിക്കുന്ന ബില്‍ സഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് നിയമമാക്കും. അധിക സാമ്പത്തിക ബാധ്യത ഇല്ലാത്തതിനാല്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമേപദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here