എവിടെയാണ് കശ്മീരില്‍ തയ്യാറാക്കിയ ക്യാമ്പുകള്‍, കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കണം: തരിഗാമി

തിരുവനന്തപുരം: കശ്മീരില്‍ തീവ്രവാദികളെന്ന് സംശയിക്കുന്നവരെ പാര്‍പ്പിക്കാന്‍ പ്രത്യേക ക്യാമ്പുകളുണ്ടെന്ന സൈനികമേധാവിയുടെ വെളിപ്പെടുത്തലിനോട് കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി.

എവിടെയാണ് ഇത്തരം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തീവ്രാവാദം ഏതെങ്കിലും ഒരു മതവുമായോ പ്രദേശവുമായോ മാത്രം ബന്ധപ്പെടുത്തുന്നത് ശരിയല്ല. എല്ലാ മതങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തരിഗാമി.

കശ്മീരില്‍ നിരവധി ജയിലുകളും ക്യാമ്പുകളും പൊലീസ് സ്റ്റേഷനുകളുമുണ്ട്. പിന്നെന്തിനാണ് ഇത്തരം ക്യാമ്പുകള്‍. ഇത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. എവിടെയാണ് 400 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കണം.

ഓഗസ്റ്റ് അഞ്ചിന് തികച്ചും ഏകപക്ഷീയമായി കശ്മീരിനെതിരെ കേന്ദ്രം സ്വീകരിച്ച നടപടി വ്യാപകമായ നൈരാശ്യം പടര്‍ത്തിയിട്ടുണ്ട്. വിശ്വാസം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കു പകരം ചെറിയ കുട്ടികളെ ഇത്തരം ക്യാമ്പുകളിലേക്ക് പിടിച്ചുകൊണ്ടുപോകുന്ന രീതി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. കശ്മീരില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് രാഷ്ട്രീയപരിഹാരമാണ് വേണ്ടതെന്നും ഇത്തരം ക്യാമ്പുകളല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതല്ലെന്നും കേന്ദ്രം നിയോഗിക്കുന്നതാണന്നും കേരള ഗവര്‍ണറുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തോട് തരിഗാമി പ്രതികരിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാഷ്ട്രപതിയിമെല്ലാം ചേര്‍ന്ന് ഒറ്റ രാത്രികൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കുന്ന സ്ഥിതിയാണ്. ഗവര്‍ണര്‍മാര്‍ അതിന്റെ ഭാഗമാകാമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News