എൻഎസ്‌എ; കാരണം കാണിക്കാതെ ആരെയും അറസ്റ്റ് ചെയ്യാം; ജാമ്യം നല്‍കാതെ തുറങ്കിലിടാം; ദില്ലി പൊലീസിന് അമിതാധികാരം നൽകി കേന്ദ്രം

ജനകീയ സമരങ്ങളെ അടിച്ചൊതുക്കാന്‍ രാജ്യതലസ്ഥാനത്ത് പൊലീസിന് അമിതാധികാരം നൽകി കേന്ദ്രം. കാരണം കാണിക്കാതെ ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാനും ജാമ്യം നല്‍കാതെ ജയിലിലടയ്ക്കാനും മൗലികാവകാശം ഹനിക്കാനുമുള്ള പ്രത്യേക അധികാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലോടെ ഡൽഹി പൊലീസിന്‌ കൈവന്നത്.

രാജ്യ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന അടിയന്തരഘട്ടങ്ങളില്‍ മാത്രം പ്രയോ​ഗിക്കുന്ന കുപ്രസിദ്ധമായ ദേശീയ സുരക്ഷാനിയമ (എൻഎസ്‌എ) പ്രകാരമുള്ള അധികാരമാണിത്. ഞായറാഴ്‌ചമുതൽ ഏപ്രിൽ 18 വരെ ഡൽഹി പൊലീസ്‌ കമീഷണർക്ക്‌ എൻഎസ്‌എ അധികാരം നൽകുന്ന ഉത്തരവ് ലെഫ്‌. ഗവർണർ അനിൽ ബെയ്‌ജാൾ പുറത്തിറക്കി.

പൗരത്വ നിയമ ഭേദ​ഗതിയിലെ ജനകീയ പ്രക്ഷോഭവും ജെഎൻയു, ജാമിയ സർവകലാശാലകളിലെ വിദ്യാര്‍ഥി പ്രക്ഷോഭവും ശക്തമായി തുടരുമ്പോഴാണ് കേന്ദ്രനീക്കം. ഉത്തരവ്‌ സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന്‌ ഡൽഹി പൊലീസ്അവകാശപ്പെട്ടു.

എൻഎസ്‌എ പ്രകാരം അറസ്‌റ്റിലാകുന്ന വ്യക്തിയെ കുറ്റപത്രമോ വിചാരണയോ കൂടാതെ 12 മാസംവരെ ജയിലിലിടാം. തടവിലായവര്‍ക്ക് ഹൈക്കോടതി ഉപദേശകസമിതി മുമ്പാകെ മാത്രമേ അപ്പീൽ നൽകാനാകൂ. സ്വന്തമായി അഭിഭാഷകനെ അനുവദിക്കില്ല. അറസ്റ്റ് എന്തിനെന്ന് 10 ദിവസംവരെ വെളിപ്പെടുത്തേണ്ടതില്ല.

സാധാരണ നിയമപ്രകാരം അറസ്‌റ്റ് എന്തിനെന്ത് വ്യക്തിയെ നിർബന്ധമായും അറിയിക്കണമെന്നും 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്‌. നിയമസഹായവും ജാമ്യത്തിനുള്ള നടപടിയും നിഷേധിക്കരുത്‌. എന്നാല്‍, ഇത്തരം അവകാശങ്ങൾ എൻഎസ്‌എ പ്രകാരം അറസ്‌റ്റിലാകുന്നവർക്ക്‌ ലഭിക്കില്ല.

ഇന്ദിര ഗാന്ധി സർക്കാർ 1980 സെപ്‌തംബർ 23നാണ്‌ വിവാദമായ ദേശീയ സുരക്ഷാനിയമം കൊണ്ടുവന്നത്‌. രാജ്യസുരക്ഷ, പ്രതിരോധം, വിദേശരാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയെ ബാധിക്കുന്നതരത്തില്‍ ഇടപെടുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാനെന്ന പേരിലായിരുന്നു നിയമം. രാജ്യത്ത്‌ ഏറെക്കാലമായി തങ്ങുന്ന വിദേശിയെ പുറത്താക്കാനും എൻഎസ്‌എ ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News