കേരളം സാമുദായിക മൈത്രിക്ക്‌ പേരുകേട്ട നാട്; മാനുഷികമൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളണമെന്ന പ്രതിബദ്ധതയാണ്‌ കേരളത്തിന്റെ ഊര്‍ജം; മുഖ്യമന്ത്രി

മാനുഷികമൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളണമെന്ന പ്രതിബദ്ധതയാണ്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ കേരളത്തെ പ്രേരിപ്പിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ എക്‌സ്‌പ്രസിൽ പ്രസിദ്ധീകരിച്ച ദീർഘലേഖനത്തിലാണ്‌ മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമം, പൗരത്വരജിസ്‌റ്റർ, ജനസംഖ്യാ രജിസ്‌റ്റർ വിഷയങ്ങളിൽ കേരളത്തിന്റെ നിലപാട്‌ വ്യക്തമാക്കിയത്‌.

‘‘കേരളം സാമുദായിക മൈത്രിക്ക്‌ പേരുകേട്ട നാടാണ്‌. മതത്തിന്റെയോ ജന്മദേശത്തിന്റെയോ പേരിൽ ആർക്കുനേരെയും വിവേചനം കാട്ടുന്ന ശീലം കേരളത്തിനില്ല. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്നതുകൊണ്ടാണ്‌ കേരളത്തിന്‌ വലിയ വികസനനേട്ടങ്ങൾ സ്വന്തമാക്കാനായത്‌. ശാസ്‌ത്രീയമനോഭാവം ഉയർത്തിപ്പിടിച്ച്‌ ശാസ്‌ത്ര, സാങ്കേതിക ഇടപെടലുകളിലൂടെ പുരോഗതി കൈവരിക്കാനാണ്‌ കേരളം എന്നും പ്രയത്നിച്ചിട്ടുള്ളത്‌.

അനീതിയെ ശക്തമായി പ്രതിരോധിക്കുകയും എല്ലായിപ്പോഴും സഹായഹസ്‌തം നീട്ടുകയും ചെയ്യുന്നത്‌ കേരളത്തിന്റെ സ്വഭാവമാണ്‌. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമനപോരാട്ടങ്ങളും അവകാശങ്ങൾക്കായി നിവർന്നുനിൽക്കാനാണ്‌ കേരളത്തെ പഠിപ്പിച്ചിട്ടുള്ളത്‌. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ്‌ റിപ്പബ്ലിക് ദിനത്തിൽ കേരളം മനുഷ്യച്ചങ്ങല തീർക്കുന്നത്‌’’–- മുഖ്യമന്ത്രി പറഞ്ഞു.

വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തെ മുഖ്യമന്ത്രി ലേഖനത്തിൽ രൂക്ഷമായി വിമർശിച്ചു. ‘‘പൗരത്വ ഭേദഗതി നിയമത്തിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തമായ വിവേചനമുണ്ട്‌. ഇന്ത്യൻ പൗരൻമാരാകാൻ ആഗ്രഹിക്കുന്നവരെ മതത്തിന്റെ അടിസ്ഥാനത്തിൽമാത്രം അംഗീകരിക്കാനോ ഒഴിവാക്കാനോ ഭരണഘടനയിൽ വ്യവസ്ഥയില്ല.

പൗരത്വം നൽകാൻ മതത്തെ മാനദണ്ഡമാക്കുകയാണ്‌ പൗരത്വ ഭേദഗതി നിയമം. ഇന്ത്യൻ അതിർത്തിക്കുള്ളിൽ ഏതൊരാൾക്കും തുല്യത ഉറപ്പുനൽകുന്നതാണ്‌ ഭരണഘടനയുടെ 14–-ാം അനുച്ഛേദം. ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന ഈ ഉറപ്പ്‌ നിഷേധിക്കുന്നതാണ്‌ പൗരത്വ ഭേദഗതി നിയമം.

എൻആർസിക്ക്‌ എതിരെയും കേരളം ശക്തമായ നിലപാട്‌ സ്വീകരിച്ചിട്ടുണ്ട്‌. പൗരത്വ ഭേദഗതി നിയമം, -എൻആർസി എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ഒരിടത്തും തടങ്കൽപ്പാളയങ്ങൾ തുറക്കില്ലെന്ന്‌ സംശയരഹിതമായി കേരളം പ്രഖ്യാപിച്ചിട്ടുണ്ട്‌.

ദേശീയ ജനസംഖ്യാരജിസ്‌റ്ററുമായി (എൻപിആർ) ബന്ധപ്പെട്ട എല്ലാ നടപടികളും കേരളം മരവിപ്പിച്ചിട്ടുണ്ട്‌. കേരളത്തിൽ ആരും ഭയത്തിൽ കഴിയേണ്ട സാഹചര്യമുണ്ടാകില്ല. കേരളം സ്വീകരിച്ച കർശനനിലപാട്‌ മറ്റ്‌ സംസ്ഥാനങ്ങളും ഏറ്റെടുക്കുന്നുണ്ടെന്നും – മുഖ്യമന്ത്രി ലേഖനത്തിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News