പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും ശക്തമായി പ്രതിഷേധിച്ചത് കേരള മുഖ്യമന്ത്രി : കനിമൊഴി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഏറ്റവും ശക്തമായി പ്രതിഷേധിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കനിമൊഴി എംപി. ഇത്ര ശക്തമായി മറ്റാരും പ്രതികരിച്ചിട്ടില്ലെന്നും മുസ്ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ നടത്തിയ വനിതാസംഗമം ഉദ്ഘാടനം ചെയ്ത് അവര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആറുപേര്‍ പ്രതിഷേധിച്ചപ്പോള്‍ 60 പൊലീസുകാരാണ് അറസ്റ്റ് ചെയ്യാനെത്തിയത്. കേരളത്തില്‍ എവിടെയും പ്രതിഷേധിക്കാന്‍ കഴിയുന്നത് ഇവിടത്തെ സര്‍ക്കാരിന് ചങ്കുറപ്പുള്ളതുകൊണ്ടാണ്. മതേതര ഇന്ത്യയില്‍ ജീവിക്കാന്‍ പ്രയാസമുള്ളവരാണ് രാജ്യം വിട്ടുപോകേണ്ടത്. ബഹുസ്വരതയാണ് രാജ്യത്തിന്റെ ശക്തി. ടിവിക്കു മുന്നിലിരുന്ന് അഭിപ്രായം പറയാതെ മൗനം വെടിഞ്ഞ് സ്ത്രീകളടക്കമുള്ളവര്‍ തെരുവിലേക്കിറങ്ങണം.

തിരക്കിട്ട് പൗരത്വ ഭേദഗതിനിയമം എന്തിന് കൊണ്ടുവന്നുവെന്ന് ബിജെപി വ്യക്തമാക്കണം. രാത്രി 10.30നാണ് ലോക്സഭ നിയമം പാസാക്കിയത്. പിറ്റേ ദിവസം രാജ്യസഭയിലും പാസാക്കി. എഐഎഡിഎംകെ എതിര്‍ത്ത് വോട്ടു ചെയ്തിരുന്നെങ്കില്‍ ബില്‍ പരാജയപ്പെട്ടേനെ. തമിഴ്‌നാട്ടിലെ മന്ത്രിസഭ ബിജെപിയുടെ നിഴല്‍മന്ത്രിസഭ മാത്രമാണ്. പ്രതിഷേധിക്കാന്‍പോലും അവിടെ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല.

രണ്ടാം മോഡി സര്‍ക്കാര്‍ വന്നതുമുതല്‍ ഒരുവിഭാഗത്തിനെതിരായാണ് നിയമനിര്‍മാണങ്ങള്‍. കശ്മീരിനെ അമിത്ഷാ രണ്ടാക്കി. സംഘപരിവാര്‍ രാജ്യത്തെങ്ങും കാവിവല്‍ക്കരണം നടത്തുന്നു. വേണ്ടിവന്നാല്‍ ഗാന്ധിജിയെപ്പോലും അവര്‍ കാവി പുതപ്പിക്കും. മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തുന്നതും അധികം താമസിയാതെ കാണേണ്ടിവരുമെന്നും കനിമൊഴി പറഞ്ഞു. എംഇഎസ് പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ അധ്യക്ഷനായി. വീണാ ജോര്‍ജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ലാലി വിന്‍സന്റ്, ഗീതാ ബാബു തുടങ്ങിയവര്‍ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News